തിരുവനന്തപുരം: സീറോ-മലബാർ സഭ തലവനെ ചാനൽ ചർച്ചകളിൽ കള്ളനെന്ന് അധിക്ഷേപിച്ച ഫാ.ജോസഫ് പാറേക്കാട്ടിൽ സംഘടിപ്പിച്ച ധ്യാനം കൂടാൻ വിശ്വാസികൾ വിസമ്മതിച്ച സംഭവത്തോടെ സത്യവിരുദ്ധമായ പക്ഷത്ത് നിൽക്കുന്നവർ കണ്ണുതുറക്കുമെന്ന് കരുതിയാൽ തെറ്റി. ക്രിസ്മസ് രാത്രിയിൽ കുർബാന അർപ്പിച്ചാൽ ജീവൻ ഇല്ലാതാക്കി കളയുമെന്ന് കഴിഞ്ഞ ഡിസംബർ 23 ന് സീറോ-മലബാർ സഭ മേജർ ആർച്ച് ബിഷപ്പ് മാർ ആലഞ്ചേരിയെ ഭീഷണിപ്പെടുത്തിയവർ അത് വിശുദ്ധവാരത്തിലും ആവർത്തിക്കാനുള്ള പുറപ്പാടിലാണ്.

സഭാത്തലവന് വിശുദ്ധകർമ്മങ്ങളിൽ പങ്കെടുക്കുന്നതിൽ നിന്ന് അപ്രഖ്യാപിത വിലക്ക് ഏർപ്പെടുത്തിയിരിക്കുകയാണ് വിമത വൈദികർ.ഓശാന ഞായറാഴ്ച വിശുദ്ധകർമം അനുഷ്ഠിക്കേണ്ടത് സഭാതലവനാണെന്നതുകൊണ്ട് നോട്ടീസിൽ പേരുവച്ചിട്ടുണ്ട്. എന്നാൽ, പിതാവിനെ ഭീഷണിപ്പെടുത്തി സമ്മർദ്ദത്തിലാക്കി പങ്കെടുപ്പിക്കാതിരിക്കാനാണ് നീക്കം നടക്കുന്നത്.

മാർ ആലഞ്ചേരിയെ വധിക്കാൻ ഒരുസംഘം വൈദികർ ഗൂഢാലോചന നടത്തിയെന്ന ആരോപണം തെളിയിക്കുന്ന വീഡിയോ മറുനാടൻ മലയാളി അടുത്തിടെ പുറത്ത് വിട്ടിരുന്നു. പിതാവിനെ നേരിൽ കണ്ട് ഒരുസംഘം ഭീഷണി മുഴക്കുന്ന വീഡിയോയാണ് പുറത്തുവന്നത്. ഇതുമായി ബന്ധപ്പെട്ട് ഇന്ത്യൻ കാത്തലിക് ഫോറം പ്രസിഡന്റ് അഡ്വ.മെൽബിൻ മാത്യു കൊച്ചി സിറ്റി അസിസ്റ്റന്റ് കമ്മീഷണർ മുമ്പാകെ പരാതി നൽകുകയും ചെയ്തു.

മാർ ആലഞ്ചേരി പിതാവിനെ വധിക്കണമെന്ന ഉദ്ദേശ്യത്തോട് കൂടി 2017 ഡിസംബറിൽ ആറ് ഗൂണ്ടകളെ റിന്യൂവൽ സെന്ററിലും ബിഷപ്പ് ഹൗസിലുമായി താമസിപ്പിച്ചു. എന്നാൽ, ഈ ഗൂഢപദ്ധതി പരാജയപ്പെട്ടു. ഇതുകൂടാതെ ഡിസംബർ 23 ന് അന്ന ഷിബി എന്ന സ്ത്രീയൂടെ നേതൃത്വത്തിൽ പത്തോളം ഗൂണ്ടകൾ ആലഞ്ചേരി പിതാവിനെ തടസ്സപ്പെടുത്തി ക്രിസ്മസ് രാത്രിയിൽ കുർബാന അർപ്പിച്ചാൽ ജീവൻ ഇല്ലാതാക്കി കളയുമെന്ന് ഭീഷണിപ്പെടുത്തി.

