- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കാൻസർരോഗം മംഗലാപുരം ആശുപത്രിയിൽ ചികിത്സിച്ചതായി ഓമന; നീല വിരിപ്പിനിടയിൽ മേശയാണോ എന്ന് പോലും വ്യക്തമല്ല; വിശുദ്ധ രൂപത്തിനടത്തേക്ക് ആർക്കും പ്രവേശനവുമില്ല; ഭിത്തിക്ക് പിന്നിൽ എന്തെന്നതും അജ്ഞാതം; ബളാൽ മാതാവിന്റെ ദിവ്യ എണ്ണയിൽ ദുരൂഹത ഏറെ
കാസർഗോഡ്: ബളാൽ മാതാവുമായി ബന്ധപ്പെട്ട അന്ധവിശ്വാസത്തിന്റെ റിപ്പോർട്ട് മറുനാടൻ മലയാളി കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്തിരുന്നു. തുടർന്ന് പലതരത്തിലുള്ള ചർച്ചകൾ സോഷ്യൽ മീഡിയയിൽ സജീവമായി. അതിന് മറുപടി കണ്ടെത്താനുള്ള ആത്മാർത്ഥമായ ശ്രമമാണ് ഇത്. അതായത് ബളാൽ മാതാവിങ്കലേക്കുള്ള ആത്മാർത്ഥമായ യാത്രയാണ്, കേരളത്തിലങ്ങോളമിങ്ങോളം മുളച്ചുപൊ
കാസർഗോഡ്: ബളാൽ മാതാവുമായി ബന്ധപ്പെട്ട അന്ധവിശ്വാസത്തിന്റെ റിപ്പോർട്ട് മറുനാടൻ മലയാളി കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്തിരുന്നു. തുടർന്ന് പലതരത്തിലുള്ള ചർച്ചകൾ സോഷ്യൽ മീഡിയയിൽ സജീവമായി. അതിന് മറുപടി കണ്ടെത്താനുള്ള ആത്മാർത്ഥമായ ശ്രമമാണ് ഇത്. അതായത് ബളാൽ മാതാവിങ്കലേക്കുള്ള ആത്മാർത്ഥമായ യാത്രയാണ്, കേരളത്തിലങ്ങോളമിങ്ങോളം മുളച്ചുപൊന്തുന്ന 'മറിയം മുക്കു'കളിലൊന്നിന്റെ ദുരൂഹത അഴിക്കാനുള്ള ശ്രമം. രഞ്ജിത് ബാബുവിന്റെ റിപ്പോർട്ടിലേക്ക്
ചെറുപുഴയിൽനിന്നും വെള്ളരിക്കുണ്ടിലേക്കുള്ള യാത്രയിൽ സ്വകാര്യബസ്സിലെ സഹയാത്രികൻ എങ്ങോട്ടാണെന്ന ചോദ്യത്തിന് ബളാൽ ദേവമാതാ സെന്ററിലേക്ക് എന്ന് മറുപടി. പിന്നെ ഒരു നിമിഷം പോലും നിർത്താതെ അയാൾ ദേവമാതാകേന്ദ്രത്തിലെ അത്ഭുതങ്ങൾ പറഞ്ഞുകൊണ്ടേയിരുന്നു. റിയൽ എസ്റ്റേറ്റ് കച്ചവടക്കാരനായ അയാൾ ബളാലിലെ മാറ്റങ്ങളും കച്ചവടസാധ്യതകളും വിശദീകരിച്ചു. ബസ്സ് ചിറ്റാരിക്കൽ എത്തിയപ്പോൾ സീറ്റിനരികിൽ നിന്നിരുന്ന കന്യാസ്ത്രീ ചിരിച്ചുകൊണ്ടു ചോദിച്ചു; മാതാവിന്റെ അടുക്കലേക്കാണോ?
അതേ, എന്നു പറഞ്ഞതോടെ അവർ ഹാൻഡ് ബാഗിൽനിന്നും ചെറിയൊരു പ്ലാസ്റ്റിക്ക് കുപ്പിയിൽ എണ്ണ നിറച്ചത് എനിക്ക് കാട്ടിത്തന്നു. ഇതു ദിവ്യമാണെന്നും വിശ്വാസികൾക്ക് രോഗം മാറുമെന്നുമൊക്കെ എണ്ണമാഹാത്മ്യം വർണിച്ചു. ഭീമനടിയിൽ അവർ ഇറങ്ങും മുമ്പേ, ആലക്കോട്ടെ രയരോം എന്ന സ്ഥലത്തുള്ള മാതാവിനെക്കൂടി ദർശിക്കണമെന്നും നിർദ്ദേശിക്കുകയുണ്ടായി. അതോടെ ബളാലിനു വേറെ ശാഖകളുമുയർന്നു തുടങ്ങിയതായി ബോധ്യമായി.
