തിരുവനന്തപുരം: പ്രളയത്തിന്റെ ദുരിതം പേറുന്നവർക്ക് വേണ്ടത്ര സഹായം ലഭിച്ചില്ലെന്ന ആക്ഷേപങ്ങൾ നിലനിൽക്ക് സർക്കാറിന്റെ മറ്റൊരു ധൂർത്തു കൂടി പുറത്തുവന്നു. സംസ്ഥാന സർക്കാർ പുനർനിർമ്മാണത്തിന് പണമില്ലാത്ത അവസ്ഥയിൽ സർക്കാർ നട്ടം തിരിയുമ്പോൾ തന്നെയാണ് ധൂർത്ത്. പ്രളയത്തിന്റെ പേരിൽ നടത്തുന്ന ഏകദിന ശിൽപ്പശാലക്ക് വ്യാവസായ വകുപ്പ് ചെലവിടുന്നത് 4.20 കോടി രൂപയാണ്.

വ്യവസായികളെയും നിക്ഷേപകരെയും പങ്കെടുപ്പിച്ച് അടുത്തമാസം കൊച്ചിയിലാണ് 'അസൻഡ്-2019' എന്ന പേരിൽ ശില്പശാല സംഘടിപ്പിക്കുന്നത്. വകുപ്പിനുകീഴിലെ കെ.എസ്‌ഐ.ഡി.സി., കിൻഫ്ര, വ്യവസായ-വാണിജ്യ ഡയറക്ടറേറ്റ്, കെ-ബിപ് എന്നിവ ചേർന്നാണ് ശില്പശാല ഒരുക്കുന്നത്. പ്രതിനിധികളുടെ താമസം, യാത്ര, ഭക്ഷണം തുടങ്ങിയ ഇനങ്ങളിലായാണ് ഇത്രയും ചെലവ് വരുമെന്ന് കണക്കാക്കിയിട്ടുള്ളതെന്ന് വ്യവസായവകുപ്പ് അധികൃതർ പറയുന്നു.

കേരള പുനർനിർമ്മാണത്തിന്റെ മാതൃക തീർക്കാൻ വേണ്ടിയാണ് ഈ നീക്കമെന്നാണ് അറിയുന്നത്. കേന്ദ്ര വ്യവസായമന്ത്രി, പ്രവാസി വ്യവസായികൾ, രാജ്യത്തെ വ്യവസായ പ്രതിനിധികൾ തുടങ്ങിയവരെ പങ്കെടുപ്പിക്കാനാണ് ലക്ഷ്യം. കൊച്ചി ലെ മെറഡിയൻ കൺവെൻഷൻ സെന്ററിൽ ജനുവരി എട്ടിനാണ് ശില്പശാല. എട്ടിന് അഖിലേന്ത്യാ പണിമുടക്കായതിനാൽ നീട്ടിവെക്കുന്നകാര്യവും പരിഗണനയിലുണ്ട്.

4.20 കോടി ചെലവ് കണക്കാക്കിയിട്ടുള്ളതിൽ 3.50 കോടിയും വ്യവസായ വികസന കോർപ്പറേഷന്റെ വിഹിതമായിരിക്കും. ബാക്കി തുക കിൻഫ്ര, വ്യവസായ വകുപ്പ്, കേരള ബ്യൂറോ ഓഫ് ഇൻഡസ്ട്രിയൽ പ്രൊമോഷൻ എന്നിവ തുല്യമായി പങ്കിടാനാണ് തീരുമാനം. ധനവിനിയോഗ മേൽനോട്ടത്തിന് ഫിനാൻസ് കമ്മിറ്റിക്കും സർക്കാർ രൂപം നല്കിയിട്ടുണ്ട്.

