തിരുവനന്തപുരം: സംസ്ഥാനത്ത് മിക്ക ജില്ലകളിലും ഇന്ന് മിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത. മണിക്കൂറില്‍ 40 കിലോമീറ്ററില്‍ താഴെ വേഗത്തില്‍ കാറ്റിനും സാധ്യത. ഒരാഴ്ച മഴ ഇതേ നിലയില്‍ തുടരുമെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഇന്ന് യെലോ അലര്‍ട്ടാണ്. കേരള, ലക്ഷദ്വീപ് തീരങ്ങളില്‍ 35 മുതല്‍ 55 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റിനു സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ ജാഗ്രത പാലിക്കണം. കേരളതീരം മുതല്‍ തെക്കന്‍ ഗുജറാത്ത്തീരം വരെയുള്ള ന്യൂനമര്‍ദപാത്തി ദുര്‍ബലമായിട്ടുണ്ടെങ്കിലും മഴയുടെ ശക്തി കുറയില്ല. അറബിക്കടലിനും പാക്കിസ്ഥാന്‍ തീരത്തിനും മുകളിലായി 'അസ്‌ന' ചുഴലിക്കാറ്റും സ്ഥിതി ചെയ്യുന്നു.

ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ളതിനാല്‍ മത്സ്യ തൊഴിലാളികള്‍ മത്സ്യ ബന്ധനത്തിന് പോകുവാന്‍ പാടുള്ളതല്ല എന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ചൊവ്വാഴ്ച ആലപ്പുഴ, എറണാകുളം, ഇടുക്കി, കോഴിക്കോട്, കണ്ണൂര്‍, കാസറഗോഡ് ജില്ലകളിലും നാലാം തീയതി പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, കോഴിക്കോട്, കണ്ണൂര്‍, കാസറഗോഡ് ജില്ലകളിലും മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്.