ഫാ.കുര്യാക്കോസ് മുണ്ടാടൻ, ഫാ.പോൾ കരേടൻ, ഫാ.ജോസഫ് പാറേക്കാട്ടിൽ,ഫാ.ജോയ്സ് കൈതക്കാട്ടിൽ, ഫാ.ബെന്നി മാരാംപരമ്പിൽ എന്നിവർക്കെതിരെയാണ് ഗൂഢാലോചന ആരോപിക്കുന്നത്.എറണാകുളം-അങ്കാമാലി അതിരൂപതാ സഹായ മെത്രാന്മാർ സെബാസ്റ്റ്യൻ എടയന്ത്രത്ത് പിതാവിന്റെ നേതൃത്വത്തിൽ നടക്കുന്ന സേവ് എ ഫാമിലി എന്ന സംഘടനയുടെ മറവിൽ പാവങ്ങളെ സഹായിക്കാൻ എന്ന പേരിൽ, ഫാ.അഗസ്റ്റിൻ വട്ടോളിയുടെ നേതൃത്വത്തിൽ മാവോയിസ്റ്റുകൾക്കും മറ്റു തീവ്രവാദ സംഘടനകൾക്കും സഹായം ചെയ്യുന്നതായ വിവരം കിട്ടിയപ്പോൾ മാർ ആലഞ്ചേരി താക്കീത് ചെയ്തിരുന്നു. ഇതിന്റെ വിരോധത്തിനാണ് വൈദിക സമിതി സെക്രട്ടറി ഫാ.കുര്യാക്കോസ് മുണ്ടാടന്റെ നേതൃത്വത്തിൽ ഗൂഢാലോചന നടത്തിയതെന്നാണ് പരാതിയിലെ ആരോപണം.

ഫാ.അഗസ്റ്റിൻ വട്ടോളി കുർബാന ചൊല്ലാതെ വിധ്വംസക പ്രവർത്തനങ്ങൾ നടത്തിവരുന്നയാളാണെന്ന് പരാതിയിൽ ആരോപിക്കുന്നു. ഇദ്ദേഹത്തിന്റെ എല്ലാവിധ പ്രവർത്തനങ്ങൾക്കും ഒത്താശ നൽകുന്നത് മാർ എടയന്ത്രത്ത് പിതാവ് ആണ്. ഫാ.കുര്യാക്കോസ് മുണ്ടാടനെയും, ഫാ.പോൾ കരേടനെയും മെത്രാന്മാരായി വാഴിക്കാത്തതിൽ അവർക്ക് കടുത്ത വിരോധം ആലഞ്ചേരി പിതാവിനോടുണ്ട്. ധ്യാനത്തിന്റെ മറവിൽ പല പ്രശ്നങ്ങളും ഉണ്ടാക്കിയിട്ടുള്ള പാറേക്കാട്ടിലച്ചനും തന്നെ ആലഞ്ചേരി പിതാവ് താക്കീത് ചെയ്തതിലുള്ള വിരോധമാണ്. ഇതോടെയാണ് ഏതുവിധത്തിലും ആലഞ്ചേരി പിതാവിനെ ഇല്ലായ്മ ചെയ്ത് രൂപതയിലെ അധികാരം പിടിച്ചടക്കാനാണ് ശ്രമം. ഇതോടെ കാനഡയിൽ നിന്ന് സേവ് എ ഫാമിലിയുടെ പേരിൽ വരുന്ന പണം ഉപയോഗിച്ച് വിധ്വംസക പ്രവർത്തനങ്ങൾ നടത്തുകയാണ് ലക്ഷ്യമെന്നും പരാതിയിൽ ആരോപിക്കുന്നു.ഇവർക്കെതിരെ ഇന്ത്യൻ ശിക്ഷാ നിയമപ്രകാരവും മഹറോൺ നിയമപ്രകാരവും കേസെടുക്കേണ്ടതാണെന്നും പരാതിയിൽ ആവശ്യപ്പെട്ടിരുന്നു.വധഭീഷണി, ഗൂഢാലോചന എന്നിവയെ കുറിച്ച് പ്ര്ത്യേക സംഘത്തെ നിയോഗിച്ച് അന്വേഷിക്കണമെന്നും കൊച്ി സിറ്റി അസിസ്റ്റന്റ് കമ്മീഷണർക്ക് അയച്ച പരാതിയിൽ പറയുന്നു.

