കാഞ്ഞങ്ങാട്: സ്‌കൂളിനു സമീപത്തെ ആശുപത്രിയിലെ ജനറേറ്ററില്‍നിന്നുള്ള പുക ശ്വസിച്ച് അമ്പതോളം സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് ശാരീരികാസ്വാസ്ഥ്യം. കാസര്‍കോട് കാഞ്ഞങ്ങാടാണു സംഭവം. കാഞ്ഞങ്ങാട് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിലെ ജനറേറ്ററില്‍നിന്നുള്ള പുക ശ്വസിച്ചാണു തൊട്ടടുത്തുള്ള ലിറ്റില്‍ ഫ്‌ലവര്‍ സ്‌കൂളിലെ വിദ്യാര്‍ഥികള്‍ക്കു ശാരീരിക അസ്വാസ്ഥ്യമുണ്ടായത്.

ശ്വാസതടസവും തലകറക്കവും അനുഭവപ്പെട്ട വിദ്യാര്‍ഥികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതില്‍ 20 കുട്ടികളെ പ്രാഥമികശുശ്രൂഷ നല്‍കിയശേഷം വിട്ടയച്ചു. അഞ്ച് പേര്‍ ജില്ലാ ആശുപത്രിയിലും 13 പേര്‍ സ്വകാര്യ ആശുപത്രിയിലും നിരീക്ഷണത്തില്‍ തുടരുകയാണ്. ഇവരുടെ ഓക്‌സിജന്‍ ലെവലില്‍ നേരിയ വ്യതിയാനമുള്ളതിനാലാണ് നിരീക്ഷണം.

ക്ലാസ് മുറിക്ക് അടുത്തായാണ് ജനറേറ്റര്‍ സ്ഥാപിച്ചിരുന്നത്. ആരുടെയും നില ഗുരുതരമല്ല. സ്ഥിതഗതികള്‍ വിലയിരുത്താന്‍ സബ് കലക്ടര്‍ സുഫിയാന്‍ അഹമ്മദ് സ്ഥലത്തെത്തി. ജനറേറ്ററിന്റെ പുകക്കുഴലിന്റെ ഉയരക്കുറവാണ് സ്‌കൂളിലേക്ക് പുക പടരാന്‍ കാരണം. ജനസാന്ദ്രതയുള്ള മേഖലയില്‍ ജനറേറ്റര്‍ അശാസ്ത്രീയമായാണ് സ്ഥാപിച്ചിരുന്നത് എന്നാണ് പ്രാഥമിക നിഗമനം.

ആശുപത്രിക്ക് തൊട്ട് സമീപത്താണ് സ്‌കൂളുകള്‍ പ്രവര്‍ത്തിക്കുന്നത്. കുട്ടികള്‍ പറയുന്നത് അനുസരിച്ച് ആദ്യം പ്രദേശത്ത് ദുര്‍ഗന്ധം പടര്‍ന്നു. അത് ശ്വസിച്ചതിന് പിന്നാലെയാണ് വിദ്യാര്‍ത്ഥികള്‍ക്ക് ദേഹാസ്വാസ്ഥ്യമുണ്ടായത്. ചില കുട്ടികള്‍ക്ക് തലകറക്കവും ചിലര്‍ക്ക് തലവേദനയും മറ്റ് ചിലര്‍ക്ക് നെഞ്ചെരിച്ചിലും അനുഭവപ്പെട്ടിട്ടുണ്ട്.

കറണ്ട് പോയപ്പോള്‍ ജനറേറ്റര്‍ പ്രവര്‍ത്തിപ്പിച്ചതോടെ പുക ഉയരുകയായിരുന്നു. ആശുപത്രിയുടെ തൊട്ട് പിന്നിലായുള്ള ലിറ്റില്‍ ഫ്‌ലവര്‍ സ്‌കൂളിലേക്കും പുക പടര്‍ന്നു. ഇതോടെ കുട്ടികള്‍ക്ക് ശാരീരിക അസ്വസ്ഥതകള്‍ അനുഭവപ്പെട്ടുതുടങ്ങി.

സംഭവത്തില്‍ ജില്ലാ കളക്ടര്‍ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. ഉടനടി അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കാഞ്ഞങ്ങാട് സബ് കളക്ടര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ആശുപത്രിയില്‍ പുകകുഴലില്ലാത്തതാണ് ജനറേറ്റര്‍ പ്രവര്‍ത്തിപ്പിക്കുമ്പോള്‍ പരിസര പ്രദേശങ്ങളിലേക്ക് പുക പടരാന്‍ കാരണമെന്നാണ് പ്രാഥമിക വിവരം.