- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മുണ്ടക്കൈയിലേക്ക് ഒരാള്‍ക്ക് പോലും എത്താനാകുന്നില്ല; രക്ഷാപ്രവര്‍ത്തനം ചൂരല്‍മലയില്‍; പാലം തകര്‍ന്നത് പ്രതിസന്ധി; ഹെലികോപ്ടറിനും ലാന്‍ഡിംഗ് അസാധ്യം
കല്‍പ്പറ്റ: മുണ്ടക്കൈയിലേക്ക് ആര്‍ക്കും എത്താനാകുന്നില്ല. രക്ഷാപ്രവര്‍ത്തനം നടക്കുന്നത് ചൂരല്‍മലയിലാണ്. ചൂരല്‍മലയിലെ പാലം തകര്‍ന്നതോടെ മുണ്ടക്കൈയില്‍ എത്താനുള്ള ഏക വഴിയും അടഞ്ഞു. ഹെലികോപ്ടര്‍ യാത്രയും ദുഷ്‌കരമാണ്. മുണ്ടക്കൈയില്‍ ഹെലികോപ്ടര്‍ ലാന്‍ഡിംഗും അസാധ്യമാണ്. 2019ലെ ഉരുള്‍പൊട്ടലില്‍ തകര്‍ന്ന മറ്റ് പാലങ്ങള്‍ പുനര്‍നിര്‍മ്മിക്കാത്തതാണ് പ്രതിസന്ധി കൂട്ടുന്നത്. മുണ്ടക്കൈയിലെ കടകളും തകര്‍ന്നു. അതുകൊണ്ട് തന്നെ ഭക്ഷണ സാധനങ്ങള്‍ പോലും ആ മേഖലയില്‍ പരിമിതമാണ്. ഇതെല്ലാം മുണ്ടക്കൈയെ പ്രതിസന്ധിയിലാക്കുന്നു. അവിടെ എന്താണ് സംഭവിച്ചതെന്ന് ആര്‍ക്കും അറിയാത്തത് ആശങ്ക കൂട്ടുകായണ്. സൈന്യത്തിനും കടന്നു ചെല്ലാന്‍ കഴിയാത്ത ദുരന്തഭൂമിയായി മുണ്ടക്കൈ മാറുകയാണ്.
മലവെള്ളപ്പാച്ചില്‍ തുടരുന്നത് രക്ഷാപ്രവര്‍ത്തനം ദുഷ്‌ക്കരമാക്കുകയാണ്. വയനാട് ഇന്നു വരെ കണ്ടതില്‍ വെച്ച് ഏറ്റവും വലിയ ദുരന്തമാണ് ഉണ്ടായത്. മുണ്ടക്കൈയിലെ 400ലധികം കുടുംബങ്ങളാണ് ഒറ്റപ്പെട്ടുകിടക്കുന്നത്. ഉരുള്‍പൊട്ടലില്‍ ചൂരല്‍മലയിലെ പാലം തകര്‍ന്നു. നിരവധി പേരെ പരിക്കുകളോടെ മേപ്പാടി വിംസ് ആശുപത്രിയിലേക്ക് മാറ്റി. 33 പേരാണ് ഇവിടെ ചികിത്സയിലുള്ളത്. ഇവരെല്ലാം ചൂരല്‍മലയിലുള്ളവരാണ്.
മുണ്ടക്കൈയില്‍ മാത്രം നാനൂറോളം കുടുംബങ്ങളാണുള്ളത്. അട്ടമലയിലെ വീടുകളെല്ലാം ഒലിച്ചുപോയെന്ന് രക്ഷാപ്രവര്‍ത്തകര്‍ പറഞ്ഞു. ഉരുള്‍പൊട്ടലില്‍ ചൂരല്‍മല വെള്ളാര്‍മല ജിവിഎച്ച്എസ്എസ് സ്‌കൂള്‍ ഒലിച്ചുപോയി. അപകടത്തില്‍പെട്ടവരുടെ ചികിത്സ ഉറപ്പാക്കാന്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രത്യേക സൗകര്യങ്ങള്‍ ഒരുക്കി. കാഷ്വാലിറ്റിയില്‍ കൂടുതല്‍ ഡോക്ടര്‍മാരെ നിയോഗിച്ചു. അവധിയില്‍ ഉള്ളവരോട് തിരികെ ജോലിയില്‍ എത്താന്‍ നിര്‍ദേശം നല്‍കി. അപകടം നടന്ന ഭാഗത്ത് നിരവധി ഹോം സ്റ്റേകളും പ്രവര്‍ത്തിക്കുന്നുണ്ട്.
അട്ടമല ഭാഗത്ത് ഉള്‍പ്പെടെയാണ് ഹോം സ്റ്റേകള്‍ പ്രവര്‍ത്തിക്കുന്നത്. ഇവിടങ്ങളില്‍ താമസിച്ചിരുന്ന വിനോദ സഞ്ചാരികളെ ഉള്‍പ്പെടെ കാണാതായതായി വിവരം ഉണ്ട്. ചൂരല്‍മലയിലെ ഹോം സ്റ്റേയില്‍ താമസിച്ച രണ്ട് ഡോക്ടര്‍മാരെയും കാണാതായതായി വിവരമുണ്ട്. ദുരന്ത സ്ഥലത്തേക്ക് എത്തന്‍ സാധിക്കാത്ത് സ്ഥിതിയാണ് നിലവിലുള്ളതെന്ന് മന്ത്രി ഒ.ആര്‍ കേളു പറഞ്ഞു.
ഒരു പാലം ഒലിച്ചുപോയത് രക്ഷാദൗത്യത്തിന് വെല്ലുവിളിയാവുകയാണ്. ജില്ലാ കളക്ടറടക്കം ഹെലികോപ്റ്റര്‍ സഹായം ആവശ്യപ്പെട്ടിട്ടുണ്ട്. സൈന്യവുമായി ബന്ധപ്പെട്ടു വരുകയാണ്. രക്ഷാപ്രവര്‍ത്തനം സംബന്ധിച്ച് എല്ലാ ശ്രമങ്ങളും അവംലംബിച്ചുവരികയാണെന്നും മന്ത്രി പറഞ്ഞു. ദുരന്തത്തിന്റെ വ്യാപ്തി വ്യക്തമല്ലെന്നും സൈന്യത്തിന്റെയും എന്‍ഡിആര്‍എഫിന്റെയുമടക്കം സഹായം ആവശ്യമായി വരുമെന്നും മന്ത്രി എകെ ശശീന്ദ്രന്‍ പറഞ്ഞു.