- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'പണം വാങ്ങി പി.എസ്.സിയില്‍ നിയമിക്കുന്ന രീതി പാര്‍ട്ടിക്കില്ല; റിയാസിനെതിരെ ആരോപണമുന്നയിക്കുന്നത് മാധ്യമങ്ങളുടെ ജോലിയല്ലേ?'
ആലപ്പുഴ: പിഎസ്സി കോഴ ആരോപണത്തില്‍ പാര്‍ട്ടിയും സര്‍ക്കാരും വേണ്ട നടപടി എടുക്കുമെന്നും മുഖ്യമന്ത്രി തന്നെ അതു പറഞ്ഞിട്ടുണ്ടെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്. പണം വാങ്ങി പിഎസ്സി അംഗങ്ങളെ നിയമിക്കുന്ന രീതി സിപിഎമ്മിനില്ലെന്നും അതിനു പാര്‍ട്ടിക്കു പ്രത്യേക രീതിയുണ്ടെന്നും എം.വി.ഗോവിന്ദന് പറഞ്ഞു. കോഴ വാങ്ങിയെന്ന ആരോപണത്തില്‍ പാര്‍ട്ടി പരിശോധന നടത്തി നിലപാട് സ്വീകരിക്കുമെന്നും ഗോവിന്ദന് പറഞ്ഞു.
സിപിഎമ്മിന്റെ നിയമന രീതി ജനങ്ങള്‍ക്ക് അറിയാവുന്നതാണ്. മെറിറ്റ് നോക്കി മാത്രമേ പിഎസ് സി പോലുള്ള സ്ഥാനങ്ങളിലേക്ക് ആളുകളെ നിശ്ചയിക്കുകയുള്ളൂ. ആരെങ്കിലും തെറ്റായ രീതിയിലുള്ള സമീപനങ്ങള്‍ സ്വീകരിച്ചിട്ടുണ്ടെങ്കില്‍ പാര്‍ട്ടി പരിശോധിച്ച് ആവശ്യമായ നടപടി സ്വീകരിക്കും. കോഴയുമായി ബന്ധപ്പെട്ട് യാതൊരു തരത്തിലുള്ള ബന്ധവുമില്ലെന്ന് മന്ത്രി മുഹമ്മദ് റിയാസ് നിഷേധിച്ചിട്ടുണ്ട്. എംവി ഗോവിന്ദന് വ്യക്തമാക്കി.
"യോഗ്യത നോക്കിയാണ് പിഎസ്സി അംഗങ്ങളെ നിയമിക്കുന്നത്. ഏതന്വേഷണവും വരട്ടെ. മന്ത്രി മുഹമ്മദ് റിയാസിനെതിരെ ആരോപണം ഉന്നയിക്കുന്നത് മാധ്യമങ്ങളുടെ ജോലിയല്ലേ? പാര്‍ട്ടിക്കുള്ളില്‍ പറയേണ്ടത് ഉള്ളില്‍ പറയും. പുറത്തു പറയേണ്ടതു പുറത്തും. സിപിഎം കേന്ദ്ര കമ്മിറ്റിയുടെ അവലോകന റിപ്പോര്‍ട്ട് വന്നു. അതേപ്പറ്റി നേതാക്കള്‍ പറയുന്നതില്‍ ഒരു തെറ്റുമില്ല" എം.വി. ഗോവിന്ദന് പറഞ്ഞു.
പിഎസ് സി മെമ്പര്‍മാരെ നിശ്ചയിക്കുന്നത് എങ്ങനെയെന്ന് ഞങ്ങള്‍ക്കറിയാം. വ്യക്തമായ ധാരണയുള്ളവരാണ്. അതുകൊണ്ട് റിയാസിനെതിരെ അന്വേഷിക്കേണ്ട കാര്യമില്ല. റിയാസിനെതിരെ തുടരെ വരുന്ന ആരോപണങ്ങളെക്കുറിച്ചുള്ള ചോദ്യത്തിന്, അത് മാധ്യമങ്ങളുടെ പണിയാണെന്ന് എംവി ഗോവിന്ദന് പറഞ്ഞു. സ്ഥിരമായി ആരോപണങ്ങള്‍ ഉന്നയിക്കലാണ് മാധ്യങ്ങളുടെ ജോലി. മാധ്യമങ്ങള്‍ ഉള്ളിടത്തോളം കാലം ആരോപണങ്ങള്‍ വന്നുകൊണ്ടിരിക്കുമെന്നും ഗോവിന്ദന് പറഞ്ഞു.
കോഴ ആരോപണത്തില്‍ പൊലീസിന് പരാതി കിട്ടിയിട്ടുണ്ടെങ്കില്‍ അവര്‍ അന്വേഷിച്ചോട്ടെ. പൊലീസ് അന്വേഷിക്കേണ്ട, സിബിഐ അന്വേഷിക്കേണ്ട എന്നൊന്നും ഞങ്ങള്‍ പറഞ്ഞിട്ടില്ല. ഒരു തരത്തിലുള്ള പ്രവണതയും സിപിഎമ്മില്‍ വെച്ചുപൊറുപ്പിക്കില്ല. അതിന് വേറെ പാര്‍ട്ടിയെ നോക്കിയാല്‍ മതി. എംഎ ബേബിയുടെ വിമര്‍ശനത്തില്‍, പാര്‍ട്ടിക്ക് ഉള്ളില്‍ പറയേണ്ടത് ഉള്ളില്‍ പറയും, പുറത്ത് പറയേണ്ടത് പുറത്തു പറയും. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കേന്ദ്രക്കമ്മിറ്റി റിപ്പോര്‍ട്ട് പരസ്യപ്പെടുത്തിയിട്ടുണ്ടല്ലോയെന്നും എംവി ഗോവിന്ദന് കൂട്ടിച്ചേര്‍ത്തു.
സിപിഎം യുവനേതാവ് പിഎസ്സി അംഗത്വം വാഗ്ദാനം ചെയ്ത് കോഴ വാങ്ങിയെന്ന ആരോപണത്തിലായിരുന്നു വിവാദങ്ങളുടെ തുടക്കം. കോഴിക്കോട് സ്വദേശിയും ആരോഗ്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഒരാളില്‍ നിന്ന് പണം കൈപ്പറ്റിയതായായിരുന്നു ആരോപണം. മന്ത്രി മുഹമ്മദ് റിയാസ് വഴി കാര്യം നടത്താമെന്ന ഉറപ്പില്‍ 60 ലക്ഷം രൂപയ്ക്കാണ് പദവി ഉറപ്പിച്ചത്. ആദ്യ ഗഡുവായി 22 ലക്ഷം രൂപ യുവനേതാവിന് നല്‍കിയെന്ന് പാര്‍ട്ടിക്ക് നല്കിയ പരാതിയില്‍ പറയുന്നു. സിപിഎം ഏരിയാ തലത്തില്‍ പ്രവര്‍ത്തിക്കുന്ന യുവ നേതാവിനെതിരായാണ് പരാതി.