തിരുവനന്തപുരം: യുഡിഎഫ് സർക്കാരിന്റെ കാലത്ത് കെബി ഗണേശ് കുമാറായിരുന്നു തുടക്കത്തിൽ കായിക മന്ത്രി. സ്പോർട്സ് കൗൺസിലിന്റെ ഭരണം കാര്യക്ഷമമാക്കാൻ കായികതാരങ്ങൾ നയിക്കട്ടേ എന്ന നിലപാട് എടുത്തത് ഗണേശനായിരുന്നു. അങ്ങനെ പ്രസിഡന്റായി പത്മിനി തോമസ് എത്തി. കൗൺസിൽ സെക്രട്ടറിയായി അന്താരാഷ്ട്ര വോളിബോൾ താരമായിരുന്ന അബ്ദുൾ റസാഖും എത്തി. അതായത് കായിക ഭരണം കായികതാരങ്ങൾക്ക് തന്നെ മന്ത്രി നൽകി. ദേശീയ ഗെയിംസ് അടക്കമുള്ള മുന്നൊരുക്കങ്ങളിലും കായികതാരങ്ങളുടെ സജീവ സാന്നിധ്യം കണ്ടു. എന്നാൽ രാഷ്ട്രീയ വിവാദങ്ങളിൽ ഗണേശ് മന്ത്രിസ്ഥാനത്ത് നിന്ന് മാറി. കുറച്ചുകാലം ഉമ്മൻ ചാണ്ടി കയ്യാളിയെ വകുപ്പ് തിരുവഞ്ചൂർ രാധാകൃഷ്ണന് സ്വന്തമായി. ഇതോടെ സ്പോർട്സ് കൗൺസിൽ ഭരണത്തിൽ തിരുവഞ്ചൂർ ഇടപെടലും തുടങ്ങി. ഈ കളിയുടെ ഭാഗമായിരുന്നു അഞ്ജു ബോബി ജോർജിനെ സ്പോർട്സ് കൗൺസിലിന്റെ തലപ്പത്ത് എത്തിച്ചത്.

അത്‌ലറ്റിക്‌സിൽ പിടി ഉഷയോളം തിളക്കമുള്ള പേരാണ് അഞ്ജു ബോബി ജോർജ്. പല കാരണങ്ങൾ കൊണ്ട് പിടി ഉഷയെ കൗൺസിൽ പ്രസിഡന്റാക്കുന്നതിനെ കുറിച്ച് മന്ത്രി ആലോചിച്ചതു പോലുമില്ല. എന്നാൽ അഞ്ജുവിനെ പോലെ ഭരണപരമായ കാര്യങ്ങളിൽ താൽപ്പര്യമില്ലാത്ത താരത്തെ പ്രസിഡന്റാക്കുന്നത് ഗുണം ചെയ്യുമെന്ന് മന്ത്രിയായിരിക്കെ തിരുവഞ്ചൂർ തിരിച്ചറിഞ്ഞു. ഈ രാഷ്ട്രീയ നാടകങ്ങളാണ് അഞ്ജുവിനെ പ്രസിഡന്റ് പദത്തിലെത്തിച്ചത്. കൗൺസിൽ പ്രസിഡന്റാകണമെന്ന നിർദ്ദേശം വന്നപ്പോൾ തന്നെ അത് ഏറ്റെടുക്കാനുള്ള വിഷമങ്ങൾ വ്യക്തമായി അഞ്ജു അറിയിക്കുകയും ചെയ്തു. ഉത്തരവാദിത്തം ഏറ്റെടുത്താൽ മതിയെന്നും ഓഫീസിൽ വരേണ്ടതില്ലെന്നും അന്ന് മന്ത്രി പറഞ്ഞു. ബംഗ്ലുരുവിലെ താമസം വില്ലനാകാതിരിക്കാൻ ഫ്‌ലൈറ്റ് ടിക്കറ്റ് നൽകാമെന്നും പറഞ്ഞു. ഇതൊന്നും അഞ്ജുവിന്റെ സാമ്പത്തിക താൽപ്പര്യങ്ങൾ കാരണമുണ്ടായതല്ലെന്നാണ് മറുനാടന് ലഭിക്കുന്ന സൂചന. സ്പോർട്സ് കൗൺസിലിൽ കാര്യങ്ങൾ നിയന്ത്രിക്കാനുള്ള തിരുവഞ്ചൂരിന്റെ തന്ത്രമായിരുന്നു ഇതെല്ലാം.

