- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കേരളത്തില്‍ പോലും ബിജെപി വോട്ട് ചോര്‍ത്തുന്നു; തിരുത്തലുകള്‍ വാക്കിലും പ്രവൃത്തിയിലും വേണം; ജനങ്ങള്‍ക്ക് ബോധ്യമാകണമെന്ന് എം.എ. ബേബി
തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിനുണ്ടായത് അതീവ ഗുരുതരമായ തിരിച്ചടിയാണെന്നും ഇപ്പോഴത്തെ അവസ്ഥ നിരാശ പടര്‍ത്തുന്നതെന്നും തുറന്ന് പറഞ്ഞ് സിപിഎം പോളിറ്റ് ബ്യൂറോ അംഗം എംഎ ബേബി. വാക്കും പ്രവര്‍ത്തിയും ജീവിതശൈലിയും പ്രശ്നമായിട്ടുണ്ടെങ്കില്‍ അത് പരിശോധിക്കപ്പെടണം. ഉള്‍പ്പാര്‍ട്ടി വിമര്‍ശനങ്ങള്‍ ഉള്‍ക്കൊണ്ട് നിര്‍വ്യാജമായ തിരുത്തലാണ് വേണ്ടതെന്നും ബേബി പച്ചക്കുതിരയില്‍ എഴുതിയ ലേഖനത്തില്‍ തുറന്ന് പറയുന്നു.
സിപിഎമ്മില്‍നിന്നും മറ്റു പാര്‍ട്ടികളില്‍നിന്നും ബിജെപി കേരളത്തില്‍പോലും വോട്ടു ചോര്‍ത്തുന്നുവെന്നത് ഉത്കണ്ഠാജനകമാണെന്നും എം.എ.ബേബി പറയുന്നു. 2014നെ അപേക്ഷിച്ച് ബിജെപിയുടെ വോട്ടുവിഹിതം ഇരട്ടിയായി. ഈ പ്രവണത തിരുത്താന്‍ ആവശ്യമായ ഫലപ്രദമായ പ്രവര്‍ത്തന പദ്ധതികള്‍ തയാറാക്കണമെന്നും ബേബി ചൂണ്ടിക്കാട്ടി.
ലോക്സഭാ തിരഞ്ഞെടുപ്പില്‍ തിരിച്ചടിയുണ്ടായതിനെ സിപിഎം ജില്ലാ കമ്മിറ്റികള്‍ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. ഭരണത്തിനും മുഖ്യമന്ത്രി പിണറായി വിജയനും എതിരെയായിരുന്നു വിമര്‍ശനം. അതിനു പിന്നാലെയാണ് മുതിര്‍ന്ന നേതാവ് എം.എ.ബേബിയും തിരുത്തലുകള്‍ നിര്‍ദേശിച്ച് രംഗത്തെത്തിയത്
തിരുത്തലുകള്‍ ക്ഷമാപൂര്‍വം കൈക്കൊള്ളാതെ ഈ ദുരവസ്ഥയ്ക്ക് പരിഹാരം കാണാനാകില്ലെന്ന് ലേഖനത്തില്‍ പറയുന്നു. തിരഞ്ഞെടുപ്പിലെ തിരിച്ചടി മാത്രമല്ല പരിശോധിക്കേണ്ടത്. ബഹുജന സ്വാധീനത്തിലും പാര്‍ട്ടിക്ക് ചോര്‍ച്ച സംഭവിക്കുന്നുണ്ട്. തിരുത്തലുകള്‍ വരുത്തുന്നുണ്ടെങ്കിലും ഇനിയും തിരുത്തേണ്ട തലങ്ങള്‍ ബാക്കിയാണ്. ജനങ്ങള്‍ക്ക് ബോധ്യമാകുന്നവിധം, സത്യസന്ധവും നിര്‍ഭയവും ഉള്ളുതുറന്നതുമായ സ്വയം വിമര്‍ശനത്തിലൂടെ മാത്രമേ ഇടതുപക്ഷത്തിന് ബഹുജന സ്വാധീനം വീണ്ടെടുക്കാനാകൂ.
