ന്യൂഡൽഹി: ചൈനയുടേയും പാക്കിസ്ഥാന്റേയും ഭാഗത്തുനിന്നുള്ള ഏത് ഭീഷണിയും നേരിടാൻ വ്യോമസേന സജ്ജമാണെന്ന് എയർ ചീഫ് മാർഷൽ ബിഎസ് ധനോവ. അതിർത്തിക്കപ്പുറത്തുള്ള ശത്രു കേന്ദ്രങ്ങൾ കണ്ടെത്താനും പ്രതിരോധിക്കാനും വേണമെങ്കിൽ അവ തകർക്കാനും വ്യോമസേനക്ക് ശേഷിയുണ്ടെന്നും അ്‌ദ്ദേഹം അറിയിച്ചു. ഡോക് ലാം പ്രശ്നം അവസാനിച്ചെങ്കിലും ചൈനീസ് സൈന്യം ഇപ്പോഴും ടിബറ്റിലെ ചുംബി താഴ്‌വരയിൽ ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.

സർക്കാർ തീരുമാനിക്കുന്ന ഏത് മിന്നലാക്രമണവും നടത്താൻ തങ്ങൾ സജ്ജമാണെന്നും അദ്ദേഹം പറഞ്ഞു. പൂർണസജ്ജമാവാൻ സേനയ്ക്ക് വേണ്ടത് 42 ഓളം വിമാനവ്യൂഹങ്ങളും അതിന് അനുസൃതമായ സൈനികരേയുമാണ്. 2032ഓടെ ഇത് സേനയ്ക്ക് ലഭ്യമാവും. എന്നാൽ ഇതിന്റെ അർത്ഥം ഇപ്പോൾ ഒരു യുദ്ധത്തെ പ്രതിരോധിക്കാൻ സേനയ്ക്ക് സാധ്യമാവില്ലെന്നല്ല- അദ്ദേഹം പറഞ്ഞു.

നിലവിലെ സാഹചര്യത്തിൽ രണ്ടു രാജ്യങ്ങളോട് ഒരുപോലെ യുദ്ധം ചെയ്യേണ്ട സാഹചര്യം ഇല്ലെന്നാണ് താൻ കരുതുന്നതെന്നും വ്യോമസേനാ മേധാവി പറഞ്ഞു.രാജ്യത്തിന്റെ സമ്പാദ്യങ്ങൾക്ക് നഷ്ടം സംഭവിക്കാതെ അപകടങ്ങൾ കുറച്ചു കൊണ്ടുള്ള പ്രതിരോധ പ്രവർത്തനങ്ങൾ നടത്താനാണ് സൈന്യത്തിന്റെ ശ്രമമെന്നും അദ്ദേഹം വ്യക്തമാക്കി.

ചൈന പേശീബലം കാണിച്ചു തുടങ്ങിയ സാഹചര്യത്തിലും പാക്കിസ്ഥാനുമായി അനുരഞ്ജനത്തിന് സാധ്യതയില്ലാത്തതിനാലും ഇന്ത്യ ഇതുപോലൊരു യുദ്ധത്തിന് സജ്ജമാകണമെന്ന് അദ്ദേഹം കഴിഞ്ഞ മാസം പറഞ്ഞിരുന്നു.