ബിനു ജോർജ് വർഗ്ഗീസെന്ന വിശ്വസ്തനെ സ്പോർട്സ് കൗൺസിൽ സെക്രട്ടറിയാക്കിയായിരുന്നു നീക്കങ്ങൾ. പത്മിനി തോമസ് പല തീരുമാനങ്ങൾക്കും എതിരു നിന്നതോടെ ബിനു ജോർജ് വർ്ഗ്ഗീസ് മന്ത്രിയോട് പരാതി പറഞ്ഞു. അങ്ങനെ ഭരണത്തിന്റെ അവസാന നാളിൽ പത്മിനിയെ നീക്കാൻ ആഭ്യന്തരമന്ത്രി തീരുമാനിച്ചു. പകരം എത്തുന്ന ആൾ പത്മിനിയെക്കാൾ മികച്ച കായികതാരമാകണമെന്ന് ഉറപ്പിച്ചു. കൗൺസിൽ അധ്യക്ഷനാക്കാൻ കരുക്കൾ നീക്കിയ കേരളാ ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡന്റ് ടിസി മാത്യുവിന്റൈ സാധ്യതകൾ ഇല്ലാതാക്കാൻ അഞ്ജുവിലൂടെ കഴിയുമെന്നും മനസ്സിലാക്കി. അങ്ങനെ അഞ്ജുവിലേക്ക് കാര്യങ്ങളെത്തിച്ചു. വല്ലപ്പോഴും തിരുവനന്തപുരത്ത് വന്നാൽ മതിയെന്നും കാര്യങ്ങളെല്ലാം ബിനു പി ജോർജ് വർഗ്ഗീസ് നിർവ്വഹിച്ചോളുമെന്നും അറിയിച്ചു. അനുജനെ അസിസ്റ്റന്റെ സെക്രട്ടറിയാക്കാമെന്നും അറിയിച്ചു. അങ്ങനെ അഞ്ജുവിനെ ഒരു തരത്തിൽ പറഞ്ഞു സമ്മതിച്ചു.

പിന്നെ വല്ലപ്പോഴും വരുന്ന പ്രസിഡന്റിനെ മുന്നിൽ നിർത്തി സെക്രട്ടറി ഭരണമായി. അന്താരഷ്ട്ര താരമായിരുന്ന അബ്ദുൾ റസാഖിനെ ഗണേശിനെ വിശ്വസ്താനായി മുദ്രകുത്തിയാണ് പുറത്താക്കിയത്. ഡെപ്യൂട്ടേഷനിൽ സെക്രട്ടറിയായ റസാഖിനെ മുന്നറിയിപ്പൊന്നുമില്ലാതെ പൊലീസിലേക്ക് മടക്കി അയച്ചു. ഏറെ വേദനയുമായാണ് റസാഖ് പടിയിറങ്ങിയത്. അതിന് ശേഷം എംജി സർവ്വകലാശാലയിലെ കായിക അദ്ധ്യാപകനായ വിശ്വസ്തനെ സെക്രട്ടറിയാക്കി തിരുവഞ്ചൂർ കൗൺസിൽ ഭരണത്തിൽ നേരിട്ട് ഇടപെട്ടു. രമേശ് ചെന്നിത്തലയെന്ന കരുത്തന്റെ പിന്തുണ ഉണ്ടായിട്ടു പോലും പത്മിനി തോമസിന് കായിക മന്ത്രിയുടെ നീക്കങ്ങളെ പ്രതിരോധിക്കാൻ കഴിഞ്ഞില്ല. ദേശീയ ഗെയിംസ് വിവാദങ്ങളുടെ മറയിൽ പത്മിനി തോമസിനെ തന്ത്രപരമായി ഒഴിവാക്കി. കൗൺസിൽ പുനഃസംഘടനയുടെ പേരിൽ ജില്ലാ കൗൺസിലുകളിൽ പോലും വിശ്വസ്തരെ തിരുവഞ്ചൂർ നിയമിച്ചുവെന്നതാണ് യാഥാർത്ഥ്യം.

