ന്യൂഡൽഹി: നവംബർ നാലിനകം ഇറാനിൽനിന്നുള്ള എണ്ണ ഇറക്കുമതി പൂർണമായി അവസാനിപ്പിക്കണമെന്ന അമേരിക്കൻ പ്രസിഡന്റ് ഡൊണാൽഡ് ട്രംപിന്റെ ഉത്തരവ് ശിരസാവഹിക്കുകയായിരുന്നു ഇന്ത്യ. ഇറാനിൽനിന്നുള്ള ഇറക്കുമതി ഘട്ടം ഘട്ടമായി അവസാനിപ്പിക്കാൻ ഇന്ത്യ തീരുമാനിച്ചു. യൂറോപ്യൻ യൂണിയനും ചൈനയുമടക്കം ഈ നിർദ്ദേശത്തോട് പ്രതികരിക്കാതിരുന്നപ്പോൾ, ട്രംപിനോടുള്ള വിധേയത്വം കാരണം ഇറാനെ കൈവിടാൻ ഇന്ത്യ തീരുമാനിച്ചു. ഇറക്കുമതിയിലുണ്ടായ ഈ വ്യത്യാസം ഇന്ത്യയിൽ ഇന്ധനവില റോക്കറ്റുപോലെ കുതിച്ചുയരാൻ ഇടയാക്കിയിരിക്കുകയാണ്.

ക്രൂഡ് ഓയിൽവില ബാരലിന് 80 ഡോളറിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്. ഇന്ത്യയിൽ പെട്രോൾവില മുംബൈയിൽ 86.72 രൂപയും ഡൽഹിയിൽ 79.31 രൂപയുമായി. കഴിഞ്ഞ പത്തുദിവസമായി വില മുകളിലേക്ക് കയറുമ്പോൾ നട്ടെല്ലൊടിയുന്നത് ഇന്ത്യയിലെ കോടിക്കണക്കായ പാവപ്പെട്ടവരുടേതാണ്. താങ്ങാനാവാത്ത വിധത്തിൽ വിലക്കയറ്റം പിടിമുറുക്കിയിരിക്കുകയാണിപ്പോൾ. കേന്ദ്ര, സംസ്ഥാന സർക്കാരുകൾ പലവിധത്തിലുള്ള ന്യായീകരണങ്ങളുമായി രംഗത്തുവരുന്നുണ്ടെങ്കിലും സാധാരണക്കാരനെ കരകയറ്റാൻ അതൊന്നും പര്യപ്തമല്ല.

അമേരിക്കയുൾപ്പെടെ എണ്ണയുദ്പാദക രാജ്യങ്ങൾ ഉദ്പാദനം കുറച്ചതും ഇറാനിൽനിന്നുള്ള ഇറക്കുമതിക്ക് അമേരിക്ക നിയന്ത്രണംവെച്ചതുമെല്ലാം ചേർന്നാണ് അന്താരാഷ്ട്ര വിപണിയിൽ ക്രൂഡോയിലിന്റെ വില കുതിച്ചുയരാനിടയാക്കിയത്. ഇതിനൊപ്പം രൂപയുടെ മൂല്യത്തകർ്ച്ച കൂടിയായതോടെ ഇന്ത്യയിൽ ഇന്ധനവില മേഖലയിലെ ഏറ്റവും ഉയർന്ന തോതിലായി. അയൽരാജ്യങ്ങളായ ചൈന, നേപ്പാൾ, ശ്രീലങ്ക, പാക്കിസ്ഥാൻ, ബംഗ്ലാദേശ് എന്നിവിടങ്ങളിലെല്ലാം ഇന്ത്യയെക്കാൾ കുറവാണ് ഇന്ധനവില.

ലോകത്തേറ്റവും കൂടുതൽ എണ്ണ ഉദ്പാദിപ്പിക്കുന്ന രാജ്യങ്ങളിലൊന്നാണ് അമേരിക്ക. വാഹന ഉപയോഗവും അവിടെ വളരെയേറെ കൂടുതലാണ്. എന്നാൽ, അമേരിക്കയിൽ പെട്രോൾ ലിറ്ററിന് 53.88 രൂപയാണ് വില. ഡീസലിന് 58.9 രൂപയും. പ്രതിദിനം 14.86 ദശലക്ഷം ബാരൽ ക്രൂഡോയിലാണ് അമേരിക്ക ഉദ്പാദിപ്പിക്കുന്നത്. ആഗോള ഉദ്പാദനത്തിന്റെ 15.3 ശതമാനം വരുമിത്. ഗൾഫ് മേഖലയിലെ എണ്ണയുദ്പാദക രാജ്യങ്ങളിൽ ഒന്നാമതുള്ള സൗദി ദിവസം 12.39 ദശലക്ഷം ബാരൽ ക്രൂഡ് ഓയിലാണ് ഉദ്പാദിപ്പിക്കുന്നത്.

പാക്കിസ്ഥാനിൽ 65.2 രൂപയാണ് ഒരു ലിറ്റർ പെട്രോളിന്റെ വില. ഡീസൽ 61.56 രൂപയ്ക്കും ലഭിക്കും. നാണ്യപ്പെരുപ്പം പിടിച്ചുനിർത്തുന്നതിനായി ഇന്ധനവിലയിൽ കുറവുവരുത്തുമെന്ന് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ കഴിഞ്ഞയാഴ്ച പ്രഖ്യാപിച്ചിരുന്നു. അപ്പോൾ ഇനിയും വിലകുറയും. ശ്രീലങ്കയിൽ 69.09 രൂപയാണ് പെട്രോൾ വില. ഡീസലിന് 51.9 രൂപയും. ഇന്ത്യയിൽനിന്ന് വൻതോതിൽ ഇന്ധനം ഇറക്കുമതിചെയ്യുന്ന നേപ്പാളിൽ പെട്രോൾ 71.25 രൂപയ്ക്കും ഡീസൽ 59.43 രൂപയ്ക്കും വാങ്ങാനാവും. ചൈനയിൽ 78.95 രൂപയാണ് ഒരു ലിറ്റർ പെട്രോളിന്റെ വില. ഡീസലിന് 70.49 രൂപയും.

ഗ്രാഫിക്‌സിന് കടപ്പാട്: ബിസിനസ് ടുഡേ