ഹരാരെ: സിംബാബ്‌വെയ്‌ക്കെതിരായ ട്വന്റി 20 ക്രിക്കറ്റ് പരമ്പരയിലെ രണ്ടാം മത്സരത്തില്‍ ഇന്ത്യക്ക് മികച്ച തുടക്കം. ടോസ് നേടിയ ഇന്ത്യന്‍ ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്‍ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. ആദ്യ നാല് ഓവര്‍ പിന്നിടുമ്പോള്‍ ഇന്ത്യ ഒരു വിക്കറ്റ് നഷ്ടത്തില്‍ 28 റണ്‍സ് എന്ന നിലയിലാണ്. നായകന്‍ ശുഭ്മാന്‍ ഗില്ലിന്റെ വിക്കറ്റാണ് നഷ്ടമായത്. നാല് പന്തില്‍ രണ്ട് റണ്‍സ് എടുത്ത് ഗില്‍ പുറത്തായി.

ബാറ്റിങ്‌നിരയെ ശക്തമാക്കുക ലക്ഷ്യമിട്ട് സായ് സുദര്‍ശനെ പ്ലേയിങ് ഇലവനില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പേസര്‍ ഖലീല്‍ അഹമ്മദ് പുറത്തിരിക്കും. ആദ്യ മത്സരത്തില്‍ ഇന്ത്യയെ അട്ടിമറിച്ച അതേ ടീമുമായാണ് സിംബാബ്‌വെ കളിക്കുന്നത്.

അഞ്ച് മത്സരങ്ങളുടെ പരമ്പരയില്‍ സിംബാബ്‌വെ 1 - 0ന് മുന്നിലാണ്. ഇന്നത്തെ കളി കൂടി ജയിച്ച ഇന്ത്യയെ സമ്മര്‍ദത്തിലാക്കുകയാണു സിംബാബ്‌വെയുടെ ലക്ഷ്യം. അതേസമയം ആദ്യ മത്സരത്തിലെ പോരായ്മകള്‍ പരിഹരിച്ച് തിരിച്ചുവരവിനുള്ള ഒരുക്കത്തിലാണു ടീം ഇന്ത്യ. ആദ്യ മത്സരത്തില്‍ 13 റണ്‍സിനായിരുന്നു ഇന്ത്യയുടെ തോല്‍വി. അതേ പിച്ചിലാണ് ഇന്നും മത്സരം.

ആദ്യ ടി20യില്‍ സിംബാബ്വെ 13 റണ്‍സിന് ടീം ഇന്ത്യയെ തോല്‍പിച്ചിരുന്നു. ആതിഥേയരുടെ 115 റണ്‍സ് പിന്തുടര്‍ന്ന ഇന്ത്യ 19.5 ഓവറില്‍ 102 റണ്‍സിന് പുറത്തായി. അരങ്ങേറ്റക്കാരായ അഭിഷേക് ശര്‍മ്മ പൂജ്യത്തിനും റിയാന്‍ പരാഗ് രണ്ട് റണ്‍സിനും പുറത്തായി. റുതുരാജ് ഗെയ്ക്വാദ് (7), റിങ്കു സിംഗ് (0), ധ്രുവ് ജുറല്‍ (6) എന്നിവരും രണ്ടക്കം കണ്ടില്ല.

31 റണ്‍സെടുത്ത ക്യാപ്റ്റനും ഓപ്പണറുമായ ശുഭ്മാന്‍ ഗില്ലിനും 27 റണ്‍സെടുത്ത ഓള്‍റൗണ്ടര്‍ വാഷിംഗ്ടണ്‍ സുന്ദറിനും 16 റണ്‍സെടുത്ത വാലറ്റക്കാരന്‍ ആവേഷ് ഖാനും മാത്രമേ അല്‍പമെങ്കിലും ചെറുത്ത് നില്‍ക്കാനായുള്ളൂ. മൂന്ന് വിക്കറ്റ് വീതം നേടിയ സിംബാബ്വെ ക്യാപ്റ്റന്‍ സിക്കന്ദര്‍ റാസയും ടെണ്ടായ് ചടാരയുമാണ് ഇന്ത്യക്ക് കെണിയൊരുക്കിയത്. പരമ്പരയില്‍ അഞ്ച് മത്സരങ്ങളാണുള്ളത്.

ഇന്ത്യ പ്ലേയിങ് ഇലവന്‍ ശുഭ്മന്‍ ഗില്‍ (ക്യാപ്റ്റന്‍), അഭിഷേക് ശര്‍മ, ഋതുരാജ് ഗെയ്ക്വാദ്, റിയാന്‍ പരാഗ്, സായ് സുദര്‍ശന്‍, റിങ്കു സിങ്, ധ്രുവ് ജുറേല്‍ (വിക്കറ്റ് കീപ്പര്‍), വാഷിങ്ടന്‍ സുന്ദര്‍, രവി ബിഷ്‌ണോയി, ആവേശ് ഖാന്‍, മുകേഷ് കുമാര്‍.

സിംബാബ്‌വെ പ്ലേയിങ് ഇലവന്‍ വെസ്ലി മാഥവരെ, ഇന്നസെന്റ് കയ, ബ്രയന്‍ ബെന്നറ്റ്, സിക്കന്ദര്‍ റാസ (ക്യാപ്റ്റന്‍), ഡിയോന്‍ മയര്‍സ്, ജൊനാഥന്‍ കാംബെല്‍, ക്ലിവ് മദന്ദെ, വെല്ലിങ്ടന്‍ മസകട്‌സ, ലൂക് ജോങ്‌വെ, ബ്ലെസിങ് മുസരബാനി, ടെന്‍ഡായി ചറ്റാര.