തിരുവനന്തപുരം: പ്രളയം തകർത്ത കേരളത്തിന്റെ പുനർനിർമ്മാണത്തിന് വേഗത കൂട്ടാൻ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ തീരുമാനം. റീബിൽഡ് കേരളയുടെ പ്രവർത്തങ്ങളുടെ കാലതാമസം ഒഴിവാക്കി നടപടി ക്രമങ്ങൾ വേഗത്തിലാക്കാൻ മുഖ്യമന്ത്രി നിർദ്ദേശിച്ചിട്ടുണ്ട്.

നിലവിലുള്ള ലോകബാങ്ക് പദ്ധതികളിൽ ഇതുവരെ ചെലവഴിക്കാത്ത തുക അടിയന്തര പുനർനിർമ്മാണ പ്രവർത്തനങ്ങൾക്കായി വകമാറ്റാനും ചീഫ് സെക്രട്ടറിക്ക് നിർദ്ദേശം നൽകി. ജലവിഭവം, മരാമത്ത്, തദ്ദേശഭരണ വകുപ്പുകൾക്കു കീഴിലെ ആസ്തികൾ, കൃഷിമേഖലയിലെ സമഗ്ര ഇടപെടൽ, പരിസ്ഥിതിയുടെയും ദുരന്തപ്രതിരോധത്തിന്റെയും ഏകോപനം എന്നിവ മുൻഗണനാ മേഖലകളായി യുഎൻ പഠനസംഘം കണ്ടെത്തിയിരുന്നു. ഓരോ മേഖലയിലും ഇടപെടലുകൾക്കു തുടക്കമിടുന്ന രീതിയിൽ പദ്ധതികൾ തയാറാക്കാൻ നിർദ്ദേശിച്ചു. ഇതിന്റെ ചുമതല വകുപ്പു സെക്രട്ടറിമാർക്കാണ്.

പ്ലാനുകൾ തയാറാക്കാൻ ലോകബാങ്കിന്റെ സാങ്കേതിക സഹായവും കെപിഎംജി ലഭ്യമാക്കിയ പ്രഫഷനലുകളുടെ സഹായവും ഉപയോഗപ്പെടുത്തും. ജനുവരി രണ്ടാംവാരത്തിനു മുമ്പ് ഇവ അന്തിമമാക്കി അംഗീകാരം തേടണം. ഇതിൽ ആദ്യഘട്ടത്തിൽ ഏറ്റെടുക്കാൻ കഴിയുന്ന പൈലറ്റ് പദ്ധതികൾ ആവിഷ്‌കരിക്കാനും സെക്രട്ടറിമാരെ ചുമതലപ്പെടുത്തി. വൻപദ്ധതികൾ ആവിഷ്‌കരിക്കുന്നതിനു മുമ്പു ചില മേഖലകളിലെങ്കിലും വിശദപഠനം വേണം. ഇത്തരം പഠനങ്ങളുടെ ലിസ്റ്റ് ക്രോഡീകരിക്കാനും മുന്നോട്ടു പോകാനും വകുപ്പുകളെ ചുമതലപ്പെടുത്തി.

ഓഖി ദുരന്തത്തിനു പിന്നാലെ സംസ്ഥാന ദുരന്തനിവാരണ നിധിയിലേക്കു നൽകിയ തുകയിൽ 144 കോടി രൂപ ചെലവഴിക്കാത്തതിനാൽ അത്രയും തുക പ്രളയ ദുരിതാശ്വാസ സഹായത്തിൽ നിന്നു കേന്ദ്രം വെട്ടിക്കുറച്ചത് സംസ്ഥാന പുനർനിർമ്മിതിക്ക് തിരിച്ചടിയായി. ചെലവഴിക്കാതെ ബാക്കിയാകുന്ന തുക അടുത്ത തവണത്തെ ഗഡു അനുവദിക്കുമ്പോൾ കുറവു ചെയ്യുന്ന പതിവു രീതിയാണു പ്രളയ ദുരന്ത സഹായത്തിലും കേന്ദ്രം സ്വീകരിച്ചത്.

പ്രളയക്കെടുതിയെ തുടർന്ന് കേരളത്തിന് മൂന്നാംഘട്ട സഹായമായി 3048 കോടി രൂപയാണു കേന്ദ്രം അനുവദിച്ചത്. എന്നാൽ സംസ്ഥാന ദുരന്തനിവാരണ നിധിയിൽ ചെലവഴിക്കാതെ കിടന്ന 144 കോടി രൂപയും മുൻപ് അനുവദിച്ച 600 കോടിയും കുറവു ചെയ്ത ശേഷം ബാക്കി 2304 കോടി രൂപയാണു കേന്ദ്രം കഴിഞ്ഞ ദിവസം സംസ്ഥാനത്തിനു കൈമാറിയത്.

