- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആളനക്കമില്ലാതിരുന്ന കുഗ്രാമം ഒരു കൊച്ചു ടൗണായി മാറി; ദൂരസ്ഥലങ്ങളിൽ നിന്നടക്കം ബസ് സർവീസുകൾ; റിയൽ എസ്റ്റേറ്റുകാർക്കും ചാകര; ബളാൽ മാതാവിന്റെ ദിവ്യഎണ്ണയുടെ യഥാർത്ഥ 'അത്ഭുതങ്ങൾ' ഇതുതന്നെ
കാസർഗോഡ്: ബളാൽ ദേവമാതാ സെന്ററിന്റെ തെക്കുവശത്തായി പണിതീർത്ത പുതിയ ഒരു കിണർ. തൊട്ടടുത്തുതന്നെ ആധുനീക രീതിയിൽ പണിത നിരവധി ശുചിമുറികൾ. തീർത്ഥാടക ബാഹുല്യം പ്രതീക്ഷിച്ച് പള്ളിയുടെ നേതൃത്വത്തിൽ പണിതീർത്തതാണ് ഇവയെല്ലാം. ഇതെല്ലാം നോക്കിക്കാണുന്നതിനിടയിൽ വളണ്ടിയർ ഇ.ജെ.തോമസിന്റെ കണ്ണുകൾ എന്നെ ശ്രദ്ധിക്കുന്നുണ്ടായിരുന്നു. യാത്രാ ക്ഷീ
കാസർഗോഡ്: ബളാൽ ദേവമാതാ സെന്ററിന്റെ തെക്കുവശത്തായി പണിതീർത്ത പുതിയ ഒരു കിണർ. തൊട്ടടുത്തുതന്നെ ആധുനീക രീതിയിൽ പണിത നിരവധി ശുചിമുറികൾ. തീർത്ഥാടക ബാഹുല്യം പ്രതീക്ഷിച്ച് പള്ളിയുടെ നേതൃത്വത്തിൽ പണിതീർത്തതാണ് ഇവയെല്ലാം.
ഇതെല്ലാം നോക്കിക്കാണുന്നതിനിടയിൽ വളണ്ടിയർ ഇ.ജെ.തോമസിന്റെ കണ്ണുകൾ എന്നെ ശ്രദ്ധിക്കുന്നുണ്ടായിരുന്നു. യാത്രാ ക്ഷീണത്താൽ പ്രാർത്ഥനാ ഹാളിലെ മൂലയിൽ സൂക്ഷിച്ച കുടിവെള്ളം എടുത്തു കുടിക്കുമ്പോഴും തോമസ് നിരീക്ഷിക്കുകയായിരുന്നു. മാതാവിന്റെ തിരുരൂപത്തിനരികിൽ ഞാൻ എത്തുമോ എന്നുള്ള ഭയം അയാൾക്കുണ്ടോ എന്ന് തോന്നി. അതിനിടെ, പുറത്തേക്കു പോയിരുന്ന ഓമന അവിടെയെത്തി. അവരെ സമീപിക്കാനൊരുങ്ങുമ്പോഴേക്കും അവർ തിരുസ്വരൂപം വച്ചതിനു പിറകിലത്തെ മുറിയിലേക്ക് പോകുകയായിരുന്നു. സാധാരണ ഒരു വീടിന് വേണ്ടുന്ന ലക്ഷണമൊന്നും പള്ളി പണിയിച്ചു നൽകിയ ഈ വീടിനില്ല. മുൻവശം എന്നു പറയുന്നത് തിരുസ്വരൂപം നിലകൊള്ളുന്നിടമാണ്.