അഞ്ജു ജോർജ് പ്രസിഡന്റായതോടെ എല്ലാം തിരുവഞ്ചൂരിന്റെ ഇ്ഷ്ടപ്രകാരമായി. പ്രിസഡന്റിനെ നോക്കുകുത്തിയാക്കി സെക്രട്ടറി ഭരിച്ചു. സ്വജനപക്ഷപാതത്തിലൂടെ കൗൺസിലിൽ ഭരണം മുന്നോട്ട് പോയി. കായിക കേരളത്തിന് കരുത്താകുന്നതൊന്നും സംഭവിച്ചില്ല. ഇഷ്ടമില്ലാത്തവരെ തലങ്ങും വിലങ്ങും സ്ഥലം മാറ്റി. വിരമിച്ച കോച്ചുമാരേയും ട്രെയിനേഴ്‌സിനേയും മറ്റും കരാർ അടിസ്ഥാനത്തിൽ നിയമനം നൽകി. ഇങ്ങനെ സർവ്വത്ര അഴിമതിയുടെ സാധ്യതകൾ വിനിയോഗിക്കപ്പെട്ടു. ഇതിലൊന്നും പ്രസിഡന്റിന് ഒരു റോളുമില്ലായിരുന്നു. സെക്രട്ടറിയുടെ ശുപാർശയുള്ളതിനെല്ലാം സർക്കാർ ഉത്തരവുകൾ നൽകിയാണ് സ്വന്തക്കാരെ കൗൺസിലിൽ കുത്തി നിറച്ച് തിരുവഞ്ചൂർ കായിക സംഘടനയുടെ ഭരണത്തിൽ ഇടപെടൽ നടത്തിയത്. അവസാന കൗൺസിൽ യോഗത്തിൽ പോലും വ്യാപക സ്ഥലം മാറ്റ തീരുമാനങ്ങൾ ഉണ്ടായി. വൻ പരാതികളായി ഇത് മാറുകയും ചെയ്തു. ഭരണം മാറിയാൽ എന്ത് സംഭവിക്കുമെന്ന് സെക്രട്ടറി തിരിച്ചറിഞ്ഞിരുന്നു. അതിനാൽ സെക്രട്ടറി പദത്തിലെ ഡെപ്യൂട്ടേഷൻ ഒഴിവാക്കി എംജി സർവ്വകലാശാലയിലേക്ക് ബിനു ജോർജ് വർഗ്ഗീസ് കൂടുമാറി.

ഫലത്തിൽ പുതിയ സർക്കാർ അധികാരത്തിലെത്തുമ്പോൾ എല്ലാം വിശദീകരിക്കേണ്ട ബാധ്യത പ്രസിഡന്റ് അഞ്ജു ബോബി ജോർജിനായി. എന്താണ് കൗൺസിലിൽ സംഭവിക്കുന്നതെന്ന് കൃത്യമായി തന്നെ കായിക മന്ത്രി ഇപി ജയരാജനെ ധരിപ്പിച്ചു. അവസാന നാളിലെ തീരുമാനങ്ങളിലെ അഴിമതിയും ബോധ്യപ്പെടുത്തി. പ്രസിഡന്റിന്റെ വിമാനയാത്രയിലെ പ്രശ്‌നങ്ങളും മന്ത്രി അറിഞ്ഞു. ഇതിനെതിരെ നടപടിയെടുക്കാൻ മന്ത്രി തയ്യാറെടുക്കുന്നതിനിടെയാണ് അഞ്ജുവെത്തിയത്. മുമ്പിൽ പരാതിയായെത്തിയതെല്ലാം പ്രസിഡന്റിനോട് മന്ത്രി നേരിട്ട് ചോദിച്ചു. മന്ത്രിയെന്ന നിലയിൽ അതിനുള്ള അവകാശവും അധികാരവും ജയരാജനുണ്ടായിരുന്നു. എന്നാൽ ഇത്തരം ചോദ്യം ചെയ്യലുകൾക്ക് വിധേയയാകാത്ത അഞ്ജുവെന്ന കായികതാരത്തിന് അത് ഉൾക്കൊള്ളാനായില്ല. കൗൺസിലിൽ മുഴുവൻ അഴിമതിയാണെന്ന മന്ത്രിയുടെ പരമാർശത്തിൽ അഞ്ജു തെറ്റിധരിക്കപ്പെടുകയും ചെയ്തു. ഒപ്പമുണ്ടായിരുന്ന വൈസ് പ്രസിഡന്റിന്റെ വിലയിരുത്തൽ അഞ്ജുവിനെ മന്ത്രി അഴിമതിക്കാരിയാക്കിയെന്നായിരുന്നു. ഇതായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്റെ അടുത്തേക്ക് പരാതിയുമായി കായികതാരത്തെ എത്തിച്ചത്.

