- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഗാസയില്‍ തൊട്ടവര്‍ക്കൊക്കെ കൈപൊള്ളി; കീര്‍ സ്റ്റാര്‍മര്‍ വിജയിച്ചത് ഭൂരിപക്ഷത്തില്‍ വന്‍ ഇടിവോടെ; ലെസ്റ്ററില്‍ ലേബര്‍ തോറ്റതും ഗാസയുടെ പേരില്‍
ലണ്ടന്‍: തെരഞ്ഞെടുപ്പില്‍ മിന്നുന്ന വിജയം കൈവരിക്കാനായെങ്കിലും, ഗാസ പ്രശ്നത്തിലെ പാര്‍ട്ടിയുടെ നിലപാട് പാര്‍ട്ടിക്കുള്ളില്‍ വിഭാഗീയത സൃഷ്ടിക്കുന്നതും, പാര്‍ട്ടിക്ക് ഏറെ കോട്ടം തട്ടിക്കുന്നതുമാണെന്ന് തെളിഞ്ഞു. ലെസ്റ്റര്‍ സൗത്തില്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥി ജോനാഥന് ആഷ്വര്‍ത്ത് ഒരു ഗാസ അനുകൂലിയായ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയോട് പരാജയപ്പെട്ടത് പാര്‍ട്ടി വൃത്തങ്ങളെ ഞെട്ടിക്കുന്നതായിരുന്നു. മുസ്ലീങ്ങള്‍ക്കിടയിലും, യുവ വോട്ടര്‍മാര്‍ക്കിടയിലും ലേബര്‍ നേതാക്കളോടുള്ള വിയോജിപ്പ് പ്രകടമാക്കുന്നതായിരുന്നു ഈ ഫലം.
അതുപോലെ, സമൂഹമാധ്യമങ്ങളില്‍ വന്ന യഹൂദ വിരുദ്ധ പോസ്റ്റുകള്‍ക്ക് പിന്തുണ നല്‍കിയതിന്റെ പേരില്‍ സ്ഥാനാര്‍ത്ഥിയായ ഫയ്സ ഷഹീനെ അവസാന നിമിഷം മാറ്റിയ ലേബര്‍ പാര്‍ട്ടിയുടെ നടപടിയും തിരിച്ചടിച്ചു. ചിംഗ്ഫോര്‍ഡ് ആന്‍ഡ് വുഡ്ഫോര്‍ഡ് ഗ്രീന്‍ മണ്ഡലത്തില്‍ കണ്‍സര്‍വേറ്റീവ് പാര്‍ട്ടി ചെയര്മാന് സര് ഇയാന്‍ ഡന്‍കന്‍ സ്മിത്ത് വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. അതുപോലെ വിമതനായി മത്സരിച്ച്, ലേബര്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥിയെ പരാജയപ്പെടുത്തി വിജയിച്ച മുന്‍ ലേബര്‍ നേതാവ് ജെറെമി കൊര്‍ബിന്‍ ഇതിനോടകം തന്നെ തന്റെ വിജയ പ്രസംഗത്തില്‍ ഈ സംഘര്‍ഷത്തെ കുറിച്ച് പരാമര്‍ശിക്കുകയുണ്ടായി.
ഇസ്രയേല്‍- പാലസ്തീന് സംഘര്‍ഷത്തെ കുറിച്ചുള്ള വിവാദ പരാമര്‍ശം നടത്തിയ ലേബര്‍ നേതാവ് സര് കീര്‍ സ്റ്റാര്‍മര്‍ക്ക് വിജയിക്കാനായെങ്കിലും ഭൂരിപക്ഷത്തില്‍ കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ ഇടിവുണ്ടായി. 2019 ല്‍ ഹോള്‍ബോണ്‍ ആന്‍ഡ് സെയിന്റ് പാന്‍ക്രാസ് മണ്ഡലത്തില്‍ നിന്നും 64.5 ശതമാനം വോട്ടുകള്‍ നേടിയ സ്റ്റാര്‍മര്‍ക്ക് ഇത്തവണ നേടാനായത് 49 ശതമാനം വോട്ടുകള്‍ മാത്രമായിരുന്നു. ലെസ്റ്റര്‍ സൗത്തില്‍ ഷാഡോ പേമാസ്റ്റര്‍ ജനറല്‍ ജോനാഥന് ആഷ്വര്‍ത്ത് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായ ഷോക്കത്ത് ആദമിനോട് തോറ്റത് 1000 വോട്ടുകള്‍ക്കാണ്.
ഗാസാ അനുകൂലികളുടെ ശക്തമായ സാന്നിദ്ധ്യമുള്ള ലെസ്റ്റര്‍ സൗത്തില്‍, സംഘര്‍ഷം അവസാനിപ്പിക്കാന്‍ സര്‍ക്കാരിനെ നിര്‍ബന്ധിക്കുമെന്ന വാഗ്ദാനം നല്‍കിയായിരുന്നു ആഡം മത്സരിച്ചത്. മാത്രമല്ല, ജെറെമി കോര്‍ബിന്റെ പിന്തുണയും ആഡമിനുണ്ടായിരുന്നു. ബ്രിട്ടീഷ് മുസ്ലീങ്ങള്‍ക്ക് ഏറെ സ്വാധീനമുള്ള ഒരു മണ്ഡലമാണിത്. കടുത്ത പാലസ്തീന് അനുകൂലിയായ കോര്‍ബിന്റെ വിജയത്തിനു പിന്നിലും പാലസ്തീന് വികാരം തന്നെയാണ് പ്രധാന പങ്ക് വഹിച്ചത്.