ന്യൂഡൽഹി: ജനകീയ വിഷയത്തിൽ ഭരണ പക്ഷവും പ്രതിപക്ഷവും രാജ്യസഭയിൽ ഒന്നിച്ചു. ഇതോടെ കോൺ!ഗ്രസ് പിന്തുണയോടെ റിയൽ എസ്റ്റേറ്റ് ബിൽ രാജ്യസഭ പാസാക്കി. ഇതോടെ ഉപഭോക്താക്കളെ പിഴിയുന്ന ബിൽഡർമാരുടെ നടപടികൾക്ക് കടിഞ്ഞാൺ വരികയാണ്.

റിയൽ എസ്റ്റേറ്റ് മേഖലയിൽ സുതാര്യത കൊണ്ടുവരാനും ഉപഭോക്താക്കളുടെ താൽപ്പര്യം സംരക്ഷിക്കാനും ലക്ഷ്യമിട്ടുള്ളതാണ് ബില്ല. രാജ്യസഭയിൽ ബിജെപി സർക്കാരിന് ഭൂരിപക്ഷമില്ല. അതുകൊണ്ട് തന്നെ പ്രതിപക്ഷത്തിന്റെ പിന്തുണ അനിവാര്യതയായിരുന്നു. ബില്ലിന്റെ പ്രാധാന്യം മനസ്സിലാക്കി കോൺഗ്രസ് പിന്തുണ നൽകി. പാർട്ടി ഉപാധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ നിർദ്ദേശ പ്രകാരമാണ് ഇത്. ഇതോടെ ബിൽ പാസായി. ജനം ആഗ്രഹിച്ച നിയന്ത്രണങ്ങൾ രാജ്യസഭ അംഗീകരിച്ചു.

പദ്ധതികൾ സമയബന്ധിതമായി പൂർത്തിയാക്കുമെന്ന് ഉറപ്പുവരുത്താൻ ഉദ്ദേശിച്ചുള്ളതാണ് ബിൽ. നിർമ്മാണമേഖലയിലേക്ക് വൻതോതിൽ ഒഴുകുന്ന കള്ളപ്പണം നിയന്ത്രിക്കുക എന്നതും ബില്ലിലൂടെ ലക്ഷ്യമിടുന്നു. ലോക്‌സഭയിൽ കൂടി പാസായാൽ ബിൽ നിയമമാകും. ലോക്‌സഭയിൽ ബിജെപിക്കും എൻഡിഎയ്ക്കും ഭൂരിപക്ഷമുണ്ട്. അതുകൊണ്ട് തന്നെ ഈ ബിൽ മാറ്റമില്ലാതെ തന്നെ പാസാക്കിയെടുക്കാൻ മോദി സർക്കാരിന് കഴിയും. അതിനാൽ ഈ വിഷയത്തിൽ നിയമനിർമ്മാണം ഉറപ്പാവുകയും ചെയ്തു. താമസിയാതെ തന്നെ ഈ ബിൽ ലോക്‌സഭയിൽ അവതരിപ്പിക്കുമെന്നാണ് കേന്ദ്ര നഗരവികസന മന്ത്രി വെങ്കയ്യ നായിഡു നൽകുന്ന സൂചന.

എല്ലാ സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലും അഥോറിറ്റികൾ രൂപീകരിച്ച് റിയൽ എസ്റ്റേറ്റ് മേഖലയിൽ നിയന്ത്രണം കൊണ്ടുവരാൻ ബില്ലിൽ വ്യവസ്ഥയുണ്ട്. പാർപ്പിട, വാണിജ്യ, കെട്ടിട സമുച്ചയങ്ങളുമായി ബന്ധപ്പെട്ട പണമിടപാടുകൾ നിയന്ത്രിക്കാനാണിത്. നിയമലംഘനം നടത്തുന്നവർക്ക് മൂന്നു വർഷം വരെ തടവും പിഴയുമാണ് ബിൽ വ്യവസ്ഥ ചെയ്യുന്നത്. ഉപയോക്താക്കളുടെ അനുമതിയില്ലാതെ നേരത്തേ നിശ്ചയിച്ച പ്ലാനുകൾ മാറ്റാനാകില്ല. പദ്ധതികൾ സമയബന്ധിതമായി തീർക്കാൻ പ്രത്യേക ബാങ്ക് അക്കൗണ്ടിൽ പണം കെട്ടിവയ്ക്കണം. ഉപയോക്താക്കളിൽ നിന്നു വാങ്ങുന്ന പണത്തിന്റെ 70% തുക ബാങ്കിൽ കെട്ടിവയ്ക്കണം. തർക്കങ്ങൾ വേഗത്തിൽ പരിഹരിക്കാൻ ഫാസ്റ്റ്ട്രാക്ക് സംവിധാനം രൂപീകരിക്കണമെന്നും ബില്ലിൽ പറയുന്നു.

500 സ്‌ക്വയർഫീറ്റോ എട്ട് ഫ്‌ലാറ്റുകൾ ഉൾപ്പെടുന്നതോ ആയ എല്ലാ പദ്ധതികളും റഗുലേറ്ററി അഥോറിറ്റിയിൽ രജിസ്റ്റർ ചെയ്യണമെന്ന് ബില്ലിൽ വ്യക്തമാക്കിയിട്ടുണ്ട്. നേരത്തെ ഇത് 1000 സ്‌ക്വയർഫീറ്റായിരുന്നു. നിർമ്മാണം കഴിഞ്ഞ് അഞ്ച് വർഷത്തിനുള്ളിൽ കേടുപാടുണ്ടായാൽ കമ്പനിക്കാണ് ഉത്തരവാദിത്വം. നേരത്തേ ഇത് രണ്ടു വർഷമായിരുന്നു. പദ്ധതി പൂർത്തിയാകുന്നത് വൈകിയാൽ പലിശ നൽകണമെന്നും ബിൽ നിഷ്‌കർഷിക്കുന്നു.

ബില്ലിനെ പിന്തുണയ്ക്കുമെന്ന് നേരത്തെ തന്നെ കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി വ്യക്തമാക്കിയിരുന്നു. 2013ൽ യുപിഎ ഭരണകാലത്താണ് ആദ്യം ബിൽ അവതരിപ്പിക്കുന്നത്. പാർലമെന്റിൽ ചർച്ച ചെയ്യവേ, ഇരുപതോളം ഭേദഗതികൾ ബില്ലിൽ കൊണ്ടുവരികയും ചെയ്തു. മാത്രമല്ല, ഈ പാർലമെന്റ് സമ്മേളനത്തിൽ ബിൽ പാസാക്കാൻ മുൻഗണന നൽകണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കഴിഞ്ഞയാഴ്ച കത്തെഴുതിയിരുന്നു. ഈ സാഹചര്യത്തിലാണ് ബിൽ രാജ്യസഭയിൽ അവതരിപ്പിച്ചത്.