മാതാവിന്റെ ദർശനം എങ്ങനെ അടിച്ചേൽപ്പിക്കാമെന്നതിന്റെ വ്യക്തമായ സന്ദേശം ബളാലിൽ എത്തും മുമ്പേ അനുഭവപ്പെട്ടു. വെള്ളരിക്കുണ്ടിൽ ബസ്സ് ഇറങ്ങി നിർത്തിയിട്ട ഓട്ടോറിക്ഷയിൽ കയറിയ ഉടൻ ദേവമാതാ സെന്റർ എന്ന വഴികാട്ടിയുള്ള റോഡിലേക്ക് ഡ്രൈവർ വണ്ടി വിട്ടു കഴിഞ്ഞിരുന്നു. അപരിചിതർ എത്തിയാൽ അവർ മാതാ സെന്ററിലേക്കാണെന്ന് അവർക്കറിയാം. പശ്ചിമഘട്ട മലനിരകൾക്കിടയിലുള്ള ഈ കുടിയേറ്റ കുഗ്രാമം ഒരു വർഷം മുമ്പുവരെ ബാഹ്യലോകത്തിന്റെ ശ്രദ്ധയിൽപ്പെട്ടിരുന്നില്ല.
മാതാവിന്റെ ദർശനത്തെക്കുറിച്ച് ഓട്ടോറിക്ഷാ ഡ്രൈവറോടു ചോദിച്ചപ്പോൾ എനിക്കതിൽ യാതൊരു വിശ്വാസവുമില്ലെന്ന് ഒറ്റവാക്കിൽ മറുപടി. എന്നാൽ എനിക്ക് നല്ല ഓട്ടം കിട്ടുന്നുണ്ട്, നല്ല കാശും. മൂന്നു കിലോമീറ്റോളം ഓടിയപ്പോൾ പെട്ടെന്ന് വണ്ടി നിർത്തി. കുണുക്കും ചട്ടയും മുണ്ടും ധരിച്ച തൊണ്ണൂറുവയസു തോന്നിക്കുന്ന സ്ത്രീയും മാതാവിന്റെ അനുഗ്രഹം ലഭിച്ചെന്ന് പറയുന്ന മാതാ സെന്ററിന്റെ നടത്തിപ്പുകാരിയുമായ ഓമനയും നടന്നുവരുന്നതായി ഡ്രൈവർ പറഞ്ഞു. അവരുമായി സംസാരിക്കാൻ വണ്ടിയിൽനിന്നിറങ്ങി.
മധ്യവയസ്‌കയായ തടിച്ച സ്ത്രീയാണ് ഓമന. ഒരു രോഗിയുടെ ഉന്മേഷമില്ലായ്മയും വിഷാദഭാവവും. ടൗൺ വരെ പോകണമെന്നും തിരിച്ചുവന്ന് സംസാരിക്കാമെന്നും അവർ പറഞ്ഞു. വാർത്താ ലേഖകനാണെന്നു പറഞ്ഞതോടെ അവരുടെ മുഖത്തെ വിഷാദം മാറി. തന്നെ അപകീർത്തിപ്പെടുത്താനാണോ എന്ന് ചോദിച്ചു. അല്ലെന്ന് മറുപടിയും നൽകി. മറുനാടൻ മലയാളിയിൽ കഴിഞ്ഞദിവസം വന്ന വാർത്ത അവിടെ വൻചലനങ്ങൾ സൃഷ്ടിച്ചിരിക്കുന്നു. ചെല്ലുന്നിടത്തെല്ലാം അസ്വസ്ഥതയും പ്രതിഷേധവും രോഷവും.
