- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ലോറിയുടെ എന്ജിന് പിറ്റേ ദിവസം സ്റ്റാര്‍ട്ട് ആയതായി ജിപിഎസില്‍ കണ്ടെത്തി എന്നത് തെറ്റായ പ്രചരണമെന്ന് ലോറി ഉടമ; ഷിരൂരില്‍ അവ്യക്തതയും അനിശ്ചിതത്വവും
കാര്‍വാര്‍: ഷിരൂരിലെ മണ്ണിടിച്ചില്‍ കാണാതായ അര്‍ജുന്റെ ലോറി പിറ്റേ ദിവസം എന്ജിന് സ്റ്റാര്‍ട്ട് ആയതായി ജിപിഎസില്‍ കണ്ടെത്തിയിട്ടില്ലെന്നും അത്തരം പ്രചാരണത്തില്‍ വാസ്തവമില്ലെന്നും ലോറി ഉടമ മനാഫ്. ഇത്തരത്തിലൊരു അഭ്യൂഹം തുടക്കമുതല്‍ പ്രചരിച്ചിരുന്നു. ലോറി പുഴയിലെ മണ്‍കൂനയില്‍ ആണെങ്കില്‍ ഇതിനൊരു സാധ്യതയുമില്ലെന്ന വിദഗ്ധ വിലയിരുത്തല്‍ മറുനാടന്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ലോറി ഉടമ ഇക്കാര്യത്തില്‍ വ്യക്തത വരുത്തുന്നത്.
"ലോറിയുടെ എന്ജിന് പിറ്റേദിവസം സ്റ്റാര്‍ട്ട് ആയതായി ജിപിഎസില്‍ കണ്ടെത്തി എന്ന് ആരോ തെറ്റായ പ്രചാരണം നടത്തിയതാണ്. പിന്നീട് അത് പലരും ഏറ്റു പിടിച്ചു പ്രചരിപ്പിച്ചു. അത്തരം ഒരു കണ്ടെത്തല്‍ ഒരു അന്വേഷണ ഏജന്‍സിയും അധികൃതരും സ്ഥിരീകരിച്ചിട്ടില്ല. ലോറി കമ്പനിയുടെ അധികൃതര്‍ അങ്ങനെ പറഞ്ഞോ എന്നറിയില്ല" മനാഫ് പറഞ്ഞു. ദേശീയപാതയിലെ മണ്ണ് മുഴുവന്‍ നീക്കിയിട്ടും ലോറി കണ്ടെത്താത്ത സ്ഥിതിക്ക് അത് പുഴയില്‍ വീണതാണെങ്കില്‍ എങ്ങനെ പിറ്റേദിവസം എന്ജിന് സ്റ്റാര്‍ട്ട് ആയി എന്ന സംശയം വലിയ ചര്‍ച്ചയായി മാറിയിരുന്നു.
കെഎ 15എ 7427 കര്‍ണാടക റജിസ്ട്രേഷനില്‍ കോഴിക്കോട് കിണാശ്ശേരി സ്വദേശി മുബീന്റെയും സഹോദരന് മനാഫിന്റെയും ഉടമസ്ഥതയിലുള്ളതാണ് സാഗര്‍ കോയ ടിംബേര്‍സ് എന്ന പേരിലുള്ള ഈ ലോറി. ഒരു വര്‍ഷം മുന്‍പ് വാങ്ങിയതാണ് ഭാരത് ബെന്‍സ് കമ്പനിയുടെ എയര്‍ കണ്ടീഷന്‍ഡ് ഡ്രൈവിങ് കാബിനുള്ള ലോറി. ഈ ലോറിയാണ് അപകടത്തില്‍ പെട്ടത്. അര്‍ജുന്റെ മൊബൈല്‍ റിങ് ചെയ്തുവെന്നും റിപ്പോര്‍ട്ടുകളുണ്ട്. അപകടശേഷമുള്ള ഫോണ്‍ റിങാണ് കരയില്‍ ലോറിയുണ്ടാകുമെന്ന അഭ്യൂഹം സജീവമാക്കിയത്. ഷിരൂരില്‍ പുഴയില്‍ തിരച്ചില്‍ തുടങ്ങുന്നതിന് മഴ വെല്ലുവിളിയാണ്.
ഒരു ഭാഗത്ത് കുന്നും മറുഭാഗത്ത് ഗംഗാവലി പുഴയ്ക്കും ഇടയിലൂടെയാണ് ഷിരൂരില്‍ ദേശീയപാത കടന്നുപോകുന്നത്. അര്ജുന് സ്ഥിരം സഞ്ചരിക്കുന്ന റൂട്ടാണിത്. ഇവിടെ കുന്നിന്റെ ഭാഗത്തുണ്ടായിരുന്ന ഒഴിഞ്ഞ സ്ഥലത്താണു വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാറുള്ളത്. അര്‍ജുന്റെ ലോറിയും ഇവിടെയായിരിക്കാം പാര്‍ക്ക് ചെയ്തിരുന്നത്. പുഴയില്‍ വീണതാണെങ്കില്‍ എന്ജിന് ഓണ്‍ ആകുന്നതിനുള്ള യാതൊരു സാധ്യതയും ഇല്ല. പിറ്റേദിവസം അര്‍ജുന്റെ ഫോണ്‍ റിങ് ചെയ്തു എന്നും കുടുംബം പറഞ്ഞിരുന്നെങ്കിലും പുഴയില്‍ വീണതാണെങ്കില്‍ അതിനും സാധ്യത കുറവാണ്.
