തിരുവനന്തപുരം: സോളാർ പീഡന കേസിൽ ഏതന്വേഷണവും നേരിടാൻ തയ്യാറാണെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. ഇപ്പോൾ കേസ് സിബിഐയ്ക്ക് വിടുന്നത് കേന്ദ്രം ഭരിക്കുന്ന കക്ഷിയുമായുള്ള ചങ്ങാത്തം കൂടലാണെന്നും അദ്ദേഹം ആരോപിക്കുന്നു. മൂന്നു വർഷത്തോളം പ്രതിപക്ഷത്ത് ഇരുന്ന് സോളാറിന്റെ പേരിൽ സമരം ചെയ്തവർ അധികാരത്തിൽ അഞ്ചു വർഷം ഇരുന്നിട്ടും നിയമപരമായ ഒരു നടപടിയും സ്വീകരിച്ചില്ലെന്നും ഉമ്മൻ ചാണ്ടി ചൂണ്ടിക്കാട്ടി.

താൻ അടക്കമുള്ളവർക്കെതിരെ ജാമ്യമില്ലാത്ത വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തതെന്നും അദ്ദേഹം ഓർമ്മിച്ചു. ഞങ്ങളാരും മുൻകൂർ ജാമ്യം തേടി ഹൈക്കോടതിയിലോ മറ്റ് കോടതികളിലോ പോയിട്ടില്ല. ചെയ്യാത്ത തെറ്റുകളെ ഞങ്ങളെന്തിന് ഭയക്കണം? ‌ഞങ്ങൾ നിർഭയരായിരുന്നു. രണ്ട് വർഷം ഒന്നും ചെയ്യാതെ, ഇപ്പോൾ അഞ്ച് വർഷം പൂർത്തിയാക്കി അധികാരമൊഴിയാനിരിക്കുമ്പോൾ കേസ് സിബിഐയ്ക്ക് വിടുന്നത് കേന്ദ്രം ഭരിക്കുന്ന കക്ഷിയുമായുള്ള ചങ്ങാത്തം കൂടലാണെന്നും ഉമ്മൻ ചാണ്ടി ആരോപിച്ചു.

വേങ്ങര ഉപതിരഞ്ഞെടുപ്പിന്റെ ദിവസം അടിയന്തിരമായി മന്ത്രിസഭാ യോഗം കൂടി കമ്മീഷന്റെ റിപ്പോർട്ടിൽ അടിയന്തിര നടപടി സ്വീകരിക്കുമെന്ന് സർക്കാർ പറഞ്ഞു. ഒരു നടപടിയും സ്വീകരിച്ചില്ല. പിന്നീട് തങ്ങൾ കോടതിയിൽ കമ്മീഷന്റെ വഴിവിട്ട നിലപാട് ചൂണ്ടിക്കാണിച്ചപ്പോൾ കോടതി അത് അംഗീകരിച്ചു. അന്വേഷണ റിപ്പോർട്ടിലെ കത്തിന്റെ ഭാഗം നീക്കാനുള്ള കോടതിയുടെ വിധിയുണ്ടായി. ആ വിധിയോട് വിയോജിപ്പുണ്ടായിരുന്നെങ്കിൽ എന്തുകൊണ്ട് സർക്കാർ അപ്പീലിനു പോയില്ല. ഇക്കാര്യങ്ങളിൽ കേരളത്തിലെ ജനങ്ങളോട് സർക്കാരിന് മറുപടി പറയേണ്ടിവരും.

സോളാർ കേസുമായി ബന്ധപ്പെട്ട് എറണാകുളം ഗസ്റ്റ് ഹൗസിൽ വെച്ചുനടന്ന ഒരു കൂടിക്കാഴ്ച സംബന്ധിച്ച് എല്ലാവർക്കും അറിയാം. എന്നാൽ അതു സംബന്ധിച്ച് ആളുടെ പേര് പറയാൻ ആഗ്രഹിക്കുന്നില്ല. അതെന്റെ മാന്യതകൊണ്ടാണ്, ഉമ്മൻ ചാണ്ടി പറഞ്ഞു. ജനങ്ങൾ എല്ലാം കാണുന്നും അറിയുന്നുമുണ്ട്. ജനങ്ങളെ കബളിപ്പിക്കാൻ സാധിക്കില്ല. ഈ സർക്കാരിന്റെ നടപടി സർക്കാരിനു തന്നെ തിരിച്ചടിയാകും എന്ന കാര്യം ഉറപ്പാണെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു.