മാതാ കേന്ദ്രത്തിൽ നിന്നും തിരിച്ചിറങ്ങാനൊരുങ്ങുമ്പോഴാണ് വടക്കു ഭാഗത്തെ ചുവരിൽ തലശ്ശേരി ആർച്ച് ബിഷപ്പിന്റെ സാക്ഷ്യം രേഖപ്പെടുത്തിയിരിക്കുന്നതായി കണ്ടത്. 2015 ഫെബ്രുവരി 27 ന് വൈകീട്ട് 5 മണിക്ക് തലശ്ശേരി ആർച്ച് ബിഷപ്പ് മാർ ജോർജ് ഞരളക്കാട്ട്, മാതാവ് പ്രത്യക്ഷപ്പെട്ട ഭവനം സന്ദർശിച്ചതായി ചുമരിൽ എഴുതി വച്ചിട്ടുണ്ട്. '...ഓമനയെക്കണ്ട് കാര്യങ്ങൾ ചോദിച്ചു മനസ്സിലാക്കി. ഭവനത്തിൽ കൂടി ഇരുന്ന വിശ്വാസികൾ ജപമാല പ്രാർത്ഥിച്ചു കൊണ്ടേ ഇരുന്നിരുന്നു. ഈ സമയത്ത് തിരു സ്വരൂപത്തിനു മുന്നിൽ എണ്ണ നിറയുന്നത് പിതാവ് കണ്ടെ' ന്നാണ് രേഖപ്പെടുത്തിയിട്ടുള്ളത്. മാതാവിന്റെ മധ്യസ്ഥം അപേക്ഷിക്കാനാവശ്യപ്പെടുകയും ചെയ്തു. ഈ സമയം ഭവനത്തിൽ സുഗന്ധപരിമളം വീശുന്നുണ്ടായിരുന്നുവെന്നും ചുവരെഴുത്തിൽ പറയുന്നു.
അതിരൂപതാ മെത്രാന്റെ ഈ സാക്ഷ്യം ഭക്തജനങ്ങളെ എണ്ണ വിപ്ലവത്തിലേക്ക് കൂടുതൽ അടുപ്പിക്കുകയായിരുന്നു. ഈ സംഭവത്തോടെ പാറയിൽ ഓമന എന്ന സാധാരണ സ്ത്രീ പിന്നീട് അൽഫോൻസാ എന്ന പേരിൽ അറിയപ്പെടാൻ തുടങ്ങി. ബളാൽ കവലയിലേക്ക് തിരിച്ചിറങ്ങുമ്പോൾ ആദ്യം കണ്ട കടയിൽ കയറി. ദാഹം മാറ്റാൻ നീര വാങ്ങിക്കഴിച്ചു. മാർക്കറ്റിൽ 30 രൂപക്ക് ലഭ്യമാകുന്ന നീരക്ക് അവിടെ 35 രൂപ. ബളാൽ മാതാവിന്റെ ചിത്രം മുദ്രണം ചെയ്ത ചൈനാ ക്‌ളേ കപ്പിന് 150 രൂപയാണ് വില. കോട്ടയം പാലായിൽ നിന്നും ആർഭാട വാഹനത്തിൽ എത്തിയവരിൽ ഒരാൾ പ്രാർത്ഥന കഴിഞ്ഞ് മടങ്ങവെ ഈ കടയിൽ കയറി. സാധനങ്ങളുടെ വിലയറിഞ്ഞ് 'അന്യായം..' എന്നു പറഞ്ഞ്് ആ കട വിട്ടുപോകുന്നതും കണ്ടു.
അടുത്ത രണ്ടു കടകളിൽ പ്ലാസ്റ്റിക്ക് കുപ്പികൾ കൂട്ടിയിട്ടിരിക്കുന്നു. ഹോമിയോപ്പതിക്കാർ ഉപയോഗിക്കുന്ന രണ്ടിഞ്ച് ഉയരമുള്ള ചെറിയ കുപ്പി പതിനായിരക്കണക്കിനാണു വില്പനയ്ക്കു വച്ചിരിക്കുന്നത്. ഭക്തർക്ക് അത്ഭുത എണ്ണ ശേഖരിക്കാൻ വിൽപ്പനക്ക് വച്ചതായിരുന്നു അവ. മൊത്തക്കച്ചവടത്തിൽ 50 പൈസക്ക് ലഭ്യമാവുന്ന ഈ കുപ്പികൾ വിൽക്കുന്നത് 5 രൂപക്കാണ്. നേരത്തെ ഇത് 10 രൂപക്ക് വിറ്റപ്പോൾ ചിലർ പ്രതിഷേധിച്ചതോടെ വില കുറയ്ക്കുകയായിരുന്നുവെന്ന് നാട്ടുകാരിൽ ഒരാൾ പറഞ്ഞു. ബുധനാഴ്ചയും ശനിയാഴ്ചയും ആയിരക്കണക്കിനു കുപ്പികളാണ് ഇവിടെ വിറ്റു വരുന്നത്. അതിനാൽ നാലു കടകളിൽ കുപ്പിക്കച്ചവടം തകൃതിയാണ്.
ഭക്തരുടെ സൗകര്യാർത്ഥം അടുത്ത കാലത്ത് തട്ടിക്കൂട്ടിയ ഒരു ഹോട്ടലുണ്ട്. പോത്തിറച്ചിയും മീൻ വറുത്തതും കഞ്ഞിയുമാണ് ഇവിടുത്തെ സ്‌പെഷൽ. ഈ ഹോട്ടൽ ഉടമയും തൊഴിലാളികളും രോഗശാന്തിക്ക് എണ്ണ മാഹാത്മ്യം എടുത്തു പറയും. എന്നാൽ അവിടെയുള്ള ഒരു വിദ്യാസമ്പന്നൻ എതിർപ്പ് പ്രകടിപ്പിച്ചപ്പോൾ അതിന്റെ ജാള്യത മറക്കാൻ ഹിന്ദുവെന്ന് പറഞ്ഞ് ഒരാളെക്കാട്ടി അനുഭവം പറയാൻ പ്രേരിപ്പിച്ചു. സ്വാനുഭവം എന്ന നിലയിൽ നെഞ്ചുവേദന മാറിയതും കാൻസർ മാറിയതും വാ തോരാതെ പറഞ്ഞു കൊണ്ടേ ഇരുന്നു.
ഏതായാലും ആളനക്കമില്ലാതിരുന്ന ബളാൽ ഇപ്പോൾ സജീവമാണ്. പുറം നാട്ടിൽനിന്നു വരുന്ന സന്ദർശകരുടെ ബാഹുല്യം. വാഹനങ്ങൾ, പുറം നാട്ടിൽനിന്നു വരുന്നവരുടെ തിരക്ക്, കച്ചവടസ്ഥാപനങ്ങൾ... ആളനക്കമില്ലാതിരുന്ന ആ കുഗ്രാമം ജില്ല വിട്ടും അറിയപ്പെടാൻ തുടങ്ങി. അകലെയുള്ളവരെല്ലാം ബളാൽ മാതാവിനെ കാണാനെത്തുന്നു. നാട്ടുകാരുടെ ബന്ധുക്കളൊക്കെ ബളാൽ മാതാവിനെ കാണാനെത്തുന്നു. അവർ പറഞ്ഞുകേട്ട് മറ്റു നാട്ടുകാരുമെത്തുന്നു. ആകെയൊരു ഉത്സവപ്രതീതി. സ്ഥലത്തിനു വില കുത്തനെ ഉയരുന്നു. റിയൽ എസ്റ്റേറ്റുകാർ സജീവമായി രംഗത്തിറങ്ങിയിരിക്കുന്നു.
ബളാലിൽ ഒരു നല്ല വിഭാഗം ഈ അത്ഭുത എണ്ണയെ തള്ളിപ്പറയുന്നുമുണ്ട്്്. ദിവ്യത്വം വിശ്വസിപ്പിക്കാൻ അടവുകൾ പലതും പയറ്റുന്ന ചിലരുമുണ്ട്. യുക്്്തിവാദികളും വിജിലൻസും വന്നിട്ടും ദിവ്യഎണ്ണയെ തള്ളി പറഞ്ഞില്ലെന്ന് ചിലർ പറയുന്നു. എന്നാൽ വിജിലൻസിന് ഇവിടെ യാതൊരു കാര്യവുമില്ലെന്ന് ആർക്കാണറിയാത്തത്. യുക്തിവാദികളാകട്ടെ ഈ ഭാഗത്തേക്കടുത്താൽ നാട്ടുകാർ തല്ലിയോടിക്കുമെന്നുറപ്പ്. ഇവിടത്തെ എണ്ണമാഹാത്മ്യവും രോഗശാന്തിയുമൊക്കെ വാമൊഴിയിലൂടെ പ്രചരിപ്പിക്കാൻ സംഘടിത ശ്രമമുണ്ട്. ആഴത്തിലേക്കിറങ്ങിച്ചെല്ലാൻ അവരൊട്ടു സമ്മതിക്കുകയുമില്ല.
ഒരിക്കലും വറ്റില്ലെന്ന് അവകാശപ്പെടുന്ന ദിവ്യഎണ്ണ ഭക്്തജനങ്ങൾക്ക് കൊടുത്തുകൊണ്ടിരിക്കെ ഒരിക്കൽ തീർന്നു പോയിരുന്നു. അന്ന് പലരും എണ്ണ കിട്ടാതെയാണ് മടങ്ങിയത്. വെള്ളരിക്കുണ്ടിൽ നിന്നും ക്യാനുകളിൽ ഒരു വൈദികൻ എണ്ണ കൊണ്ടു വരുന്നതായും നാട്ടുകാരിൽ ചിലർ പറയുന്നുണ്ട്. എണ്ണ വരുന്നു എന്നു പറയുന്ന തിരു സ്വരൂപം വച്ച മേശയും അതിന്റെ ചുറ്റുപാടുകളും തുറന്നിടാനും പരിശോധിക്കപ്പെടാനും സംഘാടകർ തയാറായാൽ അതോടെ തീരും ബളാൽ മാതാവിന്റെ അദ്ഭുതക്കാഴ്ചകളെന്നു നാട്ടുകാരിൽ നല്ലൊരു വിഭാഗം രഹസ്യം പറയുന്നു. അതു പുറത്തുപറയാൻ അവർക്കു ഭയമാണ്. അവരെ ഒറ്റപ്പെടുത്താൻ സംഘടിത ശക്തി രംഗത്തിറങ്ങും.
കേരളത്തലങ്ങോളമിങ്ങോളം ഇത്തരം അദ്ഭുതപ്രവൃത്തികൾ അരങ്ങേറാറുണ്ട്. കുറെക്കാലത്തേക്ക് ഭക്തർ അതു വിശ്വസിക്കും. കുറെക്കഴിയുമ്പോൾ അതിന്റെ ദുരൂഹത തുറന്നു കാട്ടപ്പെടും, അതോടെ വിശ്വാസികൾ അതു മറക്കുകയും ചെയ്യും. ഇന്നുവരെ ഇമ്മാതിരി അദ്ഭുതകേന്ദ്രങ്ങൾക്ക് ഏറെ ആയുസുണ്ടായിട്ടില്ല. ഇതു നന്നായി അറിയുന്ന സഭാധികാരികൾ ഇതിൽനിന്നു മുതലെടുപ്പ് നടത്തുന്നതും പ്രോത്സാഹിപ്പിക്കുന്നതും എതിർക്കപ്പെടേണ്ടതാണ്. നമ്മുടെ ഭക്തിയെയും വിശ്വാസത്തെയും വികലമാക്കുന്നതിനാണ് കൂട്ടുനിൽക്കുന്നതെന്ന് അവർ മനസിലാക്കണം.
(അവസാനിച്ചു)