- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബിഹാറില്‍ രണ്ടാഴ്ചയ്ക്കിടെ തകര്‍ന്നുവീണത് പത്ത് പാലങ്ങള്‍; എഞ്ചിനീയര്‍മാര്‍ക്ക് കൂട്ട സസ്പെന്ഷന്; കരാറുകാരെ കണ്ടെത്തി ശിക്ഷിക്കും
പട്ന: ബിഹാറിലെ പാലങ്ങള്‍ പൊളിഞ്ഞു വീഴുന്നത് തുടര്‍ക്കഥയായതോടെ പ്രതിരോധത്തിലായ നിതീഷ് കുമാര്‍ സര്‍ക്കാര്‍ നടപടി തുടങ്ങി. പാലങ്ങള്‍ പൊളിഞ്ഞു വീണതുമായി ബന്ധപ്പെട്ട് എഞ്ചിനീയര്‍മാര്‍ക്കെതിരെയാണ് നടപടിയെടുത്തിരിക്കുന്നത്. ജല വിഭവ വകുപ്പിലെ എഞ്ചിനീയര്‍മാര്‍ക്കെതിരെ കൂട്ട സസ്പെന്ഷന് നടപടിയാണ് സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നത്. ജല വിഭവ വകുപ്പിലെ 11 എന്‍ജിനീയര്‍മാര്‍ക്കെതിരെ നടപടിയെടുത്തതായി അധികൃതര്‍ അറിയിച്ചു. 15 ദിവസത്തിനിടയില്‍ 10 പാലം പൊളിഞ്ഞതോടെയാണ് എഞ്ചിനിയര്‍മാര്‍ക്കെതിരെ കൂട്ട സസ്പെന്ഷന് നടപടി സ്വീകരിച്ചത്.
പാലങ്ങളുടെ ബലപരിശോധന നടത്താന്‍ നിര്‍ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ കഴിഞ്ഞദിവസം ഹര്‍ജി സമര്‍പ്പിച്ചിരുന്നു. പാലങ്ങള്‍ തകരുന്ന സംഭവം സര്‍ക്കാര്‍ ഗൗരവമായാണ് കാണുന്നതെന്ന് ബിഹാര്‍ വികസന സെക്രട്ടറി ചൈതന്യ പ്രസാദ് പറഞ്ഞു. പാലങ്ങള്‍ തകര്‍ന്നതിന് ഉത്തരവാദികളായ കരാറുകാരെ കണ്ടെത്തി ശിക്ഷിക്കുമെന്നും അദ്ദേഹം അറിയിച്ചു.
ഏതെല്ലാം പാലങ്ങളാണ് ബലപ്പെടുത്തേണ്ടതെന്നും പൊളിച്ചുകളയേണ്ടതെന്നും കണ്ടെത്താന്‍ പരിശോധന വേണമെന്നാണ് അഡ്വ. ബ്രജേഷ് സിങ് നല്കിയ ഹര്‍ജിയിലെ ആവശ്യം. ബിഹാറിലെ സിവാന്‍, സരണ്‍, മധുബനി, അറാറിയ, ഈസ്റ്റ് ചമ്പാരന്‍, കിഷന്‍ഗഞ്ച് ജില്ലകളിലാണ് രണ്ടാഴ്ചയ്ക്കിടെ പത്തു പാലങ്ങള്‍ തകര്‍ന്നത്. കനത്തമഴയാണ് പാലങ്ങള്‍ തകരാനുള്ള കാരണമെന്ന് പറയുന്നു. മഴക്കാലത്തെ വെള്ളപ്പൊക്കസാധ്യത കണക്കിലെടുത്ത് പാലങ്ങളുടെ സുരക്ഷ പരിശോധിക്കണമെന്നാണ് ഹര്‍ജിയിലെ ആവശ്യം.