തനിക്കെതിരെയുള്ള ഭീഷണി കണക്കിലെടുത്ത് കർദ്ദിനാൾ മാർ ആലഞ്ചേരി ക്രിസ്മസ് രാ്രത്രിയിൽ തിരുക്കർമ്മങ്ങളിൽ പങ്കെടുത്തിരുന്നില്ല.സമാനമായ രീതിയിൽ ഓശാന ഞായറാഴ്ചയും തിരുകർമ്മങ്ങൾ അനുഷ്ഠിക്കുന്നതിൽ നിന്ന് പിതാവിനെ എങ്ങനെയും തടയുക എന്നതാണ് വിമത വൈദികരുടെ ലക്ഷ്യം. പിതാവിനെ പേര് നോട്ടീസിൽ അച്ചടിച്ചതുകൊണ്ട് തിരുക്കർമ്മങ്ങളിൽ പങ്കെടുക്കാതിരുന്നാൽ അതിന്റെ പേരിൽ അദ്ദേഹത്തെ പഴി ചാരുകയും ആവാം. അതേസമയം, ഭീഷണി നിലിനിൽക്കുന്ന കാര്യം മറച്ചുവയ്ക്കാനും കഴിയും. ഇത്തരം നീക്കങ്ങൾക്കെതിരെയാണ് ഇന്ത്യൻ കാത്തലിക് ഫോറം രംഗത്തെത്തിയിരിക്കുന്നത്.

സഭാപിതാവിനെ അവഹേളിക്കുന്ന വിധത്തിൽ പരാമർശം നടത്തിയ ഫാ.ജോസഫ് ഫാറേക്കാട്ടിൽ നടത്താനിരുന്ന ധ്യാനം വേണ്ടെന്ന് വച്ചാണ് വിശ്വാസികൾ രംഗത്തെത്തിയത് ഉരുണ്ടുകൂടുന്ന പ്രതിഷേധത്തിന്റെ കരുത്താണ് സൂചിപ്പിക്കുന്നത്. പാലാ രൂപതയിലെ തൊടുപുഴക്കടുത്തുള്ള തുടങ്ങാനാട് സെന്റ് തോമസ് ഫൊറോനാ പള്ളിയിൽ വച്ചാണ് ധ്യാന പരിപാടി നടക്കേണ്ടിയിരുന്നത്. എന്നാൽ വിവാദ വൈദികന്റെ പരാമർശങ്ങൾ ശ്രദ്ധയിൽ പെട്ടതോടെ ഇദ്ദേഹം ധ്യാനത്തിന് നേതൃത്വം നൽകുകയാണെങ്കിൽ പങ്കെടുക്കില്ലെന്ന് വിശ്വാസികൾ തുറന്നു പറഞ്ഞു. ഇതോടെ ഇടവകയിൽ ഈ അച്ചന്റെ ധ്യാനം വേണ്ടെന്ന് പറഞ്ഞ് തള്ളിക്കളഞ്ഞിരിക്കുകയാണ്. അതുപോലെ തന്നെ ഫാ.ജോസ് പുത്തൻവീട്ടിൽ വിശുദ്ധവാരത്തിന് ശേഷം നടത്താനിരുന്ന കുവൈററ് സന്ദർശനവും വിശ്വാസികളുടെ എതിർപ്പ് മൂലം റദ്ദാക്കിയതായാണ് വിവരം. അടുത്താഴ്ച നടക്കേണ്ടിയിരുന്ന ഫാ.ജോസ് പുത്തൻവീട്ടിലിന്റെ കുവൈറ്റ് സന്ദർശനം വേണ്ടെന്ന് വച്ചത് സഭാപിതാവിനെ അവഹേളിക്കുന്ന നിലപാടിനോടുള്ള പ്രതിഷേധം എന്ന നിലയിലാണ്.

