കൊച്ചി: കോളജ് വിദ്യാര്‍ഥിനികളുടെ ചിത്രങ്ങള്‍ പകര്‍ത്തി അശ്ലീല വെബ്സൈറ്റുകളിലും സാമൂഹികമാധ്യമ ഗ്രൂപ്പുകളിലും പ്രചരിപ്പിച്ചെന്ന കേസില്‍ മുന്‍ എസ് എഫ് ഐ നേതാവായ യുവാവ് അറസ്റ്റില്‍. മറ്റൂര്‍ ശ്രീശങ്കര കോളേജിലെ മുന്‍ വിദ്യാര്‍ഥിയും എസ്.എഫ്.ഐ. നേതാവുമായിരുന്ന രോഹിത്തിനെയാണ് പോലീസ് പിടികൂടിയത്. കോളേജ് പഠനകാലത്ത് കാംപസില്‍വെച്ച് പകര്‍ത്തിയ പെണ്‍കുട്ടികളുടെ ചിത്രങ്ങളാണ് ഇയാള്‍ അശ്ലീല സൈറ്റുകളില്‍ പ്രചരിപ്പിച്ചിരുന്നത്. പ്രതിയുടെ രണ്ട് മൊബൈല്‍ഫോണുകളും പോലീസ് പിടിച്ചെടുത്തു ഫൊറന്‍സിക് പരിശോധനയ്ക്ക് അയച്ചു.

ഇയാളെ അറസ്റ്റ് ചെയ്ത് സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു. മുമ്പ് പഠിച്ചിരുന്നവരടക്കം ഇരുപതോളം വിദ്യാര്‍ഥിനികളുടെ ചിത്രങ്ങള്‍ ഇയാള്‍ ഇത തരത്തില്‍ ദുരുപയോഗം ചെയ്തിട്ടുണ്ടെന്നാണ് സംശയം.

എസ്.എഫ്.ഐ. നേതാവായിരുന്ന രോഹിത്ത്, കഴിഞ്ഞ കോളേജ് യൂണിയന്‍ തിരഞ്ഞെടുപ്പ് കാലത്ത് പ്രചാരണത്തിന്റെ ചിത്രങ്ങള്‍ പകര്‍ത്തിയിരുന്നതായാണ് പറയുന്നത്. ഈ സമയത്ത് പെണ്‍കുട്ടികളുടെ ചിത്രങ്ങളും പകര്‍ത്തി ഇവ പിന്നീട് അശ്ലീലച്ചുവയുള്ള അടിക്കുറിപ്പോടെ പലഗ്രൂപ്പുകളിലും പ്രചരിപ്പിക്കുകയായിരുന്നു. വ്യാജ ഫെയ്സ്ബുക്ക് ഐ.ഡി. ഉള്‍പ്പെടെ ഉപയോഗിച്ചാണ് പ്രതി ചിത്രങ്ങള്‍ അപ് ലോഡ് ചെയ്തിരുന്നത്. അശ്ലീല വെബ്സൈറ്റുകളിലും ചിത്രങ്ങള്‍ പ്രചരിപ്പിച്ചിരുന്നു.

സംഭവം ശ്രദ്ധയില്‍പ്പെട്ടതോടെ കോളേജിലെ ഒരു വിദ്യാര്‍ഥിനി കാലടി പോലീസില്‍ പരാതി നല്‍കി. സംഭവത്തിന് പിന്നില്‍ രോഹിത്താണെന്ന് സംശയിക്കുന്ന ചില തെളിവുകള്‍ സഹിതമാണ് പെണ്‍കുട്ടി പോലീസിനെ സമീപിച്ചത്. തുടര്‍ന്ന് പോലീസ് കേസെടുക്കുകയും പ്രതിയെ പിടികൂടുകയുമായിരുന്നു. നിലവില്‍ ഒരു പെണ്‍കുട്ടിയുടെ പരാതിയിലാണ് പോലീസ് കേസെടുത്തിരിക്കുന്നത്. എന്നാല്‍, ഇയാള്‍ക്കെതിരേ എട്ട് പെണ്‍കുട്ടികള്‍കൂടി സമാനപരാതിയുമായി പോലീസിനെ സമീപിച്ചിട്ടുണ്ട്.

ബിരുദ വിദ്യാര്‍ഥിനിയായ ഒരു പെണ്‍കുട്ടിയുടെ ചിത്രം ഫെയ്‌സ്ബുക്കിലെ അശ്ലീല ഗ്രൂപ്പുകളിലൊന്നില്‍ കണ്ടതിനു പിന്നാലെ നടത്തിയ അന്വേഷണത്തിലാണ് ക്യാമ്പസിലെ മുന്‍ വിദ്യാര്‍ഥി നേതാവായിരുന്ന രോഹിത് അറസ്റ്റിലായത്. പഠിച്ചിറങ്ങിയിരുന്നെങ്കിലും ഫോട്ടോഗ്രാഫര്‍ എന്ന നിലയില്‍ ക്യാമ്പസില്‍ പതിവായെത്തിയിരുന്ന രോഹിത്ത് വിദ്യാര്‍ഥിനികളുമായി സൗഹൃദം സ്ഥാപിച്ചിരുന്നു.

പിന്നീട് ഇവരുടെ നവമാധ്യമ അക്കൗണ്ടുകളില്‍ നിന്നും മറ്റും എടുക്കുന്ന ചിത്രങ്ങളാണ് അശ്ലീല ഗ്രൂപ്പുകളില്‍ മോശം അടിക്കുറുപ്പുകളോടെ പങ്കുവച്ചിരുന്നത്. സംഘടനയിലെ തന്റെ സഹപ്രവര്‍ത്തകരടക്കം ഇരുപതോളം പെണ്‍കുട്ടികളുടെ ചിത്രങ്ങള്‍ രോഹിത് ഈ തരത്തില്‍ വിവിധ അശ്ലീല ഗ്രൂപ്പുകളില്‍ പങ്കുവച്ചിട്ടുണ്ടെന്നാണ് സൂചന.

കേരള പൊലീസ് ആക്ടിലെ 119 ബി വകുപ്പ് പ്രകാരമുളള കേസ് രജിസ്റ്റര്‍ ചെയ്താണ് കാലടി പൊലീസ് രോഹിത്തിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. അപ്പോള്‍ തന്നെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിടുകയും ചെയ്തു. ഇത്ര ഗൗരവതരമായ കുറ്റം ചെയ്‌തൊരു പ്രതിക്കെതിരെ സ്റ്റേഷന്‍ ജാമ്യം കിട്ടുന്ന വകുപ്പുകള്‍ മാത്രമിട്ട് കേസെടുത്തതിനെതിരെയും വിമര്‍ശനം ഉയരുന്നുണ്ട്,.