- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
സൈനിക പിന്മാറ്റത്തെ തുടർന്ന് ഗാൽവനിലും പാംഗോങ്ങിലും സ്ഥിതിഗതികൾ മെച്ചപ്പെട്ടു; നയതന്ത്ര ബന്ധത്തിൽ വിള്ളൽ വീണതോടെ പ്രശ്നപരിഹാരത്തിന് ചൈന; ഇരു രാജ്യങ്ങൾക്കും സ്വീകാര്യമായ ഒത്തുതീർപ്പിന് തയ്യാർ; ചൈനയും ഇന്ത്യയും പരസ്പരം ഭീഷണിയുയർത്തുന്നില്ലെന്നും വികസനത്തിനായി പരസ്പരം അവസരമൊരുക്കുന്നുണ്ടെന്നും സ്റ്റേറ്റ് കൗൺസിലർ
ബെയ്ജിങ്ങ്: ഇന്ത്യ ചൈന വിഷയത്തിൽ നിലപാട് മയപ്പെടുത്തി ചൈന. ഇരുരാജ്യങ്ങൾക്കും സ്വീകാര്യമായ ഒത്തുതീർപ്പിന് തയ്യാറാണെന്ന് ചൈന അറിയിച്ചു.ലഡാക്കിൽ ദീർഘകാലമായി നില നിൽക്കുന്ന സംഘർഷാവസ്ഥ ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്രബന്ധത്തെ പ്രതികൂലമായി ബാധിച്ചിരിക്കുകയാണെന്ന ഇന്ത്യയുടെ പ്രതികരണത്തെ തുടർന്നാണ് പ്രശ്നപരിഹാരത്തിന് ചൈന സന്നദ്ധത പ്രകടിപ്പിച്ചത്. അടിയന്തര പ്രധാന്യമുള്ള വിഷയങ്ങളിൽ കൂടിയാലോചനയിലൂടെയും മധ്യസ്ഥചർച്ചയിലൂടെയും ഇരു രാജ്യങ്ങൾക്കും സ്വീകാര്യമായ രീതിയിൽ ഒത്തുതീർപ്പിന് തയ്യാറാണെന്ന് ചൈന വ്യക്തമാക്കി.
ഗാൽവനിലും പാംഗോങ്ങിലും സൈനിക പിന്മാറ്റത്തെ തുടർന്ന് സ്ഥിതിഗതികൾ കുറച്ച് മെച്ചപ്പെട്ടിട്ടുണ്ടെന്ന് ഇരു രാജ്യങ്ങളിലേയും വിദേശകാര്യത്തലവന്മാർ ബുധനാഴ്ച നടത്തിയ ഒരു മണിക്കൂറോളം നീണ്ട കൂടിക്കാഴ്ചയ്ക്ക് പിന്നാലെ ചൈനയുടെ വിദേശകാര്യ മന്ത്രാലയം പ്രസ്താവിച്ചു. എങ്കിലും ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ഇപ്പോഴും ദുർബലമായ നിലയിലാണെന്ന് സ്റ്റേറ്റ്കൗൺസിലർ വാങ് യി അഭിപ്രായപ്പെട്ടു. ഇരു കൂട്ടർക്കും സ്വീകാര്യമായ തരത്തിൽ ഉഭയകക്ഷി ചർച്ചയിലൂടെ പ്രശ്നത്തിന് ശാശ്വതമായ പരിഹാരം കണ്ടെത്താൻ ചൈന തയ്യാറാണെന്നും വാങ് യി വ്യക്തമാക്കി.
ചൈനയും ഇന്ത്യയും പരസ്പരം ഭീഷണിയുയർത്തുന്നില്ലെന്നും വികസനത്തിനായി പരസ്പരം അവസരമൊരുക്കുന്നുണ്ടെന്നും വാങ് യി പറഞ്ഞു. ഇരു രാജ്യങ്ങളും പങ്കാളികളാണെന്നും മറിച്ച് പ്രതിയോഗികളോ ശത്രുക്കളോ അല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പരസ്പര സഹകരണവും സഹായവുമാണ് ഇരു രാജ്യങ്ങളും ആഗ്രഹിക്കുന്നതെന്നും ആരോഗ്യപരമായ മത്സരത്തിലൂടെ വികസനം നേടുന്നതാണ് ഇരു രാജ്യങ്ങളും ലക്ഷ്യമാക്കുന്നതെന്നും വാങ് യി പറഞ്ഞു. നേരിട്ടുള്ള ഏറ്റുമുട്ടലിൽ ഇരുരാജ്യങ്ങൾക്കും താത്പര്യമില്ലെന്നും വാങ് യി വ്യക്തമാക്കി.
നിയന്ത്രണരേഖയെ സംബന്ധിച്ച് നിലനിൽക്കുന്ന തർക്കത്തിൽ നിലവിൽ മുന്നോട്ടു വെക്കുന്ന വ്യവസ്ഥ ഇന്ത്യയ്ക്ക് സ്വീകാര്യമല്ലെന്നും കിഴക്കൻ ലഡാക്കിൽ സമാധാനം പുനഃസ്ഥാപിക്കുന്നതിലൂടെ മാത്രമേ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം സൗഹാർദപരമായി മുന്നോട്ടു പോവുകയുള്ളൂവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
2020 മെയ് മുതൽ ലഡാക്കിലെ അതിർത്തി പ്രദേശങ്ങളിൽ ഇരു രാജ്യങ്ങളിലേയും സേനകൾകൾക്കിടയിൽ തുടർന്നുവന്ന സംഘർഷങ്ങൾക്ക് നയതന്ത്രപ്രതിനിധികളും സൈനികമേധാവികളും തമ്മിൽ നടത്തിയ നിരന്തരചർച്ചകൾക്ക് ശേഷം ചെറിയ തോതിൽ അയവ് വന്നിരുന്നു.
മറുനാടന് മലയാളി ബ്യൂറോ