തിരുവനന്തപുരം: പഴയ സാധനങ്ങൾ ഉണ്ടെങ്കിൽ കൊണ്ടു വരൂ. തുണിയാണെങ്കിൽ കിലോയ്ക്ക് രൂപ 300, പ്ലാസ്റ്റിക്കാണെങ്കിൽ കിലോയ്ക്ക് നൂറ് രൂപ. ഇലക്ട്രോണിക്‌സ് ഉപകരണങ്ങൾ എങ്കിൽ ഒരെണ്ണത്തിന് ആയിരം രൂപ.

ഫെബ്രുവരി പകുതി മുതൽ മാർച്ച് അവസാനം വരെ മാലിന്യങ്ങൾ വിറ്റ് കാശാക്കാം. തിരുവനന്തപുരത്തെ എല്ലാ പത്രങ്ങളിലും അരപ്പേജ് വാർത്തയായിരുന്നു ഇത്. അങ്ങനെ തലസ്ഥാന നിവാസികളെല്ലാം ബിഗ് ബസാറിലേക്ക് ഒഴുകി. മൂന്ന് വർഷമായി ഈ പരസ്യ വാചകം വരുന്നതും കാത്ത് തിരുവനന്തപുരത്തുകാർ ഇരുന്നു. കൂട്ടിവച്ച പാഴ് വസ്തുക്കളുമായി ബിഗ് ബസാറിലെത്തി. വിളപ്പിൽശാല മാലിന്യ പ്ലാന്റ് പൂട്ടിയതു മുതൽ തിരുവനന്തപുരം നേരിടുന്ന മാലിന്യ പ്രശ്‌നത്തിന് ബിഗ് ബസാർ നൽകുന്ന സേവനമായി പലരും ഇതിനെ കണ്ടു.

പക്ഷേ പരസ്യവാചകത്തിലേത് പോലെയല്ല കാര്യങ്ങൾ എന്നതാണ് വസ്തുത. പഴയ സാധനം നൽകിയാൽ കാശു കിട്ടില്ല. പകരം കൂപ്പൺ കിട്ടും. അതായത് പത്ത് കിലോ തുണി നൽകിയാൽ മൂവായിരം രൂപയുടെ കൂപ്പൺ. അതുമായി മുകളിൽ പോകണം. ആവശ്യത്തിന് സാധനം വാങ്ങിച്ച ശേഷം ഈ കൂപ്പൺ ഉപയോഗിക്കാം. തുണിയും മറ്റുമാണെങ്കിൽ ഇരുപത്തിയഞ്ച് ശതമാനം. മറ്റ് സാധനങ്ങൾക്ക് പന്ത്രണ്ട് ശതമാനവും. അങ്ങനെ തിരുവനന്തപുരത്തുകാർ പഴയ സാധനവും കൊടുത്ത് ആവശ്യത്തിന് സാധനവും വാങ്ങി മടങ്ങി.

തിരുവനന്തപുരത്ത് കിഴക്കേക്കോട്ടയിലും കേശവദാസപുരത്തും ബിഗ് ബസാറിന് ഷോറൂമുകൾ. നാൽപ്പത് ദിവസമായി തിരക്കോട് തിരിക്ക്. എല്ലാവരും പാഴ് വസ്തുക്കൾ നൽകി സാധനങ്ങളുമായി മടങ്ങി. പലരും വാങ്ങുന്ന പാഴ് വസ്തുക്കൾ എന്തുചെയ്യുമെന്ന് ബിഗ് ബസാറിലെ ജീവനക്കാരോട് തിരിക്കി. എല്ലാം ലോറിയിൽ ഗോഡൗണ്ടിൽ കൊണ്ടു പോകുമെന്നായിരുന്നു അവരുടെ മറുപടി. റീ സൈക്കിൾ ചെയ്ത് ഉപയോഗിക്കുന്ന സാങ്കേതിക വിദ്യയായിരിക്കുമെന്ന് വരുത്തി തീർത്തു.

