കണ്ണൂര്‍:സി.പി. എം സംസ്ഥാന സെക്രട്ടറി എം.വിഗോവിന്ദന്റെ തട്ടകമായ കണ്ണൂര്‍ ജില്ലയിലെ തളിപറമ്പ് മണ്ഡലത്തില്‍ മുഖ്യമന്ത്രി പിണറായിവിജയനെതിരെ കടുത്ത വിമര്‍ശനമുയര്‍ന്നു. ലോക്സഭാ തെരഞ്ഞെടുപ്പിലെ പരാജയറിപ്പോര്‍ട്ടു അവതരിപ്പിക്കുന്നതിനായി വിളിച്ചു ചേര്‍ത്ത തളിപറമ്പ് നോര്‍ത്ത് ലോക്കല്‍ ജനറല്‍ ബോഡി യോഗത്തിലാണ് മേല്‍കമ്മിറ്റി അംഗത്തിന്റെ എതിര്‍പ്പു മറികടന്നു കൊണ്ടു മുഖ്യമന്ത്രി പിണറായിവിജയന്റെ പ്രവര്‍ത്തന ശൈലിക്കെതിരെ വിമര്‍ശനമുയര്‍ന്നത്.

കഴിഞ്ഞ ദിവസം അക്കിപറമ്പ് സ്‌കൂളിലാണ് യോഗം ചേര്‍ന്നത്. സി.പി. എം തളിപറമ്പ് ഏരിയാസെക്രട്ടറി കെ.സന്തോഷാണ് യോഗത്തില്‍ സംസ്ഥാനകമ്മിറ്റിയുടെ തെരഞ്ഞെടുപ്പ് അവലോകനറിപ്പോര്‍ട്ട് അവതരിപ്പിച്ചത്. സംസ്ഥാനകമ്മിറ്റി കണ്ടെത്തിയ പരാജയകാരണങ്ങളായ ന്യൂനപക്ഷ വോട്ടുകളുടെ ധ്രുവീകരണം, അടിസ്ഥാന വോട്ടുകള്‍ ലഭിക്കാതെ പോയത്, ഈഴവവോട്ടുകള്‍ ചോരല്‍, ക്ഷേമപെന്‍ഷന്‍ കുടിശിക, മാവേലി സ്റ്റോറുകളില്‍ അവശ്യസാധനങ്ങളുടെ ദൗര്‍ബല്യങ്ങള്‍ തുടങ്ങിയവയായിരുന്നു മേല്‍ കമ്മിറ്റി പ്രതിനിധിയുടെ റിപ്പോര്‍ട്ടിങ്.

എന്നാല്‍ രണ്ടാം പിണറായി സര്‍ക്കാരിന്റെ ഭരണപരാജയമാണ് തോല്‍വിക്കു കാരണമെന്ന കണ്ടെത്തല്‍ ചെറുതാക്കി കൊണ്ടു കേന്ദ്രസര്‍ക്കാരിന്റെ ഫണ്ടു അനുവദിക്കാത്ത നയങ്ങളാണ് സാമ്പത്തിക ഞെരുക്കത്തിന് കാരണമെന്നായിരുന്നു ഏരിയാസെക്രട്ടറിയുടെ മുഖ്യ ഊന്നല്‍. സംസ്ഥാനസര്‍ക്കാരിനെയോ മുഖ്യമന്ത്രിയെയോ, മറ്റു മന്ത്രിമാരെയോപാര്‍ട്ടി സംസ്ഥാന നേതാക്കളെയോ മൃദുവായി പോലും വിമര്‍ശിക്കാതെയുളള റിപ്പോര്‍ട്ടിങാണ് നടന്നത്. ഏകദേശം രണ്ടു മണിക്കൂറോളം നടന്ന റിപ്പോര്‍ട്ടിങിന് ശേഷം തങ്ങള്‍ക്കും ചിലതു പറയാനുണ്ടെന്നായി പങ്കെടുത്തവരില്‍ ചിലര്‍.

എന്നാല്‍ ജനറല്‍ ബോഡി യോഗത്തില്‍റിപ്പോര്‍ട്ട് അവതരണം മാത്രമേയുളളൂവെന്നും ചര്‍ച്ചയ്ക്ക് അനുമതിയില്ലെന്ന നിലപാട്് മേല്‍ക്കമ്മിറ്റി സ്വീകരിച്ചു. ഇവിടെ ചര്‍ച്ച വേണ്ടെന്ന കര്‍ശനനിലപാട് സ്വീകരിച്ച ഏരിയാസെക്രട്ടറി പിന്നീട് നിലപാട് മാറ്റി. ഇതോടെയാണ് കരിമ്പത്തെ ഒരു മുതിര്‍ന്ന പാര്‍ട്ടി അംഗം തനിക്ക് ചിലകാര്യങ്ങള്‍ പറയാനുണ്ടെന്ന് പറഞ്ഞ് എഴുന്നേറ്റു നിന്നത്. ഇതോടെ മുഖ്യമന്ത്രിക്കും അദ്ദേഹത്തിന്റെ കുടുംബത്തിനുമെതിരെയുളള വിമര്‍ശനങ്ങളുടെ വെടിക്കെട്ടായിരുന്നു.

അയാളുടെ മോശം പെരുമാറ്റമാണ് പാര്‍ട്ടിയെ ഈ ഗതിയിലെത്തിച്ചത്. തോറ്റിട്ടും അഹന്തയ്ക്ക് യാതൊരു കുറവുമില്ലെന്നും ചര്‍ച്ചയില്‍ പാര്‍ട്ടി അംഗം ചൂണ്ടിക്കാട്ടി. വിമര്‍ശനം കത്തിക്കയറിയപ്പോള്‍ ഇത്തരം ചര്‍ച്ചകള്‍ ഇവിടെ അനുവദിക്കാന്‍ കഴിയില്ലെന്നു പറഞ്ഞു ഏരിയാസെക്രട്ടറി വിലക്കി. അതത് ഘടകങ്ങളില്‍ ഈക്കാര്യങ്ങള്‍ ചര്‍ച്ചചെയ്യാമെന്നു പറഞ്ഞായിരുന്നു പിന്‍തിരിപ്പിക്കല്‍.

നൂറ്റിഇരുപത്തിയഞ്ചോളം പേരാണ് യോഗത്തില്‍ പങ്കെടുത്തത്. ലോക്കല്‍ സെക്രട്ടറിയുടെ ചുമതലവഹിക്കുന്നകെ.ബിജുമോന്‍ സ്വാഗതം പറഞ്ഞു. പി.ഗോപിനാഥ് അധ്യക്ഷനായി. സി.പി. എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്റെ മണ്ഡലമാണ് തളിപറമ്പ്. ഗോവിന്ദന്റെ അതീവവിശ്വസ്തരിലൊരാളാണ് ഏരിയാസെക്രട്ടറി കെ.സന്തോഷ്. പാര്‍ട്ടിയെയുംസര്‍ക്കാരിനെയും സംരക്ഷിച്ചുകൊണ്ടു അവതരിപ്പിക്കപ്പെട്ട റിപ്പോര്‍ട്ടില്‍ മുഖമന്ത്രി പിണറായി വിജയനെതിരെ മാത്രമാണ് വിമര്‍ശനമുയര്‍ന്നതെന്നകാര്യം ശ്രദ്ധേയമാണ്.