ജനങ്ങളുമായി സംസാരിക്കുന്നതുപോലെ പ്രധാനമാണ് അവര്‍ക്ക് പറയാനുള്ളത് ക്ഷമാപൂര്‍വം കേള്‍ക്കുക എന്നതും. എല്ലാവിഭാഗം ജനങ്ങളുമായും ബന്ധം നിലനിര്‍ത്താന്‍ ശ്രമിക്കണം. ജനങ്ങള്‍ പറയുന്നതിലെ ശരിയായ വിമര്‍ശനത്തിന്റെ അടിസ്ഥാനത്തില്‍ സ്വന്തം വാക്കിലും പ്രവൃത്തിയിലും ജീവിതത്തിലും ആവശ്യമായ തിരുത്തലുകള്‍ വരുത്തുക എന്നതും പ്രധാനമാണെന്ന് ബേബി അഭിപ്രായപ്പെട്ടു.
"ഇപ്പോള്‍ പാര്‍ലമെന്റിലുള്ളത് ഇന്ത്യന്‍ ഇടതുപക്ഷത്തിന്റെ ഏറ്റവും ശോഷിച്ച സാന്നിധ്യമാണ്. നിരാശ പടര്‍ത്തുന്ന അവസ്ഥയാണിത്. ഇടതു സ്വാധീനത്തില്‍ നിന്ന് പോലും വോട്ടുകള്‍ ബിജെപിയിലേക്ക് ചോരുന്ന അവസ്ഥ ഉത്കണ്ഠ ഉണ്ടാക്കുന്നതാണ്. അതീവ ഗൗരവത്തോടെ ഇടപെടേണ്ട അവസ്ഥയാണിത്. പാര്‍ട്ടിയുടെ ബഹുജന സ്വാധീനത്തില്‍ ചോര്‍ച്ചയും ഇടിവും സംഭവിച്ചു. ഇതിന് വാക്കും പ്രവര്‍ത്തിയും ജീവിതശൈലിയും പ്രശ്നമായിട്ടുണ്ടോ എന്ന് പരിശോധിക്കപ്പെടണം. ഉള്‍പ്പാര്‍ട്ടി വിമര്‍ശനങ്ങള്‍ക്ക് ഇടമുണ്ടാകണം. വിമര്‍ശനങ്ങള്‍ ഉള്‍ക്കൊള്ളാനും തിരുത്താനും തയ്യാറാകണം. ജനങ്ങളോട് പറയുന്നത് പോലെ ജനങ്ങള്‍ പറയുന്നത് കേള്‍ക്കുകയും വേണം". അല്ലെങ്കില്‍ ദുരവസ്ഥയ്ക്ക് പരിഹാരം കാണാന്‍ ആകില്ലെന്നാണ് എംഎ ബേബി ഓര്‍മ്മിപ്പിക്കുന്നത്.
ഈ ചുമതലകള്‍ നിര്വ്വഹിക്കുമ്പോള് ഇടതുപക്ഷത്തിനും അതിന്റെ നേതൃത്വത്തിനുമെതിരേ ബോധപൂര്‍വ്വം അപവാദപ്രചാരണങ്ങള്‍ നടത്തുവാന്‍ വലതുപക്ഷശക്തികളും നിക്ഷിപ്തതാത്പര്യങ്ങളും സ്വാഭാവികമായും ശ്രമിക്കും. ഇപ്പോള്‍ സംഭവിച്ച, ഒരു പരിധിവരെ അനര്‍ഹമായ തിരിച്ചടികളില്‍ ഇത്തരം മര്യാദാരഹിതമായ അപവാദപ്രചരണങ്ങളും വലിയ പങ്കുവഹിച്ചിട്ടുണ്ട്. അതിനെ തിരിച്ചറിയാനും തുറന്നുകാട്ടാനും നിസ്സംശയമായും കഴിയണം. അതിന്റെ അര്‍ത്ഥം കമ്മ്യൂണിസ്റ്റുകാര്‍ക്കും ഇടതുപക്ഷത്തിനും യഥാര്‍ത്ഥത്തില്‍ സംഭവിക്കുന്ന വീഴ്ചകളും തെറ്റുകളും നിര്‍വ്യാജം തിരുത്തുന്നതില്‍ ഒട്ടും സങ്കോചമോ വിസമ്മതമോ ഉണ്ടാകാന്‍ പാടില്ലെന്നുകൂടിയാണെന്നും അദ്ദേഹം പറഞ്ഞു.
