ഹരാരെ: ഇന്ത്യന്‍ ജഴ്സിയില്‍ അരങ്ങേറി രണ്ടാം മത്സരത്തില്‍ തകര്‍പ്പന്‍ സെഞ്ചുറിയുമായി തന്റെ ക്ലാസ് തെളിയിച്ച അഭിഷേക് ശര്‍മയുടെ ബാറ്റിംഗ് മികവില്‍ സിംബാബ്‌വെയ്‌ക്കെതിരെ വമ്പന്‍ വിജയലക്ഷ്യമുയര്‍ത്തി ടീം ഇന്ത്യ. ആദ്യ മത്സരത്തില്‍ തകര്‍ന്നടിഞ്ഞ അതേ മൈതാനത്ത് രണ്ടു വിക്കറ്റ് നഷ്ടത്തില്‍ 20 ഓവറില്‍ ഇന്ത്യ നേടിയത് 234 റണ്‍സ്. സിംബാബ്‌വെയ്ക്ക് 235 റണ്‍സ് വിജയലക്ഷ്യം.

ഓപ്പണിങ് ബാറ്റര്‍ അഭിഷേക് ശര്‍മ സെഞ്ചറി നേടി. 46 പന്തുകളില്‍നിന്നാണ് അഭിഷേക് ഇന്ത്യയ്ക്കായി കന്നി സെഞ്ചറി അടിച്ചത്. എട്ടു സിക്‌സുകളും ഏഴു ഫോറുകളും താരം ബൗണ്ടറി കടത്തി. വെല്ലിങ്ടന്‍ മസകട്‌സയുടെ പന്തില്‍ ഡിയോണ്‍ മയര്‍സ് ക്യാച്ചെടുത്താണു താരം പുറത്തായത്. ഇന്ത്യന്‍ സീനിയര്‍ ടീമില്‍ അഭിഷേകിന്റെ രണ്ടാം മത്സരമായിരുന്നു ഇന്നത്തേത്.

സിംബാബ്വെയിലെ കടുത്ത ബുദ്ധിമുട്ടുള്ള പിച്ചില്‍ 212.77 സ്ട്രൈക്ക് റേറ്റിലാണ് ഈ പ്രകടനം. 100 റണ്‍സെടുത്ത താരം 14-ാം ഓവറില്‍ മസകട്‌സയുടെ പന്തില്‍ കൂറ്റനടിക്ക് ശ്രമിച്ച് ക്യാച്ചായി പുറത്താവുകയായിരുന്നു.

അത്യന്തം സുന്ദരമായ ഇന്നിങ്സായിരുന്നു അഭിഷേക് ശര്‍മയുടേത്. സിംബാബ്വെയ്ക്കെതിരേ ശനിയാഴ്ച നടന്ന ആദ്യ ഏകദിനത്തിലായിരുന്നു അഭിഷേകിന്റെ ഇന്ത്യന്‍ ജഴ്സിയിലുള്ള അരങ്ങേറ്റം. ആദ്യ മത്സരത്തിന് പൂജ്യത്തിന് പുറത്തായി നിറംകെട്ടു. പക്ഷേ, ഇന്ന് നടന്ന രണ്ടാം മത്സരത്തില്‍ ഐ.പി.എലില്‍ ഹൈദരാബാദില്‍ നടത്തിയ ഇന്നിങ്സ് അനുസ്മരിപ്പിക്കുന്ന വിധം ബാറ്റുവീശുകയായിരുന്നു.

ആദ്യ 30 പന്തില്‍ 41 എന്ന നിലയിലായിരുന്ന താരം പിന്നീട് 17 പന്തുകളില്‍ 100-ലെത്തി. 33 പന്തില്‍ അര്‍ധ സെഞ്ചുറി തികച്ച താരം തുടര്‍ന്ന് സെഞ്ചുറിയിലേക്കെത്തിയത് കേവലം 14 പന്തുകളില്‍. നിര്‍ഭയത്വം നിറഞ്ഞ ഇന്നിങ്സ് കൂടിയായിരുന്നു അഭിഷേകിന്റേത്. സിക്സടിച്ചാണ് അര്‍ധ സെഞ്ചുറിയും സെഞ്ചുറിയും തികച്ചത്. ഡിയോണ്‍ മിയേഴ്സിന്റെ 11-ാം ഓവറില്‍ ഒരു വൈഡ് ഉള്‍പ്പെടെ 28 റണ്‍സ് നേടി.