എന്റെ നിർബന്ധത്തിനു വഴങ്ങി അടുത്തുള്ള ചായക്കടയിലേക്ക് വന്ന് സംസാരിക്കാനവർ തയ്യാറായി. നാട്ടുകാരായ ചിലർ അവരോടൊപ്പം കൂടി. മാതാവിന്റെ അനുഗ്രഹം ജനങ്ങൾക്ക് കൈമാറുക എന്നതല്ലാതെ താൻ ഒന്നും ചെയ്യുന്നില്ലെന്നും മാതാവ് കനിഞ്ഞുനൽകുന്ന എണ്ണ കൊടുത്ത് ഭക്തർക്ക് രോഗശാന്തി ലഭിക്കുന്നുണ്ടെന്നും അവർ പറഞ്ഞു. കാൻസർ രോഗത്തിന് നിങ്ങൾ എണ്ണ മാത്രമാണോ കഴിച്ചത് എന്ന് ചോദിച്ചപ്പോൾ മംഗലാപുരത്തെ ഫാ: മുള്ളേഴ്‌സ് മെഡിക്കൽ കോളേജിൽ നിന്നും ചികിത്സ തേടിയിരുന്നതായി അവർ വെളിപ്പെടുത്തി.
മജ്ജയിൽ കാൻസർ ബാധിച്ചു വയ്യാതെ കിടന്നപ്പോൾ, ചട്ടയും മുണ്ടും ധരിച്ചെത്തിയ സ്ത്രീ-മാതാവെന്നു വിശ്വാസം- ഓമനയുടെ പക്കലുണ്ടായിരുന്ന കുഴമ്പു വാങ്ങി ശരീരത്തു തേച്ചെന്നും അന്നുമുതൽ രോഗം മാറിയെന്നുമാണ് കഥ പ്രചരിച്ചിരുന്നത്. അതോടെ, ഓമനയുടെ കാൻസർ രോഗം മാറ്റിയതു മാതാവിന്റെ എണ്ണയാണെന്ന കഥയിൽ കാര്യമില്ലെന്നു മനസിലായി. എണ്ണമാഹാത്മ്യത്തിന്റെ മറ്റൊരു മറുവശം കൂടി അറിഞ്ഞു. മൂന്നു നേരവും മാതാവിന്റെ സന്നിധിയിലെത്തി പ്രാർത്ഥിക്കുകയും എണ്ണ ഉപയോഗിക്കുകയും ചെയ്ത കോട്ടയത്തെ പ്രമുഖ കുടുംബാംഗമായ സ്ത്രീ കാൻസർരോഗബാധിതയായി ഗുരുതരാവസ്ഥയിൽ ഒരു വിളിപ്പാടകലെ കഴിയുന്നുണ്ട്.
ബളാലിലെ മാതാ സെന്ററിലേക്കുള്ള യാത്രയിൽ അദ്ഭുതകരമായ കാഴ്ചകൾ കണ്ടു. ആൾ പെരുമാറ്റം പോലും പരിമിതമായ ആ കുഗ്രാമത്തിൽ പല കടകളും ഹോട്ടലുകളും ഉയർന്നുവന്നിരിക്കുന്നു. ബളാൽ ഗ്രാമം വളരെയേറെ വളർന്നിരിക്കുന്നു. തിരക്കോടു തിരക്ക്. ബുധൻ, ശനി ദിവസങ്ങളിൽ ശരാശരി അയ്യായിരം പേരെത്തുന്നുണ്ടത്രേ. ആകെ 1100 ജനസംഖ്യയുള്ള ഗ്രാമം ഇന്ന് ഏതുനേരവും സജീവമാണ്. നീര മുതൽ മാതാവിന്റെ എണ്ണ ശേഖരിക്കാനുള്ള കുപ്പിവരെ ഇവിടെ ലഭ്യമാണ്. കെട്ടുകണക്കിനു കുപ്പികൾ വിൽക്കാൻ വച്ചിരിക്കുന്നു. ഹോട്ടലുകളിൽ സ്റ്റാർ ഹോട്ടലിലേതിനു സമാനമായ ഭക്ഷണരീതികളും കടന്നു വന്നിരിക്കുന്നു.