അടുത്തിടെ പരാതിക്കാരി മുഖ്യമന്ത്രിക്ക് നൽകിയ കത്തിൽ ആവശ്യപ്പെട്ടതു പ്രകാരമാണ് അന്വേഷണം സിബിഐക്ക് കൈമാറാൻ സർക്കാർ തീരുമാനിച്ചത്. ഇതു സംബന്ധിച്ച് സർക്കാർ നയപരമായ തീരുമാനം എടുത്തു. വിജ്ഞാപനം പുറത്തിറങ്ങിയിട്ടുണ്ട്. സർക്കാരിന്റെ ശുപാർശ ഉടൻ കേന്ദ്രത്തിന് അയയ്ക്കും. 2018 ഒക്ടോബറിലാണ് ഉമ്മൻ ചാണ്ടി, കെ.സി. വേണുഗോപാൽ, ഹൈബി ഈഡൻ എന്നിവർക്കെതിരെ സോളാർ കേസ് പ്രതിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ കേസെടുത്തത്. തുടർന്ന് മുൻ മന്ത്രിമാരായ എ.പി. അനിൽകുമാർ, അടൂർ പ്രകാശ്, അനിൽ കുമാറിന്റെ പ്രൈവറ്റ് സെക്രട്ടറി സഹദുള്ള എന്നിവർക്കെതിരെയും പീഡനക്കേസ് ചുമത്തി. മന്ത്രിമാരുടെ ഔദ്യോഗിക വസതികളിലും എംഎൽഎ ഹോസ്റ്റലിലും ഹോട്ടലുകളിലും വെച്ച് പീഡിപ്പിച്ചെന്നായിരുന്നു മൊഴി. നിലവിൽ ആറ് കേസുകളും പ്രത്യേക അന്വേഷണ സംഘം അന്വേഷിച്ചുവരുന്നുണ്ട്. പീഡനക്കേസുകൾ സിബിഐക്ക് വിടണമെന്നാവശ്യപ്പെട്ട് ജനുവരി 20ന് ആണ് പരാതിക്കാരി മുഖ്യമന്ത്രിക്ക് കത്ത് നൽകിയത്.

നേരത്തെ തന്നെ സർക്കാർ ഏജൻസികളുടെയും ജുഡീഷ്യൽ അന്വേഷണത്തിനും വിധേയമായതാണ് സോളാർ ഇടപാടുമായി ബന്ധപ്പെട്ട് നടന്ന ലൈംഗിക പീഡന പരാതികൾ. നിയമസഭാ തിരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം അവശേഷിക്കുമ്പോഴാണ് സർക്കാർ ഇപ്പോഴത്തെ നിർണായകമായ നീക്കം നടത്തുന്നത്. വരും ദിവസങ്ങളിൽ രാഷ്ട്രീയമായി വലിയ ചർച്ചകൾക്ക് വഴിമരുന്നിടുന്നതാണ് ഇപ്പോഴത്തെ നടപടി.

അതേസമയം, പൊലീസ് അന്വേഷണത്തിലെ പരിമിതികൾ മൂലമാണ് സിബിഐ അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്ത് നൽകിയതെന്ന് സോളാർ ലൈംഗിക പീഡന കേസിലെ പരാതിക്കാരി പ്രതികരിച്ചു. തനിക്ക് രാഷ്ട്രീയ താൽപര്യങ്ങളില്ലെന്നും അവർ പ്രതികരിച്ചു. ഒരു വ്യവസായം തുടങ്ങുന്നതിനായി ഉമ്മൻ ചാണ്ടി സർക്കാരുമായി ബന്ധപ്പെട്ടപ്പോൾ നേരിടേണ്ടിവന്ന ദുരനുഭവങ്ങളാണ് താൻ ഉന്നയിച്ചത്. ഒരു സംസ്ഥാന മന്ത്രി ഒരു കേന്ദ്രമന്ത്രിക്ക് താവളം ഒരുക്കി കൊടുത്തു. അതും സ്വന്തം ഔദ്യോഗികവസന്തി. ഒരു വേട്ട പട്ടിക്ക് ഇരയെ ഇട്ടുകൊടുക്കുന്നത് പോലെയായിരുന്നു അത്. അതിൽ അയാൾക്ക് രാഷ്ട്രീയമായ എന്തെങ്കിലും നേട്ടം ഉണ്ടായിരിക്കാമെന്നും പരാതിക്കാരി പറഞ്ഞു.

ഒരു മാഫിയയുടെ പ്രവർത്തനമാണ് നടന്നത്. അത് പുറത്തു കൊണ്ടുവരാനാണ് ശ്രമിക്കുന്നത്. സാമ്പത്തികമായും ശാരീരികമായും മാനസികമായും താനടക്കമുള്ളവർക്ക് അനുഭവിക്കേണ്ടിവന്ന വെല്ലുവിളികൾ അന്വേഷണത്തിലൂടെ പുറത്തുവരണം- പരാതിക്കാരി പറഞ്ഞു.