മന്ത്രിയുടെ പ്രതികരണങ്ങളിൽ അഞ്ജുവിനെ വേദനിപ്പിച്ചത് വിമാനയാത്രയിലെ ആക്ഷേപമായിരുന്നു. ബംഗ്ലുരുവിലാണ് അഞ്ജുവിന്റെ താമസം. തിരുവനന്തപുരത്ത് വരുന്നത് വിമാനത്തിലാണ്. ഈ വിമാന ടിക്കറ്റിന്റെ തുക കൗൺസിൽ നൽകും. അതായത് ഓഫീസിലെത്താൻ വിമാന ചാർജ്ജ് എഴുതിയെടുക്കുന്നു. സാധാരണ ഔദ്യോഗിക യാത്രകൾക്കാണ് എന്നാൽ ഇവിടെ ഓഫീസിൽ വരാനായി വിമാനയാത്രക്കൂലി. യുഡിഎഫ് സർക്കാരിന്റെ കാലത്ത് പ്രത്യേക ഉത്തരവ് തന്നെ ഇതിനായി ഇറക്കിയിരുന്നു. ഇതു സംബന്ധിച്ച മന്ത്രിയുടെ ചോദ്യങ്ങളാണ് അഞ്ജുവിനെ കുഴച്ചത്. ഇതിനൊപ്പം സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് പദം താൽക്കാലികം അല്ലെന്നും അത് ഫുൾ ടൈം ആണെന്നും ഓർമിപ്പിച്ചു. സ്ഥിരമായി തിരുവനന്തപുരത്ത് ഉണ്ടാകണമെന്നാണ് മന്ത്രി ആവശ്യപ്പെട്ടത്. എല്ലാത്തിനും പുറമേ സ്വന്തം അനുജനെ സ്പോർട്സ് കൗൺസിലിൽ നിയമിക്കാൻ നടത്തിയ നീക്കവും ചോദ്യമായെത്തി. ഇതോടെ അഞ്ജുവിന് ഉത്തരമില്ലാതെയായി. ഇതിനൊപ്പം സ്‌പോർട് കൗൺസിലിൽ അഴിമതി നടക്കുന്നുണ്ട് എന്നും മന്ത്രി പറഞ്ഞു.

സ്പോർട്സ് കൗൺസിലിലെ പ്രശ്‌നങ്ങൾ മുഖ്യമന്ത്രിക്കും അറിയാമായിരുന്നു. കായിക സെക്രട്ടറിയായിരുന്ന എം ശിവശങ്കറാണ് മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി. കാര്യങ്ങൾ അഞ്ജുവിന്റെ വരവ് അറിഞ്ഞപ്പോൾ തന്നെ മുഖ്യമന്ത്രിയും മനസ്സിലാക്കി. അഞ്ജുവിനെ പോലൊരു അത്‌ലറ്റിന് വേണ്ടത്ര പരിഗണന നൽകി മുഖ്യമന്ത്രി ആശ്വസിപ്പിച്ചു. അപ്പോഴും ജയരാജനെ തള്ളിപ്പറയാൻ മുഖ്യമന്ത്രി തയ്യാറായില്ല. സ്പോർട്സ് കൗൺസിലിൽ അഞ്ജു തുടരുമെന്ന് ഉറപ്പും നൽകിയില്ല. സ്പോർട്സ് കൗൺസിലിൽ സമ്പൂർണ്ണ അഴിച്ചുപണിയാണ് ജയരാജൻ ലക്ഷ്യമിടുന്നത്. എല്ലാ പ്രശ്‌നത്തിലും കൗൺസിൽ മുൻ സെക്രട്ടറി ബിനു ജോർജ് വർഗ്ഗീസിന്റെ ഇടപെടലും ജയരാജൻ തിരിച്ചറിയുന്നു. അഞ്ജുവിനെ സർക്കാരിനെതിരെ തിരിച്ചുവിട്ടതു പോലും ബിനുവാണോ എന്ന സംശയം മന്ത്രിക്കുണ്ട്. ഈ സാഹചര്യത്തിൽ അഴിമതിയും സ്പോർട്സ് കൗൺസിലിലെ ഇടപാടിലും വിജിലൻസ് അന്വേഷണമാണ് മന്ത്രി ലക്ഷ്യമിടുന്നത്.

