തിരുവനന്തപുരം: സിപിഐ സംസ്ഥാന സെക്രട്ടറിയും എല്‍ഡിഎഫിന്റെ മുതിര്‍ന്ന നേതാവുമായ ബിനോയ് വിശ്വം എന്ത് പ്രസ്താവന നടത്തണമെന്നതിന് എ.എ റഹീമിന്റെ സര്‍ട്ടിഫിക്കറ്റിന്റെ ആവശ്യമില്ലെന്ന് എഐവൈഎഫ് സംസ്ഥാന എക്സിക്യൂട്ടിവ്. എസ്എഫ്‌ഐയുടെ ലേബലില്‍ ചില ക്രിമിനലുകള്‍ നടത്തുന്ന അക്രമ പ്രവര്‍ത്തനങ്ങള്‍ വലിയ രീതിയില്‍ ഇടതുപക്ഷത്തെ പ്രതിരോധത്തിലാക്കുന്നുണ്ട്. ഇത് തിരിത്തുവാന്‍ എസ്എഫ്‌ഐ തയ്യാറാകണമെന്നാണ് ബിനോയ് വിശ്വം ആവശ്യപ്പെട്ടത്.

ബിനോയ് വിശ്വം എസ്എഫ്‌ഐയുമായി ബന്ധപ്പെട്ട് നടത്തിയ അഭിപ്രായ പ്രകടനം പൊതുസമൂഹത്തിന്റെ വികാരമാണെന്നും അത് റഹീം മനസിലാക്കി എസ്എഫ്‌ഐയെ തിരുത്തുകയാണ് വേണ്ടിയിരുന്നതെന്നും എഐവൈഎഫ് അഭിപ്രായപ്പെട്ടു.

വിമര്‍ശനം ഉള്‍ക്കൊണ്ട് കൊണ്ട് എസ്.എഫ്.ഐ രാഷ്ട്രീയത്തിന്റെ പ്രയോഗരീതികളില്‍ പരിഷ്‌ക്കരണത്തിന് ആഹ്വാനം നല്‍കാതെ ബിനോയ് വിശ്വത്തിന്നെതിരെ ആരോപണം ഉന്നയിക്കുന്ന എ എ റഹീം എം പിയുടെ നിലപാട് പ്രതിഷേധാര്‍ഹമാണെന്ന് എഐവൈഎഫ് സംസ്ഥാന എക്സിക്യൂട്ടിവ് അഭിപ്രായപ്പെട്ടു.

ഇടതുപക്ഷം കൂടുതല്‍ തിരുത്തലുകള്‍ക്ക് വിധേയമാകേണ്ട കാലഘട്ടത്തില്‍ ബിനോയ് വിശ്വത്തിന്റെ അഭിപ്രായ പ്രകടനത്തിന് വലിയ രാഷ്ട്രീയ പ്രാധാന്യമുണ്ടെന്നും എഐവൈഎഫ് സംസ്ഥാന പ്രസിഡന്റ് എന്‍ അരുണും സെക്രട്ടറി ടി ടി ജിസ്മോനും പ്രസ്താവനയില്‍ അഭിപ്രായപ്പെട്ടു.