കിൻഫ്ര മാനേജിങ് ഡയറക്ടർ, കെ.എസ്‌ഐ.ഡി.സി. ചീഫ് ഫിനാൻസ് ഓഫീസർ, കിൻഫ്ര, കെ-ബിപ് എന്നിവയുടെ ജനറൽ മാനേജർമാർ, അഡീഷണൽ ഡയറക്ടർ (വ്യവസായം) എന്നിവരാണ് കമ്മിറ്റിയിലുണ്ടാവുക. സംസ്ഥാനത്തെ വ്യവസായ സൗഹൃദമാക്കുന്നതിന്റെ ഭാഗമായാണ് സംഗമം ഒരുക്കുന്നതെന്നാണ് ഔദ്യോഗിക വിശദീകരണം. നിക്ഷേപസാധ്യതകൾ, ചട്ടങ്ങളിൽ വരുത്തിയ ഇളവുകൾ തുടങ്ങിയവ ശില്പശാലയിൽ ചർച്ചയാവും. സംവാദത്തിന് മുന്നോടിയായി വ്യവസായവകുപ്പിന്റെ 'കെ-സ്വിഫ്റ്റ്' എന്ന ഓൺലൈൻ സംവിധാനം മുഖ്യമന്ത്രി ഉദ്ഘാടനംചെയ്യും. വ്യവസായവകുപ്പുമായി ബന്ധപ്പെട്ട അനുമതികൾ അതിവേഗം ഓൺലൈനായി ലഭ്യമാക്കുന്നതിനുള്ള സംവിധാനമാണ് കെ-സ്വിഫ്റ്റ്.

്ശബരിമല വിഷയങ്ങളുടെ പശ്ചാത്തലത്തിൽ സർക്കാറിന്റെ നേതൃത്വത്തിൽ വനിതാ മതിൽ പണിയുന്നുണ്ട്. ഇതിനായി പണം ചെലവിടുന്നതും ധൂർത്താണെന്ന കാര്യം വ്യക്തമാണ്. ഇതിനിടെയാണ് പ്രളയത്തിന്റെ പേരിലെ ധൂർത്തിന്റെ വിവരം പുറത്തുവരുന്നത്. പ്രളയത്തിൽ തകർന്ന പ്രദേശങ്ങളുടെ നിർമ്മാണത്തിന് നവകേരളം എന്ന് സർക്കാർ പേരിട്ടു. എന്നാൽ നവ കേരള നിർമ്മിതിക്ക് പണം മാത്രം സർക്കാരിന്റെ കൈയിൽ ഇല്ല. ഇതിനിടെയാണ് ഖജനാവിൽ നിന്ന് പണം ചെലവാക്കിയുള്ള നവോത്ഥാന മതിൽ എത്തുന്നത്. ഇതിനായി സർക്കാർ ജീവനക്കാരികളെ സമ്മർദ്ദത്തിലുമാക്കുകയാണ് ചെയ്യുന്നത്. ഇതോടെ നവോത്ഥാന മതിൽ വിവാദങ്ങളിൽ പെടുകായണ്.

നവകേരള നിർമ്മിതിക്ക് സാലറി ചലഞ്ചായിരുന്നു സർക്കാർ മുദ്രാവാക്യം. നിർബന്ധമായി പണം പിടിക്കാനുള്ള നീക്കം. ഇതിനായി സമ്മത പത്രം എഴുതിക്കൽ. ഇതെല്ലാം ഏറെ വിവാദമായി. സർക്കാർ ജീവനക്കാരുടെ വ്യക്തി സ്വാതന്ത്ര്യവും ഇഷ്ടവുമെല്ലാം ചർച്ചയായി. ഒടുവിൽ സർക്കാരിന്റെ തന്ത്രങ്ങളെ പൊളിക്കുന്ന ഹൈക്കോടതി വിധിയുമെത്തി. ജീവനക്കാരുടെ എതിർപ്പ് അംഗീകരിക്കുന്ന തരത്തിലായിരുന്ന കോടതി വിധി. ഇതൊന്നും സർക്കാരിന് പാഠമായി മാറുന്നില്ല. ഇതാണ് നവോത്ഥാന വനിതാ മതിലിലും സംഭവിക്കുന്നത്. സർക്കാരിന് സ്വാധീനിക്കാനാവുന്ന അത്രയും സ്ത്രീകളെ മതിലിൽ അണിനിരത്താനാണ് നീക്കം. ഇതിന് വേണ്ടിയാണ് സർക്കാർ ജീവനക്കാരികളേയും അംഗനവാടി ടീച്ചർമാരേയും കുടുംബശ്രീ പ്രവർത്തകരേയും വനിതാ മതിലിൽ പങ്കെടുപ്പിച്ചേ അടങ്ങൂവെന്ന നിലപാടുമായി സർക്കാർ മുന്നോട്ട് പോകുന്നത്.

