ലോകം നേരിടുന്ന ഏറ്റവും മാരകമായ ഭീഷണികളേതൊക്കെയാണ്? സുനാമി പോലുള്ള പ്രകൃതി ക്ഷോഭങ്ങൾ ചിലപ്പോൾ ഒരു ഭൂഖണ്ഡത്തെപ്പോലും ഇല്ലാതാക്കിയേക്കാം. എന്നാൽ, ലോകത്തിന്റെ മൊത്തം അന്ത്യത്തിന് കാരണമായേക്കാവുന്ന ദുരന്തങ്ങളും അപകടങ്ങളും വേറെയുണ്ട്. ഇത്തരം ഏഴ് ഭീഷണികൾ ലോകത്തിന് മുന്നിലുണ്ടെന്ന് ശാസ്ത്രജ്ഞർ പറയുന്നു.

സൂപ്പർവോൾക്കാനോയാണ് അത്തരത്തിൽ ലോകാവസാനത്തിന് കാരണമായേക്കാവുന്ന ദുരന്തങ്ങളിലൊന്ന്. 1000 ക്യുബിക് കിലോമീറ്റർ പരിധിയിലേക്ക് ലാവയും മറ്റ് അവശിഷ്ടങ്ങളും വമിപ്പിക്കാൻ ശേഷിയുള്ളവയാണ് സൂപ്പർവോൾക്കാനോ. ഇന്നേവരെ ലോകം അത് ദർശിച്ചിട്ടില്ല. എന്നാൽ, അത്തരമൊരു മാറ്റം ഭൂമിക്കടിയിൽ നടക്കുന്നുണ്ടാകുമെന്ന് വിദഗ്ദ്ധർ പറയുന്നു. ഇത്തരത്തിലൊരു സൂപ്പർവോൾക്കാനോയ്ക്ക് യൂറോപ്പ് പോലൊരു വലിയ ഭൂഭാഗത്തെത്തന്നെ തുടച്ചുനീക്കാൻ കഴിയും. 27,000 വർഷങ്ങൾക്ക് മുമ്പ് ന്യൂസീലൻഡിൽ അത്തരമൊരു സ്‌ഫോടനമുണ്ടായതായാണ് കണക്കാക്കുന്നത്.

വിവിധ രാജ്യങ്ങളുടെ ശേഖരത്തിലുള്ള ആണവ ബോംബുകൾ മനുഷ്യരാശി നേരിടുന്ന മറ്റൊരു വലിയ ഭീഷണിയാണ്. അണുബോംബ് ശേഖരത്തിന് അപകടം സംഭവിച്ചാൽ നിമിഷങ്ങൾകൊണ്ട് ലോകം തന്നെ ഇല്ലാതായേക്കാമെന്ന സാഹചര്യമുണ്ട്. അമേരിക്കയും സോവിയറ്റ് യൂണിയനും തമ്മിൽ ആണവയുദ്ധമുണ്ടായാൽ അത് ലോകാവസാനമായിരിക്കുമെന്ന് മുമ്പ് കരുതപ്പെട്ടിരുന്നു. എന്നാലിപ്പോൾ, മിക്കവാറും എല്ലാ രാജ്യങ്ങളും ആണവശേഷിയുള്ളവരാണ്. ആ നിലയ്ക്ക് ഇനിയുണ്ടാകുന്ന ലോകയുദ്ധം മിക്കവാറും ലോകാവസാനമാകുമെന്നാണ് കരുതുന്നത്.

ക്ഷുദ്രഗ്രഹങ്ങളും ഉൽക്കകളും നിറഞ്ഞ ബഹിരാകാശമാണ് ഭൂമിക്ക് മുകളിലുള്ളത്. ഉൽക്കകളും മറ്റും താഴേയ്ക്ക് വീഴുന്നുണ്ടെങ്കിലും പലപ്പോഴും അന്തരീക്ഷത്തിലെത്തുന്നതിന് മുന്നെ അവ കത്തിയമർന്ന് പോകാറുണ്ട്. പലതും ഭൂമിക്കരികിലൂടെ അപകടരഹിതമായി കടന്നുപോവുകയും ചെയ്യുന്നു. എന്നാൽ, ഭീമാകാരമായ ഉൽക്കളിലൊന്ന് നേരിട്ട് ഭൂമിയിൽ പതിച്ചാലും വലിയൊരു പ്രദേശം അപ്പാടെ ഇല്ലാതാകും. ഡിനോസറുകളുടെ കാലം ഇല്ലാതായത് അത്തരത്തിലൊരു ഉൽക്കാപതനത്തിലാണെന്ന് കരുതപ്പെടുന്നു. ഹിരോഷിമയിൽ വീണ അണുബോംബിനെക്കാൾ പത്ത് ലക്ഷം മടങ്ങ് ശേഷിയുള്ളതാകും ഉൽക്കാപതനത്തിലൂടെ ഉടലെടുക്കുന്ന ഊർജസ്‌ഫോടനമെന്നാണ് കരുതുന്നത്.

