- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സമാധാനത്തിനും സ്ഥിരതയ്ക്കും ഇന്ത്യ എല്ലാ പിന്തുണയും നല്‍കും; പ്രധാനമന്ത്രി റഷ്യയിലേക്ക് തിരിച്ചു; ഇന്ത്യ- റഷ്യ വാര്‍ഷിക ഉച്ചകോടി നാളെ
ന്യൂഡല്‍ഹി: റഷ്യ - യുക്രെയ്ന് യുദ്ധം ആരംഭിച്ച ശേഷമുള്ള ആദ്യ റഷ്യന്‍ സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി മോസ്കോവിലേക്ക് പുറപ്പെട്ടു. മേഖലയുടെ സമാധാനത്തിനും സ്ഥിരതയ്ക്കും പിന്തുണയേകുന്ന പങ്കാളിത്തമാണ് ഇന്ത്യ ആഗ്രഹിക്കുന്നതെന്നു മോദി പറഞ്ഞു. ഓസ്ട്രിയയും മോദി സന്ദര്‍ശിക്കും. 40 വര്‍ഷങ്ങള്‍ക്കുശേഷമാണ് ഇന്ത്യന്‍ പ്രധാനമന്ത്രി ഓസ്ട്രിയ സന്ദര്‍ശിക്കുന്നത്.
22ാം വാര്‍ഷിക ഉച്ചകോടിയില്‍ പങ്കെടുക്കാനാണു മോദി റഷ്യയിലേക്കു തിരിച്ചത്. ഊര്‍ജം, വ്യാപാരം, പ്രതിരോധം തുടങ്ങിയ മേഖലകളിലെ പരസ്പരബന്ധം വിപുലപ്പെടുത്തുകയാണ് ഇരുരാജ്യങ്ങളുടെയും ലക്ഷ്യം. റഷ്യന്‍ സന്ദര്‍ശനത്തിനുശേഷം അദ്ദേഹം ഓസ്ട്രിയയിലേക്കു തിരിക്കും. 10ന് തിരിച്ചെത്തും.
റഷ്യയും യുക്രെയിനും ഉള്‍പ്പെട്ട മേഖലയിലെ സമാധാനം ഉറപ്പാക്കാന്‍ ഇന്ത്യ എല്ലാ പിന്തുണയും നല്‍കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. രണ്ട് ദിവസത്തെ സന്ദര്‍ശനത്തിന് മോസ്കോവിലേക്ക് തിരിക്കും മുമ്പ് നല്കിയ പ്രസ്താവനയിലാണ് മോദി ഇക്കാര്യം വ്യക്തമാക്കിയത്. ആഗോള സാഹചര്യം റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിനുമായി ചര്‍ച്ച ചെയ്യുമെന്നും റഷ്യയുമായുള്ള ബന്ധം കൂടുതല്‍ ശക്തമാക്കാന്‍ തന്റെ സന്ദര്‍ശനം സഹായിക്കുമെന്നും മോദി അറിയിച്ചു.
മോദിയുടെ സന്ദര്‍ശനത്തിന് ഏറെ പ്രാധാന്യം ഉണ്ടെന്നും അതിനാല്‍ പാശ്ചാത്യ രാജ്യങ്ങള്‍ അസൂയയോടെയാണ് സന്ദര്‍ശനത്തെ നോക്കിക്കാണുന്നതെന്നും റഷ്യന്‍ വിദേശകാര്യമന്ത്രാലയം പ്രതികരിച്ചു. വൈകിട്ട് ആറിന് മോസ്കോവിലെത്തുന്ന പ്രധാനമന്ത്രിക്ക് പ്രസിഡന്റ് പുടിന് അത്താഴ വിരുന്ന് ഒരുക്കും. രണ്ട് നേതാക്കള്‍ മാത്രമുള്ള ചര്‍ച്ച ഇന്ന് നടക്കും. ഇന്ത്യ- റഷ്യ വാര്‍ഷിക ഉച്ചകോടി നാളെയാണ്. മോസ്കോവിലെ ഇന്ത്യന്‍ സമൂഹത്തെയും നരേന്ദ്ര മോദി അഭിസംബോധന ചെയ്യും. റഷ്യ യുക്രെയിന് സംഘര്‍ഷം തുടങ്ങിയ ശേഷം ഇതാദ്യമായാണ് നരേന്ദ്ര മോദി റഷ്യയിലെത്തുന്നത്.
അതേ സമയം, പ്രധാനമന്ത്രിയുടെ റഷ്യന്‍ സന്ദര്‍ശനത്തെ കോണ്‍ഗ്രസ് പരിഹസിച്ചു. റഷ്യയില്‍ നിന്ന് മടങ്ങിയെത്തിയിട്ടെങ്കിലും മണിപ്പൂര്‍ സന്ദര്‍ശിക്കണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. പ്രധാനമന്ത്രി മണിപ്പൂരിലേക്ക് പോകാതിരിക്കുന്നത് രാജ്യവ്യാപകമായി പ്രചാരണായുധമാക്കാന്‍ കോണ്‍ഗ്രസ് നിര്‍ദ്ദേശം നല്കി.അടുത്ത പാര്‍ലമെന്റ് സമ്മേളനത്തില്‍ മണിപ്പൂരിനെക്കുറിച്ച് പ്രത്യേക ചര്‍ച്ചയും കോണ്‍ഗ്രസ് ആവശ്യപ്പെടും.