ഇതിനിടെയാണ് സത്യം പുറം ലോകത്ത് എത്തിയത്. ലോറിയിൽ കയറ്റി ആളൊഴിഞ്ഞ സ്ഥലത്ത് തള്ളുകയാണ് ബിഗ് ബസാർ ചെയ്യുന്നത്. തിരുവനന്തപുരം മേയർ പ്രശാന്ത് കളി കൈയോടെ പിടിച്ചു. പിഴയും അടപ്പിച്ചു. പത്രക്കുറിപ്പും ഇറക്കി. ബിഗ് ബസാറാണ് ഇത് ചെയ്തതെന്ന് വ്യക്തമാക്കി തന്നെയായിരുന്നു കോർപ്പറേഷന്റെ പത്രക്കുറിപ്പ്. അതുകൊണ്ട് കൊടുക്കാതിരിക്കാൻ കഴിയാത്ത അവസ്ഥയിലുമായി പത്രങ്ങൾ. എന്നാൽ ഏത് കടയിൽ നിന്നാണ് ചവർ കൊണ്ട് തള്ളിയതെന്ന് മാത്രം ആരും വാർത്ത കൊടുത്തില്ല. ബിഗ് ബസാറിന്റെ പേര് നൽകാതെ കോർപ്പറേഷനെ തൃപ്തിപ്പെടുത്താൻ വാർത്ത. കാരണം അടുത്ത വർഷവും ബിഗ് ബസാറിന്റെ ജി ഗ്രേറ്റ് എക്‌സ്‌ചേഞ്ച് സെയിൽ പരസ്യം ഇവർക്കും കിട്ടും. അതിലെ സാമ്പത്തിക ചിന്ത തന്നെയാണ് കാരണം. ഈ പദ്ധതി പൊളിഞ്ഞാൽ പിന്നെ എങ്ങനെ പരസ്യം കിട്ടും. അതുകൊണ്ട് തന്നെ കള്ളക്കളിയും.

തിരുവനന്തപുരം നഗരസഭാ പരിധിയിൽ തിരുമല കൊങ്കളത്തു പൊതു സ്ഥലത്തു മാലിന്യം നിക്ഷേപിച്ച ബിഗ് ബസാറിനെതിരേ കേസെടുക്കുകയും 25000 രൂപ ചുമത്തുകയും ചെയ്തു. അതു കൊണ്ട് മാത്രം നടപടി നിർത്താതെ രാത്രിയുടെ മറവിൽ ആരുമറിയാതെ കൊണ്ടുതള്ളിയ മാലിന്യം നീക്കം ചെയ്യണമെന്ന കർശന നിർദ്ദേശവും നഗരത്തിന്റെ മേയർ നൽകി. പഴകിയ സാധനങ്ങൾ എടുത്തു പർച്ചേസിനായി വൗച്ചർ നൽകുന്ന ബിഗ്ബസാറിന്റെ പദ്ധതിയുടെ ഭാഗമായി ഉപഭോക്താക്കളിൽനിന്നു വാങ്ങിയ പഴകിയ ചെരുപ്പുകളും ബാഗുകളും ഉൾപ്പെടുന്ന വസ്ത്തുക്കളാണ് അധികാരികൾ രാത്രിയുടെ മറവിൽ കൊണ്ടുതള്ളിയത്. പരിസ്ഥിതിക്ക് ഹാനികരമായ വസ്തുക്കൾ വരെ ഇതിലുണ്ടായിരുന്നു. കൊങ്കുളത്തെ സ്വകാര്യ വ്യക്തിയുടെ പറമ്പിലും പൊതുസ്ഥലത്തുമായി ബിഗ് ബസാർ ഈ മാലിന്യം കൊണ്ടു നിക്ഷേപിച്ചത്. അഞ്ച് ലോഡുകളായി കൊണ്ടുവന്നത് കഴിഞ്ഞ ദിവസം രാത്രിയാണ് മാലിന്യം തള്ളിയത്.

സംഭവം ശ്രദ്ധയിൽപ്പെട്ട നാട്ടുകാരാണ് വിവരം മേയറെയും സംഘത്തെയും അറിയിച്ചത്. പിന്നീട് മടിച്ചു നിൽക്കാതെ മേയർ ഉടനടി നടപിടിയുമായി രംഗത്തെത്തുകയായിരുന്നു. ഇന്നു രാവിലെ സ്ഥലത്തെത്തിയ മേയറും പ്രശാന്തും സംഘവും ബിഗ് ബസാർ അധികൃതരാണ് മാലിന്യം തള്ളിയതെന്ന് മനസിലാക്കി. തുടർന്ന് നാട്ടുകാരിൽ നിന്നും കാര്യങ്ങൾ ചോദിച്ചറിഞ്ഞ് ഉടനടി നടപടി കൈക്കൊള്ളുകയായിരുന്നു. ബിഗ് ബസാർ അധികൃതരെ സ്ഥലത്തു വിളിച്ചുവരുത്തി മാലിന്യങ്ങൾ ഇരുപത്തിനാലു മണിക്കൂറിനുള്ളിൽ നീക്കാനും നിർദ്ദേശം നൽകി. ഇതിനൊപ്പമാണ് പത്രക്കുറിപ്പ് ഇറക്കി തട്ടിപ്പ് ജനങ്ങളെ ബോധ്യപ്പെടുത്താൻ കോർപ്പറേഷൻ ശ്രമിച്ചത്. അവിടെ മേയറേയും കോർപ്പറേഷനേയും സ്ഥാപനത്തിന്റെ പേരു മറച്ചുവച്ച് നിരാശരാക്കി മാദ്ധ്യമങ്ങൾ.