ഓമനയുടെ വീട്ടിലേക്ക് കൈരേഖ പോലെയായിരുന്ന നടപ്പുറോഡിനു പകരം ടാറിട്ട റോഡ്. വാഹനങ്ങൾ പാർക്ക് ചെയ്യാൻ നിരവധി സ്ഥലങ്ങൾ. സമീപത്തെ ചില സ്ഥലങ്ങൾ സെന്റ് ആന്റണീസ് ചർച്ച് തന്നെ ഒരുക്കിയിട്ടുണ്ട്. അപൂർവമായി മാത്രം കാറുകൾ സഞ്ചരിക്കാറുണ്ടായിരുന്ന ബളാലിൽ ഇപ്പോൾ ഇന്നോവയും സ്‌കോർപിയോയും മറ്റ് ആഡംബരവാഹനങ്ങളും ചീറിപ്പായുന്നു. മാതാ സെന്ററിലെ അദ്ഭുതങ്ങളിൽ വിശ്വസിക്കുന്നവരും അതു വെറും തട്ടിപ്പാണെന്നു പറയുന്ന ഈശ്വരവിശ്വാസികളും രണ്ടു ചേരിയായിരിക്കുന്നു. ബഌലിലെ മാതാവിനെ വിശ്വസിക്കാൻ ക്രൈസ്തവരോടൊപ്പം ചില ഹിന്ദുക്കളുമുണ്ട്. എതിർക്കുന്നവരെ ഒറ്റപ്പെടുത്താനും സംഘടിതശ്രമമുണ്ട്.
ദേവമാതാ ധ്യാനകേന്ദ്രത്തിലേക്കെത്തുമ്പോൾ ഏതു സമയവും പ്രാർത്ഥനയാണ്. അപരിചിതരെത്തുമ്പോൾ പ്രാർത്ഥനയുടെ ശബ്ദം കൂടുന്നു. മുറ്റത്തു പന്തൽ കെട്ടി ഭക്തർക്കു സൗകര്യമൊരുക്കിയിരിക്കുന്നു. വോളന്റിയർമാർ അങ്ങോട്ടുമിങ്ങോട്ടും ഓടി നടക്കുന്നു. നിരവധി ഖദർധാരികളും എല്ലാം നിയന്ത്രിച്ചു നടക്കുന്നുണ്ട്. സംശയപൂർവം വരുന്നവരെ അവിടെ സ്വാഗതം ചെയ്യില്ലെന്നു നേരത്തേ അറിഞ്ഞിരുന്നു. സമൂഹമാദ്ധ്യമങ്ങളിൽ വാർത്ത വന്നതോടെ പുതുതായി എത്തുന്ന എല്ലാവരെയും അസഹിഷ്ണുതയോടെയാണ് വോളന്റിയർമാർ കാണുന്നത്. ആരു സഹകരിക്കുന്നില്ല. വഴിയിൽ വച്ചു കണ്ടപ്പോൾ നടത്തിപ്പുകാരി ഓമന മൊബൈലിൽ വിളിച്ചുപറഞ്ഞതുകൊണ്ടു എനിക്ക് അകത്തേക്കു കടക്കാൻ എതിർപ്പുണ്ടായില്ല.
ചെരുപ്പ് മുറ്റത്ത് വച്ച് അകത്ത് കടന്നു. ചെറിയ മുറിയിൽ പുറകിലെ ഭിത്തിയോടു ചേർന്നു ദിവ്യഎണ്ണ ഒഴുക്കുന്ന മാതാവിന്റെ തിരുസ്വരൂപവും ഒന്നരയടിയോളം ഉയരമുള്ള സ്വരൂപത്തിന്റെ കാൽക്കീഴിൽ ഒരു പ്ലാസ്റ്റിക് ട്രേയും കുപ്പിയും കാണപ്പെട്ടു. അന്ന് അമ്മച്ചിയുടെ രൂപത്തിൽ മാതാവ് എത്തിയപ്പോൾ തേയ്ക്കാൻ കൊടുത്ത കുഴമ്പുകുപ്പി മാതാവിന്റെ രൂപത്തിനു മുമ്പിലുണ്ട്. ഈ കുപ്പിയിലും ട്രേയിലും ദിവ്യമെന്നു പറയപ്പെടുന്ന എണ്ണയുമുണ്ട്. ഈ ട്രേയിലും കുപ്പിയിലും ഏതു സമയവും എണ്ണ നിറഞ്ഞു തുളുമ്പുമെന്നും ആയിരക്കണക്കിനുപേർ ചെറിയ കുപ്പികളിൽ എണ്ണ വീട്ടിൽ കൊണ്ടുപോകുമെങ്കിലും എണ്ണ കുറയില്ലെന്നുമാണ് നടത്തിപ്പുകാർ അവകാശപ്പെടുന്നത്്.(വ്യാഴാഴ്ചയായതുകൊണ്ടാവാം, ഞാൻ പോരുന്നതുവരെ എണ്ണ അതേപടിയുണ്ട്.) അവിടെ നിന്നു കൊണ്ടുപോകുന്ന എണ്ണ വീട്ടിൽ കൊണ്ടുപോയി സൂക്ഷിക്കുകയും പ്രാർത്ഥിക്കുകയും ചെയ്താൽ രോഗശാന്തിയുണ്ടാകുമെന്നാണ് പ്രചാരണം.
