പന്തളം: ഹോം നേഴ്സ് ചമഞ്ഞ് വീട്ടില്‍ അടുത്തു കൂടിയ ശേഷം വൃദ്ധയുടെ കഴുത്തില്‍ കിടന്ന സ്വര്‍ണ്ണമാല അടക്കം അഞ്ച് പവന്‍ മോഷ്ടിച്ച് കടന്നു കളഞ്ഞ ഹോംനേഴ്സും ഭര്‍ത്താവും പോലീസ് പിടിയില്‍. ഇടുക്കി ഏലപ്പാറയിലെ റോസ് മല വീട്ടില്‍ മിനിയെന്ന് വിളിക്കുന്ന വിക്ടോറിയ രാമയ്യന്‍( 39), ഭര്‍ത്താവ് കോട്ടയം കല്ലറ സൗത്തില്‍ രേണുക ഭവനത്തില്‍ സുന്ദരന്‍ എന്ന് വിളിക്കുന്ന ജയകാന്തന്‍ ( 49) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. തുമ്പമണ്‍ വടക്കോട്ട് ചരിവില്‍ വീട്ടിലെ വയോധികയുടെ ആഭരണമാണ് ഇവര്‍ മോഷ്ടിച്ച് മുങ്ങിയത്.

മിനി തിരുവനന്തപുരത്തെ ഹോട്ടലില്‍ ജോലിയുള്ള ജയകാന്തനുമായി ചേര്‍ന്ന് ചാലയിലുള്ള സ്ഥാപനത്തില്‍ സ്വര്‍ണ്ണ മോതിരം വിറ്റു. നാല് ദിവസത്തിനുശേഷം കോട്ടയത്ത് എത്തി ജ്വല്ലറിയില്‍ മാല അടക്കമുള്ള സ്വര്‍ണാഭരണങ്ങള്‍ വിറ്റു. പിന്നീട്, സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഒളിവില്‍ കഴിഞ്ഞ് അടുത്ത തട്ടിപ്പിനുള്ള ഒരുക്കം നടത്തി വരവേയാണ് പോലീസിന്റെ വലയിലായത്. വിക്ടോറിയക്ക് തൃശൂര്‍ മെഡിക്കല്‍ കോളേജ് പോലീസ് സ്റ്റേഷനില്‍ സമാനമായ കേസ് നിലവിലുണ്ട്. സുന്ദരന്‍ എറണാകുളത്ത് കത്തിക്കുത്ത് കേസില്‍ പ്രതിയായി മൂന്നുവര്‍ഷം തടവ് ശിക്ഷ അനുഭവിച്ച ആളാണ്.

ജില്ലാ പോലീസ് മേധാവിയുടെ ഉത്തരവനുസരിച്ച് പ്രത്യേക സംഘംരൂപീകരിച്ച് അന്വേഷണം ഊര്‍ജിതമാക്കിയിരുന്നു. ഡിവൈ.എസ്.പി നിയാസിന്റെ മേല്‍നോട്ടത്തില്‍ എസ്.എച്ച്.ഓ ടി.ഡി.പ്രജീഷ്, സബ് ഇന്‍സ്പെക്ടര്‍ അനീഷ് എബ്രഹാം, സിവില്‍ പോലീസ് ഓഫീസര്‍മാരായ എസ്. അന്‍വര്‍ഷ, ആര്‍. രഞ്ജിത്ത്, പോലീസുകാരി എസ്. അനൂപ എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്.

നിരവധി സിസിടിവി ദൃശ്യങ്ങളും മൊബൈല്‍ ടവറുകളും കേന്ദ്രീകരിച്ചും ഹോംനേഴ്സിംഗ് സ്ഥാപനങ്ങള്‍ നടത്തിവരുന്ന കേരളത്തിലെ വിവിധ ഏജന്‍സികളുമായി ബന്ധപ്പെട്ടും വിവിധ പ്രദേശങ്ങള്‍ കേന്ദ്രീകരിച്ചും അന്വേഷിച്ചതിനെ തുടര്‍ന്ന്, കോട്ടയം ഭാഗത്ത് ഒളിവില്‍ കഴിയുന്നതായി വിവരം ലഭിച്ചു. പിന്നീട് നടത്തിയ നീക്കത്തില്‍ കോട്ടയം മെഡിക്കല്‍ കോളേജിന് സമീപം ലോഡ്ജില്‍ ഒളിവില്‍ താമസിക്കുകയായിരുന്ന ഇവരെ ഏറെ ശ്രമകരമായിട്ടാണ് പിടികൂടിയത്. വിശദമായ ചോദ്യം ചെയ്യലില്‍ കുറ്റം സമ്മതിച്ച ഇരുവരെയും അടൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മിനിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.