ഡാളസ്: ഇല്ലിനോയ്‌സ് എട്ടാമത് കൺഗ്രഷണൽ ഡിസ്ട്രിക്ടിൽനിന്നും ഡമോക്രാറ്റിക് സ്ഥാനാർത്ഥിയായി യുഎസ് കോൺഗ്രസിലേക്ക് മത്സരിക്കുന്ന ഇന്ത്യൻ അമേരിക്കൻ വംശജൻ രാജ കൃഷ്ണമൂർത്തിക്ക് ഡാളസ് ഫോർട്ട് വർത്ത് കമ്യൂണിറ്റി സ്വീകരണം നൽകി.

ടെക്‌സ് കോളിവില്ലയിൽ ഡിസംബർ രണ്ടിന് ചേർന്ന സ്വീകരണ യോഗത്തിൽ ഡോ. പ്രസാദ് തോട്ടക്കുറ അധ്യക്ഷത വഹിച്ചു. യുഎസ് കോൺഗ്രസിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പിൽ രാജ കൃഷ്ണമൂർത്തിയെ വൻ ഭൂരിപക്ഷത്തോടെ വിജയിപ്പിക്കുന്നതിനുള്ള പ്രവർത്തനങ്ങൾക്കു രൂപം നൽകുമെന്നു ഡോ. പ്രസാദ് പറഞ്ഞു.

തുടർന്നു സംസാരിച്ച രാജ ഇന്ത്യയുമായുള്ള ആത്മബന്ധത്തെക്കുറിച്ച് വിശദീകരിച്ചു. ഇല്ലിനോയിൽ പ്രാഥമിക വിദ്യാഭ്യാസവും പ്രിൻസ്റ്റൺ, ഹാർവാർഡ് യൂണിവേഴ്‌സിറ്റികളിൽനിന്നു കോളജ് വിദ്യാഭ്യാസവും കരസ്ഥമാക്കിയ രാജ, 2004 ൽ ഒബാമയുടെ സെനറ്റ് പ്രചാരണത്തിന് വിജയകരമായി നേതൃത്വം നൽകിയ ടീമിന്റെ ഡയറക്ടറായി പ്രവർത്തിച്ചിട്ടുണ്ട്. യുഎസ് കോൺഗ്രസിലേക്ക് മത്സരിക്കുന്ന രാജയ്ക്ക് ഇല്ലിനോയ്‌സിൽ നൂറോളം പ്രമുഖ ഡെമോക്രാറ്റിക് നേതാക്കളുടെ എൻഡോഴ്‌സമെന്റ് ലഭിച്ചിട്ടുണ്ട്.

ഇല്ലിനോയ്‌സിലെ സ്‌കംബർഗിൽ സ്ഥിരതാമസമാക്കിയിട്ടുള്ള രാജയുടെ ഭാര്യ ഡോ. പ്രിയ. മക്കൾ: വിജയ്, വിക്രം.

ഡാളസ് ഫോർട്ട് വർത്ത് കമ്യൂണിറ്റി നേതാക്കളായ എം വിഎൻ. പ്രസാദ്, പോൾ പടിയൻ, തിയോഫിലോസ് ചാമക്കാല, പിയൂഷ പട്ടേൽ, ഡോ. ജയ്കുമാർ, ഡോ. രാജീവ്, ഡോ. റാവു, സായ് സതീഷ്, ഡോ. പ്രസാന്ത് ഗണേശ്, ജോൺ സത്യൻ കല്യാൺ ദുർഗ്, റാവു കൽവാല, അഭിനവ് തുടങ്ങി നിരവധി പേർ ആശംസകൾ നേർന്നു സംസാരിച്ചു. അംഗങ്ങളുടെ ചോദ്യങ്ങൾ രാജ കൃഷ്ണമൂർത്തി മറുപടി നൽകി. സായ് സതീഷ് നന്ദി പറഞ്ഞു.

ഇന്ത്യൻ അമേരിക്കൻ പ്രതിനിധിയായി നിലവിൽ കലിഫോർണിയായിൽനിന്നും ഡോ. അമി ബീറയും കലിഫോർണിയായിൽനിന്നു ദലീപ് സിങ് സ്വന്തും ലൂസിയാനയിൽനിന്നു ബോബി ജിൻഡാലും മാത്രമാണ് ഇതുവരെ യുഎസ് കോൺഗ്രസിൽ അംഗമായിട്ടുള്ളത്.