ആഗോളതാപനവും കാലാവസ്ഥാ വ്യതിയാനവും ഉയർത്തുന്ന ഭീഷണിയും അതുപോലെ ശക്തമാണ്. സൂര്യപ്രകാശത്തിൽനിന്നുള്ള അപകടകരമായ ഘടകങ്ങളെ വേർതിരിച്ച് വെളിച്ചവും ചൂടും മാത്രം പ്രദാനം ചെയ്യുന്നതിൽ അന്തരീക്ഷത്തിന്് നിർണായക പങ്കുണ്ട്. എന്നാൽ, അന്തരീക്ഷത്തിന്റെ സന്തുലിതാവസ്ഥ നഷ്ടമാകുന്നതോടെ പ്രകൃതിയുടെ ഈ കവചം നഷ്ടമാവുകയും ലോകത്തിന്റെ നിലനിൽപ്പ് തന്നെ അപകടത്തിലാവുകയും ചെയ്യും. ഭൂമിയിലെ ചൂട് ക്രമാതീതമായി വർധിച്ചാൽ ജീവന്റെ നിലനിൽപ്പ് ചോദ്യം ചെയ്യപ്പെടും.

ഭൂമിക്കും പ്രപഞ്ചത്തിലെ സർവ ചരാചരങ്ങൾക്കും ഊർജം പ്രദാനം ചെയ്യുന്നത് സൂര്യനാണ്. എന്നാൽ, സൂര്യൻ ഇല്ലാതാകുന്ന കാലത്തെക്കുറിച്ച് ആലോചിച്ചിട്ടുണ്ടോ? അത്തരമൊരു കാലമുണ്ടാകുമെന്നാണ് ശാസ്ത്രം കണക്കുകൂട്ടുന്നത്. അത് മനുഷ്യരാശിക്ക് കാണേണ്ടിവരില്ലെന്നുമാത്രം. ഏകദേശം 500 കോടി വർഷങ്ങൾക്കപ്പുറം സംഭവിച്ചേക്കാവുന്ന കാര്യമാണത്. സൂര്യൻ അണയുന്നതിന് ഏറെമുമ്പെതന്നെ ഭൂമിയിലെ ജീവജാലങ്ങളെല്ലാം ഇല്ലാതാകും.

സൗരയുഥത്തിന് പുറത്തെ നക്ഷത്രങ്ങളേതെങ്കിലും ഈ രീതിയിൽ പൊട്ടിത്തെറിച്ചാൽ അതിന്റെ അലയൊലികളും ഭൂമിയെ പ്രതികൂലമായി ബാധിച്ചേക്കാം. ഗാമ റേഡിയേഷനുകൾ ലോകത്തിന്റെ നിലനിൽപ്പ് അപകടത്തിലാക്കാം. ചിലപ്പോൾ ഒരു സെക്കൻഡോ ഏതാനും മണിക്കൂറുകളോ മാത്രമാകും ഈ റേഡിയേഷനുണ്ടാവുകയെങ്കിലും അത് ആയുഷ്‌കാലം കൊണ്ട് സൂര്യൻ പുറത്തുവിടുന്ന ഊർജത്തോളം വരും.

പ്ലേഗ്, വസൂരി തുടങ്ങിയ പകർച്ചവ്യാധികൾ ലോകത്ത് ഉണ്ടാക്കിയ നാശനഷ്ടങ്ങൾക്ക് ചരിത്രത്തിൽ ഒട്ടേറെ ഉദാഹരങ്ങളുണ്ട്. അത്തരമൊരു മാരകമായ രോഗം പകർന്നുപിടിച്ചാലും അത് ലോകാവസാനത്തിലേക്ക് നീളും. 2003-ൽ പടർന്നുപിടിച്ച സാർസ് ആയിരത്തോളം പേരെയാണ് കൊന്നൊടുക്കിയത്. അടുത്തിടെ നിയന്ത്രണ വിധേയമായ എബോള പതിനായിരത്തിലേറെപ്പേരെയും. ഓരോ രോഗങ്ങളും ഇല്ലാതാകുമ്പോൾ, രോഗാണുകൾ മരുന്നുകളെ അതിജീവിച്ച് പുതിയ രൂപത്തിൽ പുറത്തുവരുന്നുണ്ട്. മറ്റൊരു മാരക രോഗമായി അത് വീണ്ടും പ്രത്യക്ഷപ്പെടുകയും ചെയ്യും.