തിരുവനന്തപുരം: നാമനിർദേശ പത്രിക പിൻവലിക്കാനുള്ള സമയപരിധി കഴിഞ്ഞതോടെ വിമത ശല്യത്തിൽ വലഞ്ഞു യുഡിഎഫ്. എട്ടു പേരാണു യുഡിഎഫ് വിമതരായി മത്സരിക്കുന്നത്. അപരന്മാർക്കും പഞ്ഞമില്ലാത്തതാണ് ഇക്കുറി സ്ഥാനാർത്ഥിപ്പട്ടിക. അതിനിടെ, സംസ്ഥാനത്തെ എല്ലാ പ്രശ്ന ബാധിത ബൂത്തുകളിലും കേന്ദ്ര സേനയെ വിന്യസിക്കുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷൻ നസീം സെയ്ദി വ്യക്തമാക്കി.

സംസ്ഥാനത്ത് നാമനിർദ്ദേശ പത്രിക പിൻവലിക്കാനുള്ള സമയപരിധി ഇന്ന് മൂന്ന് മണിക്ക് അവസാനിച്ചിരുന്നു. ഔദ്യോഗിക സ്ഥാനാർത്ഥികൾക്ക് ഭീഷണിയായി വിമത-അപര സ്ഥാനാർത്ഥികൾ നിരവധിയാണ്.

യുഡിഎഫ് വിമതസ്ഥാനാർത്ഥികളലെ പ്രമുഖ പി.സി.വിഷ്ണുനാഥ് മത്സരിക്കുന്ന ചെങ്ങന്നൂർ മണ്ഡലത്തിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കുന്ന ശോഭനാ ജോർജാണ്. തദ്ദേശ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് കണ്ണൂർ കോർപ്പറേഷൻ ഭരണം നഷ്ടപ്പെടുത്തിയ പി.കെ രാകേഷും വിമത സ്ഥാനാർത്ഥികളിൽ ശ്രദ്ധേയനാണ്. യു.ഡി.എഫിൽ മുസ്ലിം ലീഗ് മത്സരിക്കുന്ന അഴീക്കോട് മണ്ഡലത്തിലാണ് രാകേഷ് മത്സരിക്കുന്നത്. ഇരിക്കൂറിൽ മന്ത്രി കെ.സി ജോസഫിനെതിരെ വിമതനായി രംഗത്ത് വന്ന അഡ്വ. ബിനോയ് തോമസും പത്രിക പിൻവലിച്ചിട്ടില്ല. പേരാവൂരിൽ സി.കെ ജോസഫാണ് യു.ഡി.എഫ് വിമതൻ. കൊച്ചിയിൽ കെ.ജെ ലീനസും ഏറ്റുമാനൂരിൽ ജോസ്മോൻ മുണ്ടയ്ക്കലും കുട്ടനാട്ടിൽ ജോസ് കോയിപ്പള്ളിയും വിമതരായി രംഗത്തുണ്ട്.

ഇരുമുന്നണികൾക്കും അപരന്മാരുള്ള മണ്ഡലങ്ങൾ പലതാണ്. തൃപ്പൂണിത്തുറയിൽ മന്ത്രി കെ.ബാബുവിനും എൽ.ഡിഎഫ് സ്ഥാനാർത്ഥി എം.സ്വരാജിനും അപരസ്ഥാനാർത്ഥികൾ ഉണ്ട്. തിരുവനന്തപുരത്തെ എൽ.ഡി.എഫ് സ്ഥാനാർത്ഥി ആന്റണി രാജുവിനും യു.ഡി.എഫ് സ്ഥാനാർത്ഥി വി എസ്. ശിവകുമാറിനും അപരന്മാരുണ്ട്. ഉദുമ മണ്ഡലത്തിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥി കെ.കുഞ്ഞിരാമൻ, യു.ഡി.എഫിലെ കെ.സുധാകരൻ എന്നിവർക്ക് അതേ പേരിൽ അപരന്മാരുണ്ട്. തിരുവനന്തപുരം ജില്ലയിലെ അരുവിക്കരയിൽ യു.ഡി.എഫ് സ്ഥാനാർത്ഥി കെ.എസ്. ശബരിനാഥനും എൽ.ഡി.എഫ് സ്ഥാനാർത്ഥി അബ്ദുൽ റഷീദിനും അപര ശല്യമുണ്ട്. നെടുമങ്ങാട് മണ്ഡലത്തിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥി സി ദിവാകരനും അപരനുണ്ട്. എറണാകുളത്തെ എൽ.ഡി.എഫ് സ്ഥാനാർത്ഥി അനിൽകുമാറിന് രണ്ട് അപരന്മാരാണുള്ളത്. കൂത്തുപറമ്പ് മണ്ഡലത്തിൽ മന്ത്രി കെ.പി. മോഹനന് അതേപേരിൽ അപരനുണ്ട്. വടകരയിൽ ആർ.എംപി സ്ഥാനാർത്ഥി കെ.കെ.രമയ്ക്ക് അപര സ്ഥാനാർത്ഥിയായി കെ രമ മത്സരിക്കുന്നുണ്ട്. അവസാന നിമിഷം എത്തിയപ്പോൾ കുന്നംകുളത്തെ ഇടത് വലത് സ്ഥാനാർത്ഥികളുടെ അപരന്മാർ പത്രിക പിൻവലിച്ച സംഭവവുമുണ്ടായി.

200 ലേറെ പ്രശ്ന ബാധിത ബൂത്തുകളാണ് സംസ്ഥാനത്ത് ഉള്ളതെന്നാണു മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ വാർത്താസമ്മേളനത്തിൽ അറിയിച്ചത്. പ്രശ്ന ബാധിത ബൂത്തുകളിൽ വെബ് കാസ്റ്റിങ് സംവിധാനം നടപ്പാക്കുമെന്നും തെരഞ്ഞെടുപ്പ് കമ്മിഷൻ അറിയിച്ചു. വോട്ടെടുപ്പ് കേന്ദ്രങ്ങളിൽ തണൽ ഉറപ്പാക്കും. കടുത്ത വേനൽ കണക്കലെടുത്ത് വോട്ടിങ് കേന്ദ്രങ്ങളിൽ കുടിവെള്ളം വിതരണം ചെയ്യും. തെരഞ്ഞെടുപ്പ് കമ്മിഷന്റെ മൊബൈൽ ആപ്പ് പുറത്തിറക്കിയതായും തെരഞ്ഞെടുപ്പ് കമ്മിഷൻ അറിയിച്ചു. ഏറ്റവും കൂടുതൽ പ്രശ്നബാധിത ബൂത്തുകൾ ഉള്ളത് വടക്കൻ കേരളത്തിലാണെന്നും ഇവിടങ്ങളിൽ സൂക്ഷ്മ നിരീക്ഷകരുടെ എണ്ണം കൂട്ടുമെന്നും തെരഞ്ഞെടുപ്പ് കമ്മിഷൻ വ്യക്തമാക്കിയിട്ടുണ്ട്. നിയമസഭാ തെരഞ്ഞെടുപ്പിന് ഇനി 14 ദിവസം മാത്രമാണു ശേഷിക്കുന്നത്.