തിരുവനന്തപുരം: സിപിഎമ്മിനുള്ളില്‍ ഇപി ജയരാജന്‍ പോരാട്ടം തുടരും. ബിജെപി നേതാവ് പ്രകാശ് ജാവദേകറിനെ കാണേണ്ടി വന്ന സാഹചര്യം പൊതു സമൂഹത്തിന് മുന്നില്‍ വിശദീകരിച്ചത് ഇപിയാണ്. എന്നിട്ടും ഇപിയ്‌ക്കെതിരെ നടപടി എടുക്കുന്ന തരത്തില്‍ ഇടതു കണ്‍വീനര്‍ സ്ഥാനം നഷ്ടമാക്കി. സ്വയം ഒഴിഞ്ഞതാണെന്ന് ഇപി പറയുമ്പോഴും അതിന് നടപടിയുടെ സ്വഭാവം സിപിഎം സെക്രട്ടറി എംവി ഗോവിന്ദന്‍ ചാര്‍ത്തി നല്‍കി. ഈ സാഹചര്യത്തില്‍ ഇപിയും ചില ചോദ്യങ്ങളുയര്‍ത്തും. നാല് വിഷയങ്ങള്‍ പാര്‍ട്ടിയില്‍ നിരന്തരം ചര്‍ച്ചയാക്കാനാണ് ഇപിയുടെ തീരുമാനം. ഇതെല്ലാം എംവി ഗോവിന്ദനെ ലക്ഷ്യമിട്ടാണ്.

പാര്‍ട്ടിയെ ചില സ്വര്‍ണമുതലാളിമാരുടെ സ്‌പോണ്‍സര്‍ഷിപ്പ് സ്ഥാപനമാക്കിമാറ്റാന്‍ ചിലര്‍ ശ്രമിക്കുന്നുണ്ട്. ചിലയിടത്ത് മുഖ്യമന്ത്രിയെ എത്തിക്കുന്നതിനുപോലും ആസൂത്രിതമായ ശ്രമം നടക്കുന്നുണ്ട്. ഇതിനെല്ലാം ഇടനിലയായി നില്‍ക്കുന്നത് ആരാണെന്ന് പരിശോധിക്കണം. അദ്ദേഹവുമായി ചില നേതാക്കള്‍ക്കുള്ള ബന്ധം പാര്‍ട്ടി അന്വേഷിക്കണമെന്നാണ് ഇപിയുടെ ഒളിയമ്പ്. കണ്ണൂരിലെ സ്വര്‍ണ്ണ മുതലയാളിയെയാണ് ഇപി ലക്ഷ്യമിടുന്നത്. സ്വപ്നാ സുരേഷിനെ സ്വാധീനിക്കാന്‍ 30 കോടി വാഗ്ദാനംചെയ്ത് ബെംഗളൂരുവിലേക്ക് ആളെ വിട്ടതിന് പിന്നില്‍നടന്ന കാര്യങ്ങള്‍ അന്വേഷിക്കേണ്ടതുണ്ട്. പാര്‍ട്ടിനേതാവിന്റെ ബന്ധുവിന് എന്തെങ്കിലും ബന്ധമുണ്ടായിരുന്നോ എന്നതും പരിശോധിക്കണമെന്നതാണ് ആവശ്യം. ഇതില്‍ ആരാണ് പ്രതിക്കൂട്ടിലെന്ന് ഏവര്‍ക്കും അറിയാവുന്ന കാര്യമാണ്.