പൂക്കളും ഇലക്ട്രിക് ഇലൂമിനേഷനും കൊണ്ട് അവിടെ മനോഹരമാക്കിയിരിക്കുന്നു. മാതാവിന്റെ രൂപം വച്ചിരിക്കുന്ന വലിയ മേശപ്പുറത്ത് ആകാശനീല നിറമുള്ള വിരി മനോഹരമായി അലങ്കരിച്ച് മറ്റു ഭാഗങ്ങളൊന്നും കാണാത്ത തരത്തിൽ മറച്ചു വച്ചിരിക്കയാണ്. മാന്ത്രികരുടെ മായാജാല പ്രകടനത്തിന് സമാനമായി നീലവിരിപ്പ് നാലു ഭാഗവും തറയിലിഴയുന്നുണ്ട്. വിരിപ്പിനടിയിൽ മേശയാണോ എന്നു പോലും വ്യക്തമല്ല. ഈ മേശയ്ക്കുമുമ്പിൽ മറ്റൊരു ഡെസ്‌ക് വച്ച് ആളുകൾ പ്രവേശിക്കുന്നതു തടഞ്ഞിട്ടുണ്ട്. യാതൊരു കാരണവശാലും മാതാവിന്റെ രൂപത്തിന്റെ അടുത്തേക്കെന്നല്ല മേശയ്ക്കടുത്തേക്കുപോലും ആർക്കും പ്രവേശനമില്ല. അടുത്തു ചെല്ലാൻ ശ്രമിച്ചപ്പോൾത്തന്നെ വോളന്റിയർമാർ തടഞ്ഞു. പ്രവേശനം തടഞ്ഞുകൊണ്ട് അവിടെ ബോർഡും എഴുതിവച്ചിട്ടുണ്ട്. തിരുസ്വരൂപത്തിന്റെ തൊട്ടുപിറകിൽ ചുമരാണ്. ആ ചുമര് അകത്തേക്കു തള്ളിയാണിരിക്കുന്നത്. ആ ഭിത്തിക്കു വാതിലുകളോ ജനലുകളോ ഇല്ല. അതിനു പിറകിലാണ് ഓമന കഴിയുന്നത്. ഭിത്തിക്കു പിന്നിലെന്താണുള്ളതെന്ന് ആർക്കും കാണാനാവില്ല.
വറ്റാതെ പെരുകിവരുന്ന ദിവ്യ എണ്ണയുടെ രഹസ്യമറിയാൻ അവർ അനുവദിക്കില്ലെന്നു ബോധ്യമായി. ഏതു നീക്കവും തടയാൻ അവിടെ നല്ല ആൾബലമുണ്ട്. അവിടത്തെ അന്തരീക്ഷത്തിൽ എണ്ണയൊഴുക്കാൻ ബുദ്ധിയുടെ ചെറിയ പിൻബലം മതി. എന്തെന്തെല്ലാം സാധ്യതകൾ! മജീഷ്യന്മാർ ഇതിലുമെത്രയോ വലിയ അദ്ഭുതങ്ങൾ കാട്ടുന്നുണ്ടെന്നതു വാസ്തവം. ഏതായാലും ഒരു കാര്യമുറപ്പാണ്, സംഘടിതമായ പ്രയത്‌നങ്ങൾ അവിടെ വൻ ദുരൂഹത വളർത്തുന്നു. ഇതിലെ സത്യാവസ്ഥ തെളിയിക്കേണ്ടത് സമൂഹത്തിന്റെ ആവശ്യമാണ്. അല്ലെങ്കിൽ യഥാർത്ഥ ഈശ്വരഭക്തിയുടെയും പ്രാർത്ഥനയുടെയും വിശ്വാസത്തിന്റെയും മേൽ അന്ധവിശ്വാസത്തിന്റെ കരിനിഴൽ വീഴും
(തുടരും)