വിശുദ്ധ വാരം അടുത്തെത്തി നിൽക്കെ സഭാ പിതാവിനെതിരെ നിരന്തര യുദ്ധത്തിലേർപ്പെടുകയും അദ്ദേഹത്തെ വിലക്കാൻ നീക്കങ്ങൾ നടത്തുകയും ചെയ്യുന്നത് സീറോ-മലബാർ സഭയുടെ അന്തസ്സിനെ ആകെ കെടുത്തുമെന്നാണ് ഇന്ത്യൻ കാത്തലിക് ഫോറം പരിതപിക്കുന്നത്.കർദ്ദിനാളിനെതിരെ പടവാളെടുത്തിരിക്കുന്ന സഹായ മെത്രാന്മാരായ സെബാസ്റ്റ്യൻ എടയന്ത്രത്തിനെയും, ഫാ.ജോസ് പുതിയേടത്തിനെയും വിമതവൈദികരെയും സഭയുടെ ഒരുതരത്തിലുള്ള പ്രവർത്തനങ്ങളിലും പങ്കെടുപ്പിക്കരുതെന്നാണ് വിശ്വാസികൾ ആഗ്രഹിക്കുന്നതെന്ന് ഇന്ത്യൻ കാത്തലിക് ഫോറം പ്രസിഡന്റ് അഡ്വ.മെൽബിൻ മാത്യു മറുനാടൻ മലയാളിയോട് പറഞ്ഞു.

ആത്മീയതയുടെ വസ്ത്രമണിഞ്ഞവരിൽ വിവേകത്തിന്റെ അംശമുണ്ടായിരുന്നെങ്കിൽ അല്പം കൂടി കാത്തിരുന്ന് സഭാതലങ്ങളിൽ തന്നെ ഭൂമിതർക്കം പരിഹരിക്കേണ്ടതല്ലേയെന്നാണ് വിശ്വാസികൾ ചോദിക്കുന്നത്. ചാനലായ ചാനലുകളെല്ലാം കയറി സഭാ പിതാവിനെ കള്ളനെന്നും വിശ്വാസികളെ പട്ടികളെന്നും മറ്റും അധിക്ഷേപിക്കുന്നത് വൈദികപദവിയുടെ തന്നെ ദുരുപയോഗമാണെന്നാണ് വിമർശനം ഉയരുന്നത്.

വിമത വൈദികരെ ഒറ്റപ്പെടുത്തണമെന്നാണ് സഭയിലെ തെക്കൻ അനുകൂലികളുടെ പക്ഷം. സഭാനിലപാടിന് വിരുദ്ധമായ നിലപാടാണ് പലപ്പോഴും സത്യദീപം സ്വീകരിക്കുന്നതെന്ന വിമർശനവും ഇതിനിടെയുണ്ട്. അതുകൊണ്ട് തെക്കൻ രൂപതകൾ സത്യദീപത്തെ ബഹിഷ്‌ക്കരിക്കാനും തുടങ്ങി. ഏതായാലും സഭാതലവനെ വിശുദ്ധവാരത്തിൽ വിലക്കാനും മറ്റുമുള്ള വിമതവൈദികരുടെ ഗൂഢനീക്കം പൊറുപ്പിക്കേണ്ടതില്ലെന്നും അവരെ ഒറ്റപ്പെടുത്തണമെന്നുമുള്ള വികാരം വിശ്വാസികളിൽ പ്രബലമാകുകയാണ്.