പ്രളയ ദുരിതാശ്വാസമായി ദേശീയ ദുരന്ത കൈകാര്യ പദ്ധതി (എൻഡിഎംപി ) അനുസരിച്ച് വിദേശത്തു നിന്നുള്ള സഹായ വാഗ്ദാനം സ്വീകരിക്കാൻ കേരളത്തിന് അനുമതി നൽകണമെന്ന് സംസ്ഥാന സർക്കാർ കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ടിട്ടുമുണ്ട്. സംസ്ഥാന പുനർനിർമ്മിതിക്ക് ആവശ്യമായ ഫണ്ട് തികയ്ക്കുന്നതിനാണ് വിദേശ സഹായം സ്വീകരിക്കാൻ കേന്ദ്രത്തിൽ നിന്ന് അനുമതി തേടിയിരിക്കുന്നത്. നിർമ്മാണ പ്രവർത്തനങ്ങൾക്ക് 31,000 കോടി രൂപ വേണമെന്നിരിക്കെ ഇതുവരെ പത്തിലൊന്ന് തുകയേ ആയിട്ടുള്ളൂ.

എൻഡിഎംപി പ്രകാരം വിദേശത്തു നിന്നുള്ള സഹായം സ്വീകരിക്കാൻ കേന്ദ്രത്തിന് സംസ്ഥാനത്തെ അനുവദിക്കാം. ഇതിന് കേന്ദ്രമാണ് അനുമതി നൽകേണ്ടത്. കേരളത്തിന് 100 കോടി ഡോളർ വായ്പ നൽകാൻ ലോകബാങ്കും ഏഷ്യൻ ഡെവലപ്‌മെന്റ് ബാങ്കും യൂറോപ്യൻ യൂണിയനും മുന്നോട്ടു വന്നിട്ടുണ്ട്. എന്നാൽ കേരളത്തിന് ഇതു സ്വീകരിക്കണമെങ്കിൽ സാമ്പത്തിക അച്ചടക്കത്തിന്റെ ഭാഗമായി എസ്ജിഡിപി 3 ശതമാനത്തിൽ നിന്ന് 4.5 ശതമാനമാക്കണം. ഇതിന് ഇതുവരെ കേന്ദ്രം തയാറായിട്ടില്ല.

കേരളത്തിനു യുഎഇ വാഗ്ദാനം ചെയ്ത 700 കോടി രൂപയെച്ചൊല്ലി കേരള എംപിമാരും പാർലമെന്റിന്റെ ധനകാര്യ സ്ഥിരം സമിതിയിലെ ബിജെപി എംപിമാരും തമ്മിൽ പാർലമെന്റിൽ വാക്കേറ്റം ഉണ്ടാകുകയും ചെയ്തു. കേരളത്തിലെ പ്രളയത്തിന്റെ പശ്ചാത്തലത്തിൽ എംപിമാരിൽ നിന്നു തെളിവെടുപ്പു നടത്തവേയാണ് എംപിമാർ തമ്മിൽ വാക്കേറ്റമുണ്ടായത്. പ്രളയം മനുഷ്യനിർമ്മിതമായിരുന്നെന്ന് ബിജെപി അംഗങ്ങൾ കുറ്റപ്പെടുത്തി.

യുഎഇയിൽ നിന്ന് 700 കോടി രൂപ വാഗ്ദാനം ലഭിച്ചതു കേന്ദ്ര സർക്കാർ തടഞ്ഞെന്നു കേരള എംപിമാർ കുറ്റപ്പെടുത്തിയതാണു നിഷികാന്ത് ദുബെ ഉൾപ്പെടെയുള്ള ബിജെപി അംഗങ്ങളെ പ്രകോപിപ്പിച്ചത്. അങ്ങനെയൊരു വാഗ്ദാനമേയുണ്ടായിട്ടില്ലന്ന് അവർ വാദിച്ചു. 31,000 കോടി രൂപ നഷ്ടമുണ്ടായെന്നു യുഎൻ കണ്ടെത്തിയതിനെയും നിഷികാന്ത് ദുബെ ചോദ്യം ചെയ്തു. അത് ഊതിപ്പെരുപ്പിച്ചതാണെന്നായിരുന്നു വാദം.

പ്രളയം മനുഷ്യനിർമ്മിതാമായിരുന്നുവെന്നും അണക്കെട്ടുകൾ ഒന്നിച്ചു തുറന്നതാണു ദുരന്തകാരണമെന്നും ബിജെപി എംപിമാരുടെ അഭിപ്രായവും തർക്കത്തിനിടയാക്കി. ഉദ്യോഗസ്ഥ സംഘത്തെ പ്രതിനിധീകരിച്ച എറണാകുളം കലക്ടർ മുഹമ്മദ് സഫറുള്ള, കേന്ദ്ര ജല കമ്മിഷന്റെ റിപ്പോർട്ട് സമിതിക്കു സമർപ്പിച്ചു. അണക്കെട്ടുകൾ തുറന്നതും പ്രളയവുമായി ബന്ധമില്ലെന്നു വ്യക്തമാക്കിയാണ് ഇവർ റിപ്പോർട്ട് സമർപ്പിച്ചത്.