അതിനിടെ ഷിരൂരില്‍ മണ്ണിടിച്ചലുണ്ടായ ദിവസം പുലര്‍ച്ചെ അര്‍ജുന്റെ ട്രക്ക് കടന്ന് പോയ റോഡുകളിലെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തു വന്നു. അപകടം ഉണ്ടാകുന്നതിന് മുമ്പുള്ള സിസിടിവി ദൃശ്യങ്ങളാണ് പുറത്തുവന്നത്. കന്യാകുമാരി പന്‍വേല്‍ ദേശീയ പാതയിലെ വിവിധ പെട്രോള്‍ പമ്പുകളില്‍ നിന്നുള്ള ദൃശ്യങ്ങളാണിത്. ഷിരൂരിന് ഏറ്റവും അടുത്തുള്ള പമ്പുകളില്‍ വ്യക്തമായ സിസിടിവി ദൃശ്യങ്ങളില്‍ അര്‍ജുന്റെ ട്രക്ക് പോകുന്നത് കാണുന്നുണ്ട്.
അര്‍ജുന്റെ ട്രക്കിന്റെ സഞ്ചാരപാത ഏതാണ്ട് ഇതില്‍ നിന്ന് വ്യക്തമാണ്. ബെലഗാവിയില്‍ നിന്ന് വന്ന ട്രക്ക് 16-ന് പുലര്‍ച്ചെ 1.42-നും, 2.46-നും കടന്ന് പോകുന്നതാണ് ദൃശ്യങ്ങളിലുള്ളത്. അതിനിടെ സൈന്യം ഇനിയും രക്ഷാപ്രവര്‍ത്തനത്തില്‍ സജീവമായുണ്ടാകും. ഉടന്‍ ദൗത്യത്തിന്റെ ഭാഗമാകുമെന്നും ലോറി കണ്ടെത്താനാകുമെന്നാണ് പ്രതീക്ഷയെന്നും മേജര്‍ ജനറല്‍ എം. ഇന്ദ്രബാലന്‍ പറഞ്ഞു. ഏറ്റവും പുതിയ ടെക്നോളജി ഉപയോഗിക്കും. വിദഗ്ധ സംഘം ഡല്‍ഹിയില്‍ സജ്ജമാണ്. ഉപകരണങ്ങള്‍ എത്തിക്കാനുള്ള അനുമതിക്ക് കാത്തിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
ഇസ്രോ കൈമാറിയ ദൃശ്യങ്ങളില്‍ നിന്ന് സൂചനകളില്ലെന്ന് ഉത്തര കന്നഡ ജില്ലാ കളക്ടര്‍ ലക്ഷ്മി പ്രിയ പറഞ്ഞു. ദുരന്തം നടന്നതിന് മുമ്പും ശേഷവും ഉള്ള ചിത്രങ്ങള്‍ ജില്ലാ ഭരണകൂടത്തിന് കിട്ടി. ദുരന്തം നടന്ന ദിവസം പുലര്‍ച്ചെ ആറ് മണിക്ക് ഉള്ള സാറ്റലൈറ്റ് ചിത്രമാണ് ഇസ്രോ കൈമാറിയത്. 16-ന് പുലര്‍ച്ചെയുള്ള ചിത്രങ്ങള്‍ ആകെ കാര്‍മേഘം മൂടിയ നിലയില്‍ ആണ്. മണ്ണിടിച്ചിലുണ്ടായ സ്ഥലത്തെ ദൃശ്യം ഒന്നും കൃത്യമായി ലഭിച്ചിട്ടില്ലെന്നും ജില്ലാ കളക്ടര്‍ പറഞ്ഞു.
ആ ദൃശ്യത്തില്‍ നിന്ന് അര്‍ജുന്റെ വാഹനമടക്കം കണ്ട് പിടിക്കാന്‍ വഴിയില്ല. ദുരന്തശേഷം ശേഖരിച്ച സാറ്റലൈറ്റ് ദൃശ്യം ലോറി വീണ്ടെടുക്കാന്‍ ഉപകരിക്കും. ജില്ലാ ഭരണകൂടം ആവശ്യപ്പെട്ട പ്രകാരം മേഘങ്ങളില്ലാത്ത സമയത്ത് നദിയുടെ ചിത്രങ്ങള്‍ ആര്‍സിഎസ് പകര്‍ത്തിയിട്ടുണ്ട്. ഇത് ഉപയോഗിച്ച് എത്രത്തോളം മണ്ണ്, എത്ര വ്യാപ്തിയില്‍ വീണിട്ടുണ്ട് എന്നതില്‍ പ്രാഥമിക വിലയിരുത്തല്‍ നടത്തിയിട്ടുണ്ട്. ആ വിലയിരുത്തലിന്റെ കൂടി അടിസ്ഥാനത്തിലാകും പുഴയിലെ തെരച്ചില്‍ നടക്കുക.