ആലപ്പുഴ: ആലപ്പുഴ സിപിഎമ്മിലെ കളകള്‍ പറിക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍. കളകളുള്ളത് പുന്നപ്ര വയലാറിന്റെ മണ്ണിലാണ്. അതു പറിച്ചു കളഞ്ഞേ പാര്‍ട്ടിക്ക് മുന്നോട്ട് പോകാന്‍ പറ്റൂ. അത് ആരായാലും ഒഴിവാക്കും. അവരെ ഒഴിവാക്കുന്നതിന്റെ പേരില്‍ എന്തു നഷ്ടമുണ്ടായാലും പ്രശ്‌നമില്ലെന്നും എം.വി. ഗോവിന്ദന്‍ പറഞ്ഞു. സിപിഎം ആലപ്പുഴ ജില്ലാതല റിപ്പോര്‍ട്ടിങ്ങിലാണ് എം.വി. ഗോവിന്ദന്റെ മുന്നറിയിപ്പ