- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എയര്‍ ഗണ്‍ ഉപയോഗിക്കാനുള്ള തീരുമാനത്തിന് പിന്നില്‍ സിനിമ; വെടിയേറ്റ യുവതിയുടെ ഭര്‍ത്താവ് കുടുങ്ങുമോ? വനിതാ ഡോക്ടറുടെ കുറ്റസമ്മതം ട്വിസ്റ്റ്!
തിരുവനന്തപുരം: പാല്‍കുളങ്ങര ചെമ്പകശ്ശേരി ലെയിനില്‍ വീട്ടമ്മയെ വെടിവച്ചു കൊല്ലാന്‍ ശ്രമിച്ച കേസിലെ പ്രതിയായ വനിതാ ഡോക്ടറുടെ പരാതിയില്‍ വീട്ടമ്മയുടെ ഭര്‍ത്താവായ സുജീത്ത് നായര്‍ക്കെതിരെ പൊലീസ് കേസെടുത്തത് ട്വിസ്റ്റാകുന്നു. കൊല്ലത്തെ സ്വകാര്യ ആശുപത്രി സ്റ്റാഫ് ക്വാര്‍ട്ടേഴ്സില്‍ വച്ച് 2021 ആഗസ്റ്റ് മാസം സുജിത്ത് നായര്‍ ബലപ്രയോഗത്തിലൂടെ താനുമായി ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെട്ടെന്നാണ് പരാതി.
ഇതിനു ശേഷം പെട്ടന്ന് സൗഹൃദം അവസാനിപ്പിച്ച ദേഷ്യത്തിലാണു സുജീത്തിന്റെ ഭാര്യയെ കൊലപ്പെടുത്തി പ്രതികാരം ചെയ്യാന്‍ തീരുമാനിച്ചതെന്നുമാണു വെടിവയ്പ്പ് കേസിലെ പ്രതിയായ വനിതാ ഡോക്ടര്‍ പൊലീസിനോട് പറഞ്ഞത്. സുജിത്ത് നായര്‍ക്കെതിരെ ശാരീരിക ബന്ധത്തിനു താല്‍പ്പര്യം ഇല്ലാതിരുന്ന ആളെ ലൈംഗികമായി പീഡിപ്പിക്കല്‍, സ്ത്രീത്വത്തെ അപമാനിക്കല്‍, ബലാത്സംഗം ചെയ്യല്‍ എന്നീ കുറ്റങ്ങള്‍ ചുമത്തിയാണു പൊലീസ് കേസെടുത്തിട്ടുള്ളത്. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസ്. അതുകൊണ്ട് തന്നെ സുജീത്തിനെ അറസ്റ്റ് ചെയ്യേണ്ട സാഹചര്യമുണ്ട്. ഇതോടെ കേസ് നിര്‍ണ്ണായക ഘട്ടത്തിലെത്തി.
അതേസമയം പ്രതിയായ വനിതാ ഡോക്ടര്‍ വീട്ടമ്മയെ വെടിവയ്ക്കാന്‍ ഉപയോഗിച്ച എയര്‍ പിസ്റ്റള്‍ കണ്ടെത്തുന്നതിനായി പ്രതിയെ കസ്റ്റഡിയില്‍ ആവശ്യപ്പെട്ട് പ്രോസിക്യൂഷന് വെളളിയാഴ്ച കോടതിയില്‍ അപേക്ഷ നല്‍കും. പ്രതി കൊലപാതകശ്രമത്തിന് ഉപയോഗിച്ചിരുന്ന കാര്‍ കൊല്ലം ആയൂര്‍ വെളളച്ചാല്‍ ഭാഗത്ത് നിന്ന് പൊലീസ് കണ്ടെടുത്തിരുന്നു. 42 കിലോമീറ്റര്‍ കാറോടിച്ചു തിരുവനന്തപുരം നഗരമധ്യത്തിലെ വീട്ടിലെത്തി ഞായര്‍ രാവിലെ എട്ടരയോടെയായിരുന്നു പ്രതിയായ വനിതാ ഡോക്ടര്‍ വീട്ടമ്മയെ വെടിവച്ചത്. കുറിയര്‍ വിതരണത്തിനെന്ന വ്യാജേനയാണു പ്രതി ഇവിടെയെത്തിയതെന്നു പൊലീസ് പറയുന്നു.
കുറിയര്‍ ഒപ്പിട്ട് വാങ്ങുന്നതിനിടെ പോക്കറ്റില്‍നിന്ന് എയര്‍ പിസ്റ്റള്‍ എടുത്തു വീട്ടമ്മയെ വെടിവയ്ക്കുകയായിരുന്നു. തലയില്‍ കൊളളാതിരിക്കാന്‍ കൈകൊണ്ട് മുഖം മറയ്ക്കുന്നതിനിടെ വീട്ടമ്മയുടെ ഇടതു കൈയില്‍ പെല്ലറ്റ് തുളച്ചു കയറുകയും ചെയ്തു. കിംസ് ആശുപത്രിയില്‍ നടത്തിയ ശസ്ത്രക്രിയയിലൂടെ പുറത്തെടുത്ത പെല്ലറ്റ് പൊലീസ് തെളിവിനായി കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. അക്രമം നടന്ന ശേഷം ചൊവാഴ്ച വൈകിട്ട് മൂന്നിനാണു കൊല്ലത്തെ സ്വകാര്യ ആശുപത്രിയില്‍നിന്നു ഡ്യൂട്ടിക്കിടെ വനിതാ ഡോക്ടറെ പൊലീസ് കസ്റ്റഡിയില്‍ എടുത്തത്.
ഒരു സിനിമയില്‍ കണ്ട ദൃശ്യത്തില്‍നിന്നാണ് എയര്‍ ഗണ്‍ ഉപയോഗിച്ചു വെടിവയ്ക്കാനുള്ള തീരുമാനത്തിലേക്ക് എത്തിയതെന്നു വനിതാ ഡോക്ടര്‍ പൊലീസിനോട് വെളിപ്പെടുത്തിയിരുന്നു. കേസില്‍ വിശദ ചോദ്യം ചെയ്യല്‍ നടക്കും. പ്രതിയുടെ മൊഴിയില്‍ സുജീത്തിനെതിരെ എടുത്ത കേസിലും ഉടന്‍ നിര്‍ണ്ണായക തീരുമാനമുണ്ടാകും.