ഇന്ത്യയിലെ ഏറ്റവും വലിയ റീടെയിൽ കച്ചവട സ്ഥാപനമാണ് ബിഗ് ബസാർ. എല്ലാ പ്രധാന നഗരത്തിലും ഷോറുമുകളുണ്ട്. നേരിട്ട് സാധനങ്ങളെടുത്ത് നേരിട്ട് ഉപഭോക്താക്കളിലെത്തിക്കുന്നുവെന്നാണ് പ്രചരണം. എന്നാൽ മിക്ക സാധനങ്ങൾക്കും റിടെയിൽ വില തന്നെ നൽകണം. രാജ്യത്താകമാനം ഉള്ള കടകൾക്കായി ഫാക്ടറികളിൽ നിന്ന് നേരിട്ട് സാധനങ്ങളെടുക്കുന്നതിനാൽ വലിയ വിലക്കുറവിൽ ബിഗ് ബസാറിന് സാധനങ്ങൾ ലഭിക്കും. അങ്ങനെയാണ് കച്ചവടം പൊടിപൊടിക്കുന്നത്. ബിഗ് ബസാർ എത്തിയതോടെ ചെറുകിടക്കാരെല്ലാം പൂട്ടി. പലർക്കും തൊഴിൽ നഷ്ടം. ആത്മഹത്യ ചെയ്തവരും ഉണ്ട്. ഇതിനൊപ്പമാണ് എപ്രകാരമാണ് പൊള്ളയായ വാഗ്ദാനങ്ങളിൽ ബിഗ് ബസാർ സാധാരണക്കാരെ ആകർഷിക്കുന്നതെന്ന് വ്യക്തമാകുന്നത്. സമൂഹം നേരിടുന്ന വലിയ പ്രശ്‌നമാണ് മാലന്യം. അണുകുടുംബങ്ങളും ഫ്‌ലാറ്റുകളും പെരുകിയതിന്റെ ബാക്കി പത്രം. കച്ചവടം കൂട്ടാനായി അതിന്റെ സാധ്യത പോലും വിദഗ്ധമായി ഉപയോഗിക്കുന്നു. അതിന്റെ ഉത്തമോദാഹരണമാണ് തിരുവനന്തപുരത്ത് കണ്ടത്.

പ്ലാസ്റ്റികും വസ്ത്രങ്ങളും ചെരുപ്പുകലും അങ്ങനെ എല്ലാം അവർ വാങ്ങുന്നു. ഇവ റീ സൈക്കിൾ ചെയ്യുകയല്ല ബിഗ് ബസാർ ചെയ്യുന്നതെന്നാണ് വ്യക്തമാകുന്നത്. പരിസ്ഥിതിക്ക് ദോഷമുണ്ടാകുന്ന തരത്തിൽ എല്ലാം എവിടെയോ തള്ളുന്നു. അല്ലെങ്കിൽ കത്തിച്ചു കളയുന്നു. ഇത് ചെയ്യാൻ കരാറുകാരേയും ചുമതലപ്പെടുത്തുന്നു. തിരുവനന്തപുരത്തെ മാലിന്യങ്ങൾ തള്ളുന്നത് പിടിക്കുമ്പോൾ ഒരു തെറ്റും ചെയ്തില്ലെന്നായിരുന്നു ബിഗ് ബസാറുകാർ പറഞ്ഞത്. ചവറ് നശിപ്പിക്കൽ കരാറുകാരുടെ ചുമതലയാണെന്നും പറഞ്ഞു. പക്ഷേ തിരുവനന്തപുരം കോർപ്പറേഷൻ മുട്ടുമടക്കിയില്ല. അപ്പോഴും പത്രക്കുറിപ്പ് വരുമെന്ന് കരുതിയില്ല. സാമൂഹ്യമാദ്ധ്യമങ്ങൾ പത്രക്കുറിപ്പ് ഏറ്റെടുത്തു. അതുകൊണ്ട് ജനം അറിഞ്ഞു. അതിനാൽ മനോരമ വാർത്ത നൽകി. അപ്പോഴും ബിഗ് ബസാർ എന്ന ആഗോള ഭീമന്റെ പേര് ഒളിപ്പിക്കുകയും ചെയ്തു.