ടി20-യില്‍ ഉള്‍പ്പെടെ ഈവര്‍ഷം 50 സിക്സ് നേടാനും അഭിഷേകിനായി. ഒരു കലണ്ടര്‍ വര്‍ഷത്തിലെ ഒരിന്ത്യന്‍ താരം നേടുന്ന ഏറ്റവും കൂടുതല്‍ സിക്സ് എന്നത് അഭിഷേകിന്റെ പേരിലായി. 46 സിക്സുകള്‍ നേടിയ രോഹിത് ശര്‍മയുടെ പേരിലായിരുന്നു ഇതുവരെയുള്ള റെക്കോഡ്. ഇന്ത്യക്ക് വേണ്ടി ഏറ്റവും കുറഞ്ഞ പന്തുകളില്‍ സെഞ്ചുറി നേടുന്ന മൂന്നാമത്തെ താരമാവാനും അഭിഷേകിന് കഴിഞ്ഞു. 46 പന്തുകളില്‍നിന്ന് കെ.എല്‍. രാഹുലും സെഞ്ചുറി നേടിയിരുന്നു. 35 പന്തില്‍നിന്ന് സെഞ്ചുറി നേടിയ രോഹിത് ശര്‍മ, 45 പന്തില്‍നിന്ന് സെഞ്ചുറി നേടിയ സൂര്യകുമാര്‍ യാദവ് എന്നിവരാണ് അഭിഷേകിന് മുന്നിലുള്ളത്.

മത്സരത്തില്‍ ഋതുരാജ് ഗെയ്ക്വാദ് 47 പന്തുകളില്‍നിന്ന് 77 റണ്‍സെടുത്തു പുറത്താകാതെനിന്നു. 22 പന്തുകള്‍ നേരിട്ട റിങ്കു സിങ് 48 റണ്‍സുമായി തിളങ്ങി. അഞ്ച് സിക്‌സുകളാണ് റിങ്കു ഗാലറിയിലേക്കു പറത്തിവിട്ടത്. ഇരുവരും ചേര്‍ന്നുള്ള സഖ്യം 87 റണ്‍സ് കൂട്ടിചേര്‍ത്തു. ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്‍ നാലു പന്തില്‍ രണ്ടു റണ്‍സ് മാത്രമെടുത്തു പുറത്തായി. മുസരബാനിയുടെ പന്തില്‍ ബ്രയന്‍ ബെന്നറ്റ് ക്യാച്ചെടുത്താണ് ഗില്ലിനെ മടക്കിയത്. മത്സരത്തിന്റെ ആദ്യ പത്തോവറുകളില്‍ 74 റണ്‍സെടുത്ത ഇന്ത്യ പിന്നീടുള്ള 10 ഓവറില്‍ അടിച്ചത് 160 റണ്‍സാണ്.

ടോസ് നേടിയ ഇന്ത്യ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. അഞ്ച് മത്സരങ്ങളുടെ പരമ്പരയില്‍ സിംബാബ്‌വെ 1 - 0ന് മുന്നിലാണ്. ഇന്നത്തെ കളി കൂടി ജയിച്ച ഇന്ത്യയെ സമ്മര്‍ദത്തിലാക്കുകയാണു സിംബാബ്‌വെയുടെ ലക്ഷ്യം. അതേസമയം ജയത്തോടെ പരമ്പരയില്‍ ഒപ്പമെത്താനാണ് ഗില്ലും സംഘവും പോരാട്ടത്തിന് ഇറങ്ങിയത്.

ഇന്ത്യ പ്ലേയിങ് ഇലവന്‍ ശുഭ്മന്‍ ഗില്‍ (ക്യാപ്റ്റന്‍), അഭിഷേക് ശര്‍മ, ഋതുരാജ് ഗെയ്ക്വാദ്, റിയാന്‍ പരാഗ്, സായ് സുദര്‍ശന്‍, റിങ്കു സിങ്, ധ്രുവ് ജുറേല്‍ (വിക്കറ്റ് കീപ്പര്‍), വാഷിങ്ടന്‍ സുന്ദര്‍, രവി ബിഷ്‌ണോയി, ആവേശ് ഖാന്‍, മുകേഷ് കുമാര്‍.

സിംബാബ്‌വെ പ്ലേയിങ് ഇലവന്‍ വെസ്ലി മാഥവരെ, ഇന്നസെന്റ് കയ, ബ്രയന്‍ ബെന്നറ്റ്, സിക്കന്ദര്‍ റാസ (ക്യാപ്റ്റന്‍), ഡിയോന്‍ മയര്‍സ്, ജൊനാഥന്‍ കാംബെല്‍, ക്ലിവ് മദന്ദെ, വെല്ലിങ്ടന്‍ മസകട്‌സ, ലൂക് ജോങ്‌വെ, ബ്ലെസിങ് മുസരബാനി, ടെന്‍ഡായി ചറ്റാര.