വയനാട്: വിവാഹങ്ങളിലെ ആഡംബരങ്ങളും ധൂർത്തുമൊക്കെ പലപ്പോഴും വിമർശന വിധേയമാകാറുണ്ട്. സാമൂഹ്യ മാധ്യമങ്ങളിൽ ഇത്തരം ദൃശ്യങ്ങൾ അടക്കം പ്രചരിക്കാറുമുണ്ട്. എന്നാൽ വിവാഹ സൽക്കാരത്തിൽ ആഡംബരം ഒഴിവാക്കി ആ പണം കൊണ്ട് ഏതാനും പേരെ പുതുജീവിതത്തിലേക്ക് കൈപിടിച്ചു നടത്തുക എന്നത് ഒരു ധന്യതയുള്ള പ്രവർത്തിയാണ്. ഒരു കുടുംബത്തിന്റെ ആഹ്ലാദ നിമിഷങ്ങൾ ഒരു നാടിന്റെ ആകെ ആഹ്ലാദമായി മാറുന്ന നിമിഷങ്ങൾ.

വിവാഹ സൽക്കാരവേദിയിൽ മറ്റ് 22 പേരുടെകൂടി വിവാഹം നടത്തി മാതൃക സൃഷ്ടിക്കുകയാണ് വയനാട്ടിലെ ഒരു കുടുംബം. നടി റെബ മോണിക്ക ജോണിന്റെ ഭർതൃ കുടുംബമാണ് വിവാഹ സൽക്കാര വേദി ഒരു സമൂഹവിവാഹത്തിന്റെ വേദി കൂടിയാക്കി മാറ്റിയത്.

വയനാട് മാനന്തവാടി സ്വദേശിയും ദുബൈയിൽ ഉദ്യോഗസ്ഥനുമായ ജോയ്‌മോൻ ജോസഫുമായുള്ള റെബയുടെ വിവാഹം ജനുവരി 10ന് ബംഗളൂരുവിൽ വച്ചായിരുന്നു. മാർച്ച് 27ന് ആണ് വിവാഹ സൽക്കാരവും ഒപ്പം സമൂഹ വിവാഹമേളയും സംഘടിപ്പിച്ചത്. മാനന്തവാടി സെന്റ് പാട്രിക് സ്‌കൂൾ ആയിരുന്നു ചടങ്ങിന്റെ വേദി.



മാനന്തവാടി വടക്കേടത്ത് ജോസഫ് ഫ്രാൻസിസ്, ജോളി ഫ്രാൻസിസ് എന്നിവരുടെ മകനാണ് ജോയ്‌മോൻ ജോസഫ്. മകന്റെ വിവാഹച്ചെലവ് ചുരുക്കി ആ പണം ഉപയോഗിച്ച് സമൂഹവിവാഹം സംഘടിപ്പിക്കുക എന്ന തങ്ങളുടെ ആഗ്രഹം മകനോടും മരുമകളോടും അവർ അറിയിക്കുകയായിരുന്നു. ഇരുവരും പിന്തുണച്ചതോടെ ജനപ്രതിനിധികളുടെയും മറ്റും സഹകരണത്തോടെ പരിപാടി സംഘടിപ്പിക്കുകയായിരുന്നു. മന്ത്രി റോഷി അഗസ്റ്റിൻ അടക്കമുള്ള പ്രമുഖർ പങ്കെടുത്തു.

സ്ത്രീധനത്തിനെതിരായ സന്ദേശം എന്ന നിലയ്ക്കാണ് സമൂഹ വിവാഹം സംഘടിപ്പിച്ചതെന്ന് വ്യവസായി കൂടിയായ ജോസഫ് ഫ്രാൻസിസ് പറഞ്ഞു. സ്ത്രീധനം വലിയൊരു വിപത്താണ്. അത് ഈ സമൂഹത്തിൽ നിന്ന് എടുത്തുമാറ്റാൻ ഒരു പ്രചോദനമാവാൻ വേണ്ടിയാണ് ഇത്തരമൊരു ചടങ്ങ് സംഘടിപ്പിച്ചത്. തങ്ങളുടെ വിവാഹ സൽക്കാരം ഇത്തരമൊരു വേദിയിൽ നടന്നതിൽ ഏറെ സന്തോഷമുണ്ടെന്ന് റെബയും ജോയ്‌മോനും പറഞ്ഞു.

ജീവകാരുണ്യ രംഗത്ത് വർഷങ്ങളായി പ്രവർത്തിക്കുന്ന സ്പന്ദനം എന്ന സംഘടനയുടെ മുഖ്യ രക്ഷാധികാരിയാണ് ജോസഫ് ഫ്രാൻസിസ്. വിവിധ ജാതി, മത വിഭാഗങ്ങളിൽ പെട്ട 22 പേരുടെ വിവാഹമാണ് ഒരേ വേദിയിൽ നടന്നത്. വധൂവരന്മാർക്ക് സ്വർണ്ണാഭരണങ്ങളും വസ്ത്രവും ഒപ്പം 2500 പേർക്ക് വിരുന്നും ഒരുക്കിയിരുന്നു.

അതേസമയം റെബയുടെയും ജോയ്‌മോന്റെയും പ്രണയവിവാഹമാണ്. ഒരു വർഷം മുമ്പാണ് ജോയ്‌മോൻ തന്നോട് പ്രണയം പറഞ്ഞതെന്ന് റെബ സോഷ്യൽമീഡിയ വഴി അറിയിച്ചിരുന്നു. കൂടാതെ ഇടയ്ക്കിടെ ജോയ്‌മോനൊപ്പമുള്ള ഡേറ്റിങ് ചിത്രങ്ങളും റെബ പങ്കുവെക്കാറുണ്ടായിരുന്നു. മലയാളി ആണെങ്കിലും റെബ ബാംഗ്ലൂരിലാണ് കുടുംബസമേതം താമസിക്കുന്നത്. താരത്തിന്റെ സിനിമാ അരങ്ങേറ്റം വിനീത് ശ്രീനിവാസൻ സിനിമ ജേക്കബിന്റെ സ്വർ?ഗരാജ്യത്തിലൂടെയായിരുന്നു. നിവിൻ പോളി നായകനായ സിനിമ 2016ൽ ആണ് റിലീസ് ചെയ്തത്.

യഥാർഥ സംഭവത്തെ ആസ്പദമാക്കിയാണ് ജേക്കബിന്റെ സ്വർഗരാജ്യം വിനീത് ശ്രീനിവാസൻ ഒരുക്കിയത്. ചിപ്പി എന്ന നിവിന്റെ കാമുകിയുടെ വേഷമായിരുന്നു റെബ അവതരിപ്പിച്ചത്. വിജയ് ചിത്രം ബിഗിലിൽ അനിതയെന്ന കഥാപാത്രം തമിഴിലും നിരവധി ആരാധകരെ നേടിക്കൊടുത്തു.

ജർഗണ്ടി, ധനുഷ് രാശി നെയ്യാർകളെ തുടങ്ങിയ ചിത്രങ്ങളിലും അഭിനയിച്ചു. വിഷ്ണു വിശാൽ നായകനാകുന്ന എഫ് ഐ ആർ ആണ് റെബയുടെ പുതിയ ചിത്രം. മനു ആനന്ദ് ആണ് സിനിമ സംവിധാനം ചെയ്യുന്നത്.