ന്യൂഡല്‍ഹി: ഇന്ത്യ - ബംഗ്ലദേശ് അതിര്‍ത്തിയില്‍ ഗോമാംസം കടത്താന്‍ കേന്ദ്ര സഹമന്ത്രി ശാന്തനു ഠാക്കൂര്‍ ഔദ്യോഗിക അനുമതി നല്‍കിയെന്ന ആരോപണവുമായി തൃണമൂല്‍ കോണ്‍ഗ്രസ് എംപി മഹുവ മൊയ്ത്ര. ഗോമാംസം കടത്തുന്നതിനുള്ള അനുമതിപത്രം കേന്ദ്രമന്ത്രി ഔദ്യോഗിക ലെറ്റര്‍ ഹെഡില്‍ ബിഎസ്എഫിന് നല്‍കിയെന്നാണ് ആരോപണം.

ഈ വിഷയത്തില്‍ മഹുവ ആഭ്യന്തര മന്ത്രിയുടെയും ഗോരക്ഷാ സേനയുടെയും മാധ്യമങ്ങളുടെയും ശ്രദ്ധ ക്ഷണിച്ചു. ഒപ്പം മന്ത്രിയുടെ കയ്യൊപ്പുള്ള അനുമതി പത്രത്തിന്റെ ചിത്രവും പങ്കുവച്ചു. എന്നാല്‍ പ്രദേശവാസികള്‍ക്ക് ഇത്തരം അനുമതിപത്രം അനുവദിക്കാന്‍ ജനപ്രതിനിധികള്‍ക്ക് അധികാരമുണ്ടെന്ന് ബിഎസ്എഫ് ഉദ്യോഗസ്ഥര്‍ ദേശീയമാധ്യങ്ങളോട് പ്രതികരിച്ചു.

ആരോപണം തെറ്റാണെന്നും ഇത്തരം തെറ്റായ ആരോപണങ്ങള്‍ ഉന്നയിക്കുന്നതു മഹുവ ശീലമാക്കുകയാണെന്നുമുള്ള മറുപടിയുമായി ശാന്തനുവും രംഗത്തെത്തി. "വെറും മൂന്നു കിലോ ഗോമാംസം ആരെങ്കിലും കടത്തുമോ? അസംബന്ധമല്ലേ അത്? അതിര്‍ത്തി പ്രദേശങ്ങളിലെ പ്രാദേശിക പ്രശ്നങ്ങള്‍ ലഘൂകരിക്കാനാണ് ഇത്തരം പാസുകള്‍ നല്‍കുന്നതെന്ന് അവര്‍ക്കറിയാം. വസ്തുതകള്‍ അവര്‍ മനഃപൂര്‍വം മറച്ചുവയ്ക്കുകയാണ്" ശാന്തനു ഠാക്കൂര്‍ പറഞ്ഞു.