സ്ത്രീകളായ എല്ലാ സംസ്ഥാന ജീവനക്കാരെയും അദ്ധ്യാപകരെയും 'വനിതാ മതിലി'ൽ പങ്കെടുപ്പിക്കാാണ് സർക്കാർ തീരുമാനം. ഇതിനായി സാലറി ചാലഞ്ച് മാതൃകയിൽ സർവീസ് സംഘടനകൾ വഴി ജീവനക്കാർക്കു മേൽ സമ്മർദം ചെലുത്താനാണു നീക്കം. ജീവനക്കാരെ പങ്കെടുപ്പിക്കാൻ സംഘടനകളോട് ആവശ്യപ്പെടണമെന്നു നിർദ്ദേശിച്ചു ചീഫ് സെക്രട്ടറി ടോം ജോസ് ഉത്തരവിറക്കി. ആശ-അങ്കണവാടി വർക്കർമാർ, തൊഴിലുറപ്പു തൊഴിലാളികൾ, തദ്ദേശസ്ഥാപനങ്ങളിലെ വനിതാ ജനപ്രതിനിധികൾ, കുടുംബശ്രീ അംഗങ്ങൾ, സഹകരണ സംഘങ്ങളിലെയും പൊതുമേഖല സ്ഥാപനങ്ങളിലെയും വനിതകൾ എന്നിവരെയും പങ്കെടുപ്പിക്കാൻ നിർദ്ദേശമുണ്ട്. മുഖ്യമന്ത്രിയുടെ നിർദ്ദേശ പ്രകാരമാണ് ചീഫ് സെക്രട്ടറി ഉത്തരവ് ഇറക്കിയതെന്നും വ്യക്തമാണ്. ഇതിനൊപ്പം സംഘാടക സമിതിയുടെ ചുതലകൾ വനിതാ മതിലിന്റെ കൺവീനറായണ്. വനിതാ മതിലിലിന് സർക്കാർ ഖജനാവിൽ നിന്ന് പണം എടുക്കരുതെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇത് തള്ളുന്ന തരത്തിലാണ് ഇപ്പോൾ സർക്കാർ തീരുമാനം വരുന്നത്. പണവും ഖജനാവിൽ നിന്ന് തന്നെ പോകും.

ജനുവരി ഒന്നിനു സംഘടിപ്പിക്കുന്ന വനിതാ മതിലിന്റെ ചെലവു പൂർണമായും സർക്കാർ വഹിക്കുമെന്നും തുക അനുവദിക്കാൻ ധനവകുപ്പിനോട് ആവശ്യപ്പെടുമെന്നും ചീഫ് സെക്രട്ടറിയുടെ ഉത്തരവിലുണ്ട്. ആളെ ചേർക്കുന്നതിനും പ്രചാരണ സന്ദേശങ്ങൾ തയാറാക്കുന്നതിനും വിവിധ വകുപ്പുകളെ ഏകോപിപ്പിക്കുന്നതിനും ഫണ്ട് ചെലവഴിക്കുന്നതിനുമുള്ള ചുമതല സാമൂഹികനീതി വകുപ്പിനാണ്. എല്ലാ വീടുകളിലും ലഘുലേഖകൾ എത്തിക്കാൻ ശിശു വികസന വകുപ്പിനെ ചുമതലപ്പെടുത്തി. ഇതിനുള്ള പണമെല്ലാം സർക്കാർ അനുവദിക്കും.