യുഡിഎഫ് സർക്കാരിന്റെ ഭരണകാലത്ത് അഞ്ജു ബോബി ജോർജിന്റെ സഹോദരനും കായികതാരം സിനിമോൾ പൗലോസിന്റെ ഭർത്താവും പരിശീലകനുമായ അജിത്ത് മാർക്കോസിനെ അസി. സെക്രട്ടറി ടെക്‌നിക്കൽ വിഭാഗത്തിലുള്ള ഒഴിവിൽ മാനദണ്ഡങ്ങൾ ലംഘിച്ച് നിയമിക്കാൻ നീക്കം നടത്തിയത് വിവാദമായിരുന്നു. 80,000 രൂപ ശമ്പളമുള്ള തസ്തികയിലേക്കാണ് പിൻവാതിൽ നിയമനത്തിനു നീക്കമുണ്ടായത്. ഇതേ തസ്തികയിലേക്ക് മുമ്പ് അജിത്ത് അപേക്ഷ നൽകിയിരുന്നുവെങ്കിലും അന്നത്തെ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് പത്മിനി തോമസ് അജിത്തിന് മതിയായ യോഗ്യതകളില്ലെന്ന് കണ്ടെത്തിയതിനെ തുടർന്ന് അപേക്ഷ തള്ളുകയായിരുന്നു. കഴിഞ്ഞ നവംബർ 27ന് സംസ്ഥാന സ്പോർട്സ് കൗൺസിൽ പ്രസിഡന്റായി അഞ്ജു ബോബി ജോർജ് ചുമതലയേറ്റതോടെ വീണ്ടും നിയമനത്തിനുള്ള നീക്കം നടത്തുകയായിരുന്നു.

സാധാരണഗതിക്ക് ഒരോ സർക്കാരും മാറുമ്പോൾ സ്പോർട്സ് കൗൺസിൽ പ്രസിഡന്റുമാരും മാറാറുണ്ട്. അതൊഴിവാക്കാനും അഞ്ജുവിനെ മാറ്റുമ്പോൾ വിവാദം ആകുമെന്ന് ഉറപ്പുള്ളതുകൊണ്ടുമാണ് ഭരണം ഒഴിയുന്നതിന് നാല് മാസം മുമ്പ് പത്മിനിയെ മാറ്റി അഞ്ജുവിനെ ആക്കിയത്. ഇതിലൂടെ അഞ്ജുവിനെ മാറ്റുന്നത് തടയമാമെന്നും കരുതി. സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് സ്ഥാനം മുഴുവൻ സമയ പ്രവർത്തനമായിരിക്കേ മാസത്തിൽ ഒന്നോ രണ്ടോ തവണ മാത്രം ബാംഗ്ലൂരിൽ നിന്നും വന്നുപോകുന്ന അഞ്ജുവിന്റെ രീതിയിൽ ഇടത് സർക്കാരിന് താൽപര്യമില്ല. അതുകൊണ്ട് തന്നെ പുതിയ പ്രസിഡന്റ് ഉണ്ടാകുമെന്ന് ഉറപ്പാണ്. മുൻ പ്രസിഡന്റും സിപിഐ(എം) നേതാവുമായി ടിപി ദാസന്റെ പേരാണ് ഈ സ്ഥാനത്തേക്ക് സജീവമായി ഉയർന്നു കേൾക്കുന്നത്.