ഉള്‍പ്പാര്‍ട്ടി ചര്‍ച്ചകളിലൂടെ പോരായ്മകള്‍ തിരിച്ചറിഞ്ഞ് തിരുത്തുവാനുള്ള കര്‍ത്തവ്യത്തില്‍നിന്ന് കമ്മ്യൂണിസ്റ്റുകാര്‍ക്കും ഇടതുപക്ഷത്തിനും ഒരിക്കലും ഒഴിഞ്ഞുമാറാനാവില്ല. അങ്ങനെ ഒഴിഞ്ഞുമാറിയാല്‍ അത് അത്യന്തം വിനാശകരമാകും. അപവാദപ്രചാരണങ്ങളെ അവഗണിക്കാതെ മറുപടി പറയുകയും തുറന്നുകാട്ടുകയും വേണം. മാത്രമല്ല. ഇടതുപക്ഷം യഥാര്‍ത്ഥത്തില്‍ തിരിച്ചറിഞ്ഞു തിരുത്തേണ്ട ദൗര്‍ബല്യങ്ങളും തെറ്റുകളും സൂക്ഷമമായി കണ്ടെത്തി തിരുത്തിയില്ലെങ്കില്‍ ആഹ്ലാദിക്കുക പ്രതിലോമശക്തികളും അവരുടെ കൂട്ടാളികളായ ഒരു വിഭാഗം അധമമാധ്യമങ്ങളുമാണ്. എല്ലാവിഭാഗം ജനങ്ങളുമായും കൂടുതല്‍ ദൃഢമായ ബന്ധങ്ങള്‍ സ്ഥാപിക്കാനും നിലനിര്‍ത്താനും ശ്രദ്ധിക്കണം. ജനങ്ങളില്‍ നിന്ന് പഠിച്ച് ജനങ്ങളെ പഠിപ്പിക്കുക എന്ന സമീപനം അനുഭവവേദ്യമാക്കിയാലെ ഇന്നത്തെ അവസ്ഥ തിരുത്താനാവുകയുള്ളൂ. ജനങ്ങളോട് സംസാരിക്കുന്നതുപോലെ പ്രധാനമാണ് അവര്‍ക്കു പറയാനുള്ളത് ക്ഷമാപൂര്‍വ്വം കേള്‍ക്കുകയും ചെയ്യുകയും എന്നതെന്നും ബേബി വ്യക്തമാക്കി.
ആവശ്യമായ തിരുത്തലുകള്‍ ക്ഷമാപൂര്‍വം കൈക്കൊള്ളണമെന്നു കൂടി പറയുന്നതാണ് ലേഖനത്തിന്റെ ഉള്ളടക്കം. തെരഞ്ഞെടുപ്പ് തോല്‍വി വിലയിരുത്തുന്ന വിശദമായ അവലോകനങ്ങള്‍ക്ക് ശേഷം 19, 21, 22 തീയതികളില്‍ നടക്കുന്ന സിപിഎമ്മിന്റെ സംസ്ഥാന നേതൃയോഗം തെറ്റുതിരുത്തല്‍ നടപടികള്‍ക്കുള്ള മാര്‍ഗ്ഗരേഖ തയ്യാറാക്കാനിരിക്കുകയാണ്. ഇതിന് തൊട്ടു മുന്‍പാണ് തെറ്റുകളും തിരുത്തുകളും ഇടതുപക്ഷവും എന്ന പേരിലാണ് പച്ചക്കുതിരയില്‍ എംഎ ബേബിയുടെ ലേഖനം.
ലോക്സഭാ തെരഞ്ഞെടുപ്പിലെ കനത്ത തോല്‍വിക്ക് ശേഷം തെറ്റുതിരുത്തല്‍ നടപടികളെ കുറിച്ചുള്ള ചര്‍ച്ചകള്‍ പാര്‍ട്ടിക്കകത്ത് ശക്തമായിരിക്കെയാണ് തുറന്ന വിമര്‍ശനവുമായി മുതിര്‍ന്ന നേതാക്കള്‍ കൂട്ടത്തോടെ എത്തുന്നത്. തോമസ് ഐസകിന് പിന്നാലെയാണ് തെരഞ്ഞെടുപ്പ് തോല്‍വിക്ക് കാരണവും പരിഹാരവും നിര്‍ദ്ദേശിക്കുന്നതാണ് എംഎ ബേബിയുടെ ലേഖനം.