ഇനി മുന്‍ഗണന 9 മേഖലകള്‍ക്ക്; ഈ ബജറ്റില്‍ പ്രാധാന്യം നല്‍കിയത് നാല് വിഭാഗത്തിനും; നിര്‍മ്മല അവതരിപ്പിച്ചത് എല്ലവരേയും ഉള്‍ക്കൊള്ളുന്ന വികസന ബജറ്റ്
- Share
- Tweet
- Telegram
- LinkedIniiiii
ന്യൂഡല്‍ഹി: 2024 ലെ കേന്ദ്ര ബജറ്റ് ഭാവിയിലേക്കുള്ള പാത ഒരുക്കുമെന്ന് ധനമന്ത്രി നിര്‍മ്മല സീതാരാമന് പ്രതീക്ഷ പ്രകടിപ്പിച്ചു. മോദി 3.0 സര്‍ക്കാരിന് പിന്തുടരുകയും മുന്‍ഗണന നല്‍കുകയും ചെയ്യുന്ന ഒമ്പത് മേഖലകള്‍ ധനമന്ത്രി തിരിച്ചറിയുന്നു.
കൃഷി, തൊഴില്‍, വൈദഗ്ധ്യം, മെച്ചപ്പെട്ട മാനവവിഭവശേഷി, സാമൂഹികനീതി, ഉല്‍പ്പാദനം, സേവനങ്ങള്‍, നഗരവികസനം, ഊര്‍ജ സുരക്ഷ, അടിസ്ഥാന സൗകര്യങ്ങള്‍, നവീകരണം, ഗവേഷണവും വികസനവും, അടുത്ത തലമുറയിലെ പരിഷ്കാരങ്ങള്‍ എന്നിവയാണ് ഈ ഒമ്പത് മേഖലകള്‍. 'എല്ലാവര്ക്കും വിപുലമായ അവസരങ്ങള്‍ സൃഷ്ടിക്കുന്നതിനായി ഒമ്പത് മുന്‍ഗണനാ മേഖലകളില്‍ സുസ്ഥിരമായ ശ്രമങ്ങള്‍ ബജറ്റ് വിഭാവനം ചെയ്യുന്നു. ഭാവി ബജറ്റുകള്‍ 2024 ബജറ്റിന്റെ ഈ മുന്‍ഗണനകളെ അടിസ്ഥാനമാക്കിയുള്ളതായിരിക്കും,' അവര്‍ പറഞ്ഞു.
ഈ ഒമ്പതിനുള്ളില്‍, 2024 ലെ ബജറ്റ് നാല് പ്രാഥമിക മേഖലകളില്‍ ശ്രദ്ധ കേന്ദ്രീകരിക്കും. തൊഴില്‍, വൈദഗ്ദ്ധ്യം, എംഎസ്എംഇ (മൈക്രോ, ചെറുകിട, ഇടത്തരം സംരംഭങ്ങള്‍), ഇടത്തരം എന്നിവയാണ് അവ. 2 ലക്ഷം കോടി രൂപ ചെലവില്‍ 4.1 കോടി യുവാക്കള്‍ക്ക് അഞ്ച് വര്‍ഷത്തിനുള്ളില്‍ പ്രയോജനം ലഭിക്കുന്ന പദ്ധതികളില്‍ സര്‍ക്കാര്‍ ശ്രദ്ധ കേന്ദ്രീകരിക്കുമെന്നാണ് പ്രഖ്യാപനം. തൊഴിലില്ലായ്മയെന്ന പ്രതിപക്ഷ ആരോപണം കൂടി കണക്കിലെടുത്താണ് ഇത്. രണ്ട് ലക്ഷം കോടിയുടെ അടങ്കലും ഈ പദ്ധതിക്കായി പ്രഖ്യാപിച്ചു.
കാര്‍ഷിക മേഖലയ്ക്ക് കാര്യമായ ഊന്നല്‍ നല്‍കിയാണ് മൂന്നാം മോദി സര്‍ക്കാരിന്റെ ആദ്യ ബഡ്ജറ്റ് എന്നാണ് ധനമന്ത്രിയുടെ അവകാശ വാദം. കാര്‍ഷിക ഉത്പാദന വര്‍ദ്ധനവ് ലക്ഷ്യമിട്ട് വന്‍ പദ്ധതികളാണ് ധനമന്ത്രി നിര്‍മല സീതാരാമന് ബജറ്റില്‍ പ്രഖ്യാപിച്ചത്. കാര്‍ഷിക രംഗത്ത് കാലത്തിനൊത്ത വളര്‍ച്ച ലക്ഷ്യമിട്ടുള്ളതാണ് പ്രഖ്യാപനങ്ങള്‍. കര്‍ഷകര്‍ക്കൊപ്പം സ്ത്രീകള്‍ക്കും യുവാക്കള്‍ക്കും മതിയായ പദ്ധതികളുണ്ട്.
രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥ സുശക്തമാണെന്ന് ബഡ്ജറ്റ് അവതരണവേളയില്‍ ധനമന്ത്രി നിര്‍മല സീതാരാമന് പറഞ്ഞു. രാജ്യത്ത് പണപ്പെരുപ്പം നിയന്ത്രണവിധേയമായെന്നും മന്ത്രി അവകാശപ്പെട്ടു. എല്ലാവരെയും ഉള്‍ക്കൊള്ളുന്ന വികസനമാണ് ലക്ഷ്യമിടുന്നതെന്നും നിര്‍മല സീതാരാമന് വ്യക്തമാക്കി.