- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
അസുഖ ബാധിതയായി ഒന്നും ശ്രദ്ധിക്കാത്ത സോണിയ ഗാന്ധി; പ്രവർത്തിക്കാൻ മടിയുള്ള രാഹുൽ വിദേശ യാത്രയ്ക്കും ഒരുങ്ങുന്നു; യുപിയിൽ തകർന്നടിഞ്ഞത് പ്രിയങ്കാ തന്ത്രവും; കോൺഗ്രസിന് ഇനി രക്ഷ റോബർട്ട് വാദ്രയോ? ജനങ്ങൾ ആഗ്രഹിക്കുന്നെങ്കിൽ രാഷ്ട്രീയത്തിൽ ഇറങ്ങാൻ തയാറാണെന്ന് വാദ്ര
ഭോപ്പാൽ: കോൺഗ്രസ് കടുത്ത പ്രതിസന്ധിയെ നേരിടുമ്പോൾ എങ്ങനെ അതിജീവിക്കും എന്ന കാര്യത്തിൽ യാതൊരു എത്തും പിടിയുമില്ല. രാഹുൽ ഗാന്ധി പോലും കൃത്യമായ ഇടപെടൽ നടത്താതിരിക്കുകയാണ്. പ്രിയങ്ക ഗാന്ധിയാകട്ടെ ഉത്തർപ്രദേശിലെ തോൽവിയുടെ ആഘാതത്തിൽ നിന്നും ഇനിയും കരകയറിയിട്ടുമില്ല. ഇതിനിടെ ഇനി കോൺഗ്രസിനെ രക്ഷിക്കാൻ അടുത്ത രക്ഷകൻ പിറവിയെടുക്കുകയാണോ എന്ന സംശയവും ഉയർന്നു കഴിഞ്ഞു. കാരണം രാഷ്ട്രീയത്തിൽ ഇരങ്ങാൻ സന്നദ്ധത അറിയിച്ച് രാഹുൽ ഗാന്ധിയുടെ അളിയൻ റോബർട്ട് വാദ്ര രംഗത്തു വന്നു കഴിഞ്ഞു എന്നതാണ്.
അതേസമയം ജനങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ താൻ രാഷ്ട്രീയത്തിൽ ചേരാൻ തയാറാണെന്നാണ് റോബർട്ട് വാദ്ര അറിയിച്ചിരിക്കുന്നത്. എന്റെ ജീവിതത്തിലെ ബുദ്ധിമുട്ടുകളിൽ നിന്ന് ഞാൻ ഒരുപാട് കാര്യങ്ങൾ പഠിച്ചുവെന്നും രാഷ്ട്രീയം എളുപ്പത്തിൽ മനസ്സിലാക്കാൻ സാധിക്കുന്നതായും വാദ്ര പറഞ്ഞു. ഇന്തോറിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മഹാകാൽ ക്ഷേത്രത്തിൽ പ്രാർത്ഥന നടത്തിയ ശേഷം ഡൽഹിയിലേക്ക് പോകാൻ നഗരത്തിലെത്തിയതായിരുന്നു വാദ്ര.
ജനങ്ങൾ അവരുടെ പ്രതിനിധിയായി തന്നെ പ്രതീക്ഷിക്കുന്നുണ്ടെങ്കിൽ മാറ്റങ്ങൾ കൊണ്ടുവരാൻ തനിക്ക് സാധിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഇന്ന് യഥാർഥ ജനാധിപത്യം രാജ്യത്ത് നിലനിൽക്കുന്നില്ലെന്നും മാധ്യമങ്ങൾ പോലും സത്യങ്ങൾ പറയാൻ ഭയപ്പെടുന്നതായും വാദ്ര പറഞ്ഞു. ഉത്തർപ്രദേശ് നിയമസഭാതെരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ തോൽവിയിൽ നിരാശയില്ലെന്നും പ്രിയങ്കയുടെ പരിശ്രമങ്ങൾക്ക് പത്തിൽ പത്ത് മാർക്ക് തന്നെ നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മഹാകൽ ക്ഷേത്രത്തിന് വേണ്ടി മുൻ കോൺഗ്രസ് സർക്കാർ നിരവധി പ്രവർത്തനങ്ങൾ നടത്തിയതായും എന്നാൽ ബിജെപി സർക്കാർ ഒന്നും ചെയ്തില്ലെന്നും വാദ്ര കുറ്റപ്പെടുത്തി. നേരത്തെ തന്നെ കോൺഗ്രസിനെ പല കാര്യങ്ങളിലും വാദ്രയുടെ ഇടപെടൽ ഉണ്ടായിരുന്നു. കേരളത്തിൽ നിന്നും ഒഴിവു വന്ന ലോക്സഭാ സീറ്റിലേക്ക് സജീവ് കൃഷ്ണന്റെ പേര് ഉയർന്നുവന്നപ്പോഴും വാദ്രയായിരുന്നു വാർത്തകളിൽ നിറഞ്ഞത്. വാദ്രയുടെ കമ്പനിയിലെ ഡയറക്ടറായിരുന്നു സജീവ് കൃഷ്ണ.
ഉത്തർപ്രദേശിലും ഹരിയാനയിലും വാദ്രയുടെ ഇടപെടലുകൾ ഉണ്ടായിരുന്നു. ഉത്തർപ്രദേശിൽ ദയനീയ തോൽവിക്ക് ഇടയാക്കിയതിലും വാദ്രയുടെ ശിങ്കിടികൾ സ്ഥാനത്ത് എത്തിയതാണെന്ന ആരോപണവും ഉയരുകയുണ്ടായി. ഇതിന് മുമ്പും റോബർട്ട് വാദ്ര രാഷ്ട്രീയ പ്രവേശനത്തിന് താൽപ്പര്യമുണ്ടെന്ന് അറിയിച്ചു രംഗത്തുവന്നിരുന്നു. ഇന്ന് അളിയന്റെ മോഹം രാഹുലിന് തീരെ പിടിച്ചിരുന്നില്ല. ഇത്തരം അഭിപ്രായങ്ങൾ വാദ്ര നടത്തരുതെന്ന് കർശന നിർദ്ദേശവും നൽകി. ഇതോടെയാണ് വാദ്രയും രാഹുലും തമ്മിലെ പ്രശ്നങ്ങൾ പുതിയ തലത്തിലെത്തുന്നത്.
മന്മോഹൻ സിങ് അധികാരത്തിലെത്തിയപ്പോൾ വാദ്ര നടത്തിയ പല വഴിവിട്ട നീക്കവും കോൺഗ്രസിന് തിരിച്ചടിയായിരുന്നു. ഭരണം നഷ്ടമാകാനും വാദ്ര ഫാക്ടർ കാരണമായി. ഇതെല്ലാം മനസ്സിലാക്കിയാണ് 'അളിയനെ' രാഷ്ട്രീയത്തിൽ നിന്ന് രാഹുൽ ബോധപൂർവ്വം അകറ്റിയത്. വാദ്രയെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തുകൊണ്ടിരിക്കുകയാണ്. കള്ളപ്പണം വെളുപ്പിക്കൽ അടക്കമുള്ള കേസുകളിലാണ് വാദ്ര അന്വേഷണം നേരിടുന്നത്. കോൺഗ്രസിനെ അടിക്കാൻ ഈ കേസ് ബിജെപി ഉപയോഗിക്കുന്നു. രാഷ്ട്രീയത്തിലേക്ക് വരാൻ അതിനിടെയാണ് രാഷ്ട്രീയത്തിൽ ഇറങ്ങാൻ വാദ്ര ആഗ്രഹം പ്രകടിപ്പിച്ചിരിക്കുന്നത്.
വാദ്രയെ രാഷ്ട്രീയ വിരോധം വെച്ച് മോദി സർക്കാർ വേട്ടയാടുകയാണ് എന്ന് വരുത്താനാണ് വാദ്ര അനുകൂലികളുടെ ശ്രമം. എന്നാൽ വാദ്രയെ കുറിച്ച് ചർച്ചയാകുന്നത് കോൺഗ്രസിന് തിരിച്ചടിയാകുമെന്നാണ് രാഹുലിന്റെ നിലപാട്. ബിക്കാനീർ ഭൂമി തട്ടിപ്പ് കേസിൽ റോബർട്ട് വാദ്ര അടക്കം നാല് പേരുടെ സ്വത്ത് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നേരത്തെ കണ്ടുകെട്ടിയിരുന്നു. വാദ്രയുടെ ഉടമസ്ഥതയിലുള്ള സ്കൈലൈറ്റ് ഹോസ്പിറ്റാലിറ്റി ലിമിറ്റഡിന്റെ 4.62 കോടിയുടെ ആസ്തിയാണ് കണ്ടുകെട്ടിയത്.
ഡൽഹി സുഖദേവ് വിഹാറിലെ ഭൂമി അടക്കമാണ് എൻഫോഴ്സ്മെന്റ് കണ്ടുകെട്ടിയത്. കേസിൽ റോബർട്ട് വാദ്രയെയും അമ്മയേയും ജയ്പൂരിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തിരുന്നു. ബിക്കാനീറിൽ ഭൂമി വാങ്ങി മറിച്ചു വിറ്റതിലൂടെ റോബർട്ട് വധേരയും കൂട്ടരും അമിത ലാഭമുണ്ടാക്കി എന്നാണ് എൻഫോഴ്സ്മെന്റിന്റെ ആരോപണം. കള്ളപ്പണം വെളുപ്പിക്കൽ തടയാനുള്ള നിയമപ്രകാരമാണ് വധേരക്കെതിരെ എൻഫോഴ്സ്മെന്റ് കേസെടുത്തത്. ഇതിന് സമാനമായി നിരവധി ആരോപണങ്ങൾ വാദ്രയ്ക്കെതിരെ ഉയരുന്നുണ്ട്.
മറുനാടന് മലയാളി ബ്യൂറോ