തൃശ്ശൂരിലെ തോല്‍വിയെക്കുറിച്ച് കാര്യമായ പരിശോധനവേണം. കരുവന്നൂര്‍ സഹകരണബാങ്കിലുണ്ടായ പ്രശ്‌നം അവിടെ ബാധിച്ചിട്ടുണ്ട്. പ്രതിയായി ജയിലില്‍ കിടക്കുന്നയാള്‍ക്കൊപ്പമാണ് പാര്‍ട്ടിയെന്ന് സംസ്ഥാനസെക്രട്ടറി പരസ്യമായി പ്രതികരിച്ചു. അത്തരം പ്രതികരണമുണ്ടായതിന്റെ കാരണം പരിശോധിക്കണം. ഇത് സുരേഷ് ഗോപിയുടെ വിജയത്തിന് വഴിയൊരുക്കി. കാസര്‍കോട് ചെറുവത്തൂരില്‍ കണ്‍സ്യൂമര്‍ഫെഡിന്റെ വിദേശമദ്യവില്‍പ്പനകേന്ദ്രം മാറ്റാന്‍ ഇടപെട്ടത് ബാര്‍ മുതലാളിക്ക് വേണ്ടിയാണെന്ന് ആരോപണമുണ്ട്. ഔട്ട്ലറ്റ് മാറ്റാന്‍ ഇടപെടണമെന്ന് ജില്ലാസെക്രട്ടറിയെ വിളിച്ച് നിര്‍ദേശിച്ചതും കണ്‍സ്യൂമര്‍ഫെഡ് ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടതും ഒരാളാണ്-ഇതാണ് ഇപിയുടെ നിലപാട്.

അസാധാരണമായ ആരോപണങ്ങള്‍ക്കും കുറ്റപ്പെടുത്തലുകള്‍ക്കും ഒടുവിലാണ് സി.പി.എം. സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തില്‍ ഇ.പി. ജയരാജന്റെ മുന്നണി കണ്‍വീനര്‍സ്ഥാനം ഒഴിവാക്കുന്നത്. ജൂലായ് 22-ന് ചേര്‍ന്ന സെക്രട്ടേറിയറ്റ് യോഗത്തില്‍ ഇത് വിശദ ചര്‍ച്ചയായി. ജൂലായിലെ യോഗത്തില്‍, തന്നെ ഒറ്റപ്പെടുത്തി ആക്രമിക്കുന്നുവെന്നായിരുന്നു ജയരാജന്‍ പറഞ്ഞത്. വെള്ളിയാഴ്ച പി.ബി.അംഗങ്ങളുടെ കൂടിയാലോചനയുടെ തീരുമാനമെന്ന രീതിയിലാണ് കണ്‍വീനര്‍സ്ഥാനം ഒഴിയണമെന്ന തീരുമാനം സെക്രട്ടേറിയറ്റ് യോഗത്തില്‍ എം.വി. ഗോവിന്ദന്‍ അറിയിച്ചത്. ഈ ഘട്ടത്തിലും പഴയ ആരോപണങ്ങളില്‍ പരിശോധനവേണ്ടേ എന്ന് ജയരാജന്‍ ചോദിച്ചു. എന്നാല്‍ മറുപടിയുണ്ടായില്ല. ഇതോടെ ഇപി രാജി നല്‍കി.

ജുലായില്‍ നടന്ന യോഗത്തില്‍ എം.വി. ഗോവിന്ദനാണ് ബി.ജെ.പി. നേതാവ് പ്രകാശ് ജാവഡേക്കര്‍ ഇ.പി. ജയരാജനെ കണ്ടത് പരിശോധിക്കേണ്ട വിഷയം തന്നെയാണെന്ന് പറഞ്ഞത്. അക്കാര്യം പാര്‍ട്ടിക്കുമുമ്പില്‍ താന്‍ വിശദീകരിച്ചതും അത് ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ പരസ്യമായിത്തന്നെ പാര്‍ട്ടിസെക്രട്ടറി കാര്യങ്ങള്‍ വിശദീകരിക്കുകയും ചെയ്തതല്ലേയെന്ന് ഇ.പി. ചോദിച്ചു. ഗൗരവമുള്ള കാര്യമായതിനാല്‍ പാര്‍ട്ടി പരിശോധനവേണമെന്ന് ഗോവിന്ദന്‍ പറഞ്ഞു. അങ്ങനെയെങ്കില്‍ നാലു കാര്യങ്ങള്‍കൂടി പരിശോധിക്കണമെന്ന ആവശ്യമാണ് ജയരാജന്‍ പാര്‍ട്ടിക്ക് മുമ്പില്‍വെച്ചത്.

പേരാമ്പ്ര എം.എല്‍.എയും സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവുമായ ടി.പി. രാമകൃഷ്ണനാണ് പുതിയ ഇടതു കണ്‍വീനര്‍. വെള്ളിയാഴ്ച ചേര്‍ന്ന സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിന്റെ തീരുമാനം ശനിയാഴ്ച സംസ്ഥാന സമിതി അംഗീകരിച്ചു. ബി.ജെ.പി നേതാവ് പ്രകാശ് ജാവ്‌ദേക്കറുമായുള്ള കൂടിക്കാഴ്ചയുടെ പേരിലാണ് മുതിര്‍ന്ന നേതാവിനെതിരായ നടപടി.

തെരഞ്ഞെടുപ്പ് ഘട്ടത്തില്‍ ഇ.പി നടത്തിയ പ്രസ്താവനകള്‍ പാര്‍ട്ടി പരിശോധിച്ചതായും വീഴ്ച കണ്ടെത്തിയതായും യോഗത്തിനു ശേഷം തീരുമാനം വിശദീകരിച്ച സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ പറഞ്ഞു. എല്‍.ഡി.എഫിന്റെ പ്രവര്‍ത്തനങ്ങളില്‍ പൂര്‍ണമായി ശ്രദ്ധ കേന്ദ്രീകരിക്കുന്നതിലും ഇ.പി. ജയരാജന് പരിമിതിയുണ്ടായതും മാറ്റത്തിന് കാരണമാണെന്ന് അദ്ദേഹം തുടര്‍ന്നു. പ്രകാശ് ജാവ്‌ദേക്കറുമായി വിവാദ ദല്ലാള്‍ നന്ദകുമാറിനൊപ്പം സ്വന്തം ഫ്‌ലാറ്റില്‍ കൂടിക്കാഴ്ച നടത്തിയ വിവരം ലോക്‌സഭാ തെരഞ്ഞെടുപ്പ് ദിവസമാണ് ഇ.പി തന്നെ പരസ്യമാക്കിയത്.

ബി.ജെ.പിയിലേക്ക് പോകാന്‍ ചര്‍ച്ച നടത്തിയെന്ന ആരോപണവും ബി.ജെ.പി സ്ഥാനാര്‍ഥികള്‍ മികച്ചവരെന്ന പ്രസ്താനയുമെല്ലാം തിരിച്ചടിയായെന്ന് വിലയിരുത്തിയാണ് നടപടി. മുഖ്യമന്ത്രി പിണറായി വിജയനടക്കം പങ്കെടുത്ത സെക്രട്ടേറിയറ്റ് യോഗത്തില്‍ വെള്ളിയാഴ്ച ഇ.പി. ജയരാജനുമുണ്ടായിരുന്നു. നടപടി തീരുമാനം അറിഞ്ഞതോടെ ഉച്ചക്ക് ശേഷമുള്ള സെക്രട്ടറിയേറ്റ് യോഗത്തില്‍നിന്ന് വിട്ടുനിന്ന ഇ.പി. ജയരാജന്‍ ശനിയാഴ്ചത്തെ സംസ്ഥാന കമ്മിറ്റി യോഗത്തില്‍ പങ്കെടുക്കാതെ കണ്ണൂരിലെ വീട്ടിലേക്ക് മടങ്ങി. കേന്ദ്ര കമ്മിറ്റിയംഗമായ ഇ.പി. ജയരാജനെ പാര്‍ട്ടി പദവികളില്‍നിന്ന് നീക്കില്ല. സ്വീകരിച്ചതു സംഘടനാ നടപടിയല്ലെന്നും കേന്ദ്ര കമ്മിറ്റി അംഗമായി അദ്ദേഹം തുടരുമെന്നും ഗോവിന്ദന്‍ പറഞ്ഞു.

തന്നേക്കാള്‍ ജൂനിയറായ എം.വി. ഗോവിന്ദന്‍ പാര്‍ട്ടി സെക്രട്ടറിയായതു മുതല്‍ തുടങ്ങിയ പിണക്കമാണ് ഇ.പി. ജയരാജനെതിരായ നടപടിയിലേക്ക് നയിച്ചതെന്ന വിലയിരുത്തല്‍ സജീവമാണ്. കണ്ണൂരിലെ സിപിഎമ്മില്‍ ഇത് ചലനമുണ്ടാക്കുമോ എന്നതാണ് നിര്‍ണ്ണായകം.