ആലപ്പുഴ: പൊളിയാത്ത വീടിന്റെ പേരിൽ നഷ്ടപരിഹാരവും ആവശ്യപ്പെട്ട് ചെന്നാൽ ഇനി മുട്ടൻ പണി കിട്ടും. കള്ളത്തരം കാണിച്ച് നഷ്ടപരിഹാരം കൈക്കലാക്കാൻ ശ്രമിക്കുന്നവരെ കുടുക്കാൻ 'റീബിൽഡ് കേരള' എന്ന ആൻഡ്രോയ്ഡ് ആപ്പ് വരുന്നു. തകർന്നു പോയ വീടുകളുടെ ചിത്രം കാണിച്ച് തട്ടിപ്പു നടത്താൻ ശ്രമിക്കുന്നവരുടെ എണ്ണം കൂടിയതോടെയാണ് ഇത്തരക്കാരെ കുടുക്കാനും സർക്കാർ പദ്ധതികൾ ആവിഷ്‌ക്കരിച്ചിരിക്കുന്നത്. ഇതോടെ ഇനി തകർന്ന ഏതെങ്കിലും വീടിന്റെ ചിത്രവുമായി നഷ്ടപരിഹാരത്തിന് ചെന്നാൽ കുടുങ്ങും.

വീടു നഷ്ടപ്പെട്ടവരുടെ യഥാർത്ഥ നഷ്ടക്കണക്ക് ശേഖരിക്കാൻ ജിയോ ടാഗ് ഉൾപ്പെടെ നിബന്ധനകളേർപ്പെടുത്തി. കേരള ഐടി മിഷൻ രൂപപ്പെടുത്തിയ 'റീബിൽഡ് കേരള' എന്ന ആൻഡ്രോയ്ഡ് ആപ്പ് മുഖേന മാത്രമേ നാശനഷ്ടങ്ങളുടെ വിവരം സമർപ്പിക്കാൻ കഴിയൂ. പേരിനുപോലും തകർച്ചയില്ലാത്ത വീടുകൾക്കു വൻതുക നഷ്ടപരിഹാരം ശുപാർശ ചെയ്ത് നിരവധി പേർ എത്തിയിരുന്നു. ഇത്തരം വിവാദങ്ങൾ അവസാനിപ്പിക്കാനാണ് പുതിയ നടപടി.

തദ്ദേശസ്ഥാപന വകുപ്പുകൾ ഇൻഫർമേഷൻ കേരള മിഷന്റെ സഹായത്തോടെയാണു പ്രളയബാധിത പ്രദേശങ്ങളിലെ നാശനഷ്ടങ്ങളുടെ വിവരങ്ങൾ ശേഖരിക്കുന്നത്. വീടുകൾ ഉൾപ്പെടെ പ്രളയത്തിൽ തകർന്നവയുടെ ഫോട്ടോയും വിവരങ്ങളും അതതു സ്ഥലങ്ങളിൽ നിന്നു തന്നെ വൊളന്റിയർമാരോ ഉദ്യോഗസ്ഥരോ ആപ്പിൽ അപ്‌ലോഡ് ചെയ്യണം. വിവരത്തിനൊപ്പം ചേർക്കുന്ന വിലാസത്തിനൊപ്പം ജിപിഎസ് മുഖേന സ്ഥലം ടാഗ് ചെയ്യുകയും വേണം.

ഫോട്ടോ എടുക്കുന്ന സ്ഥലത്തു നിന്ന് അപ്ലോഡ് ചെയ്താൽ മാത്രമേ ജിയോ ടാഗിങ് സാധ്യമാകൂ. വിവരങ്ങൾ പൊതുമരാമത്ത് ഓവർസിയറും തുടർന്നു തദ്ദേശസ്ഥാപന സെക്രട്ടറിയും അംഗീകാരിച്ചാൽ നഷ്ടപരിഹാരം ഉൾപ്പെടെ തുടർനടപടികളിലേക്കു നീങ്ങും. ഇതുവരെ വിവിധ പ്രദേശങ്ങളിൽ നിന്നു ശേഖരിച്ച വിവരങ്ങളും ഈ ആപ്ലിക്കേഷൻ മുഖേന സമർപ്പിക്കേണ്ടി വരും.

 അനർഹരായ നിരവധി പേരാണ് പ്രളയത്തിന്റെ പേരിൽ ആനുകൂല്യം കൈപ്പറ്റാൻ ശ്രമിക്കുന്നത്. ഇവരെ തടയാൻ ഇനിയും ശക്തമായ നടപടികൾ സ്വീകരിക്കാൻ സർക്കാരിന് ആയിട്ടില്ല. പ്രാഥമിക സഹായമായ 10,000 രൂപ പോലും അനർഹരായ നിരവധി പേരാണ് കൈപ്പറ്റിയത്. അതേസമയം കനത്ത നാശനഷ്ടം സംഭവിച്ച് കിടപ്പാടം പോലും നഷ്ടപ്പെട്ട പലർക്കും ഈ തുക ഇനിയും ലഭിച്ചിട്ടില്ല. അതേസമയം രാഷ്ട്രീയ സാന്നിധ്യം ഉപയോഗിച്ച് നിരവധി പേർ ഈ ആനുകൂല്യങ്ങൾ ആദ്യമേ തന്നെ കൈപ്പറ്റി.