- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇന്ത്യ-യുകെ ബന്ധം ശക്തിപ്പെടുത്താന്‍ ഒരുമിച്ച് പ്രവര്‍ത്തിക്കും; ബ്രിട്ടന്റെ നിയുക്ത പ്രധാനമന്ത്രിക്ക് ആശംസാ സന്ദേശവുമായി നരേന്ദ്രമോദി
ന്യൂഡല്‍ഹി: ബ്രിട്ടനിലെ പൊതുതെരഞ്ഞെടുപ്പില്‍ വമ്പിച്ച ഭൂരിപക്ഷത്തോടെ അധികാരത്തിലേറിയ ലേബര്‍ പാര്‍ട്ടി നേതാവ് കെയ്ര് സ്റ്റാര്‍മറിന് അഭിനന്ദനമറിയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ത്യ-യുകെ ബന്ധം ശക്തിപ്പെടുത്താന്‍ ഒരുമിച്ച് പ്രവര്‍ത്തിക്കാനാകുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും ഇരു രാജ്യങ്ങളുടേയും പങ്കാളിത്തം മെച്ചപ്പെടുമെന്ന് പ്രതീക്ഷിക്കുന്നെന്നും പ്രധാനമന്ത്രി മോദി സമൂഹമാധ്യമമായ എക്സില്‍ കുറിച്ചു.
"യുകെ പൊതുതെരഞ്ഞെടുപ്പിലെ ശ്രദ്ധേയമായ വിജയം നേടിയ കെയ്ര് സ്റ്റാര്‍മറിന് ഹൃദയംഗമമായ അഭിനന്ദനങ്ങളും ആശംസകളും നേരുന്നു. പരസ്പര വളര്‍ച്ചയും സമൃദ്ധിയും പ്രോത്സാഹിപ്പിക്കുന്ന, എല്ലാ മേഖലകളിലും, ഇന്ത്യയും യുകെയും തമ്മിലുള്ള പങ്കാളിത്തം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനുള്ള ക്രിയാത്മകമായ സഹകരണം പ്രതീക്ഷിക്കുന്നു," പ്രധാനമന്ത്രി എക്സില്‍ കുറിച്ചു.
കെയ്ര് സ്റ്റാര്‍മറിനെ അഭിനന്ദിക്കുന്നതിനൊപ്പം സ്ഥാനമൊഴിയുന്ന പ്രധാനമന്ത്രി ഋഷി സുനകിന് നന്ദി അറിയിക്കാനും പ്രധാനമന്ത്രി മറന്നില്ല. സുനകിന്റെ സ്തുത്യര്‍ഹമായ നേതൃത്വത്തിനും ഇന്ത്യ-യുകെ ബന്ധം ആഴത്തിലാക്കുന്നതില്‍ അദ്ദേഹം നല്കിയ സംഭാവനകള്‍ക്കും പ്രധാനമന്ത്രി നന്ദി പറഞ്ഞു.
ഋഷി സുനക്ക് പ്രധാനമന്ത്രിയായിരിക്കെ ഇന്ത്യ-യുകെ ബന്ധം സജീവമായി. ഇരുരാജ്യങ്ങളും തമ്മിലുളള ബന്ധം ശക്തിപ്പെടുത്താന്‍ പ്രവര്‍ത്തിച്ചു. സുനക്കിനും കുടുംബത്തിനും ആശംസകള്‍ നേര്‍ന്നുവെന്നാണ് പ്രധാനമന്ത്രി എക്സില്‍ കുറിച്ചത്.
കഴിഞ്ഞ ദിവസം നടന്ന തെരഞ്ഞെടുപ്പില്‍ ലേബര്‍ പാര്‍ട്ടി വന്‍ഭൂരിപക്ഷത്തോടെയാണ് അധികാരത്തില്‍ എത്തിയത്. 650 അംഗ പാര്‍ലമെന്റില്‍ നാനൂറിലേറെ സീറ്റുകളും ലേബര്‍ പാര്‍ട്ടി നേടി. ലേബര്‍ പാര്‍ട്ടി നേതാവ് കെയ്ര് സ്റ്റാര്‍മര്‍ ബ്രിട്ടീഷ് പ്രധാനമന്തിയാകും. ചരിത്രത്തിലെ ഏറ്റവും വലിയ തിരിച്ചടിയാണ് ഋഷി സുനകിന്റെ കണ്‍സര്‍വേറ്റിവ് പാര്‍ട്ടിക്ക് ഉണ്ടായത്. 2022 ഒക്ടോബറില്‍ ലിസ് ട്രസ് രാജി വെച്ചപ്പോള്‍ ആണ് ഋഷി സുനക് ബ്രിട്ടന്റെ അധികാര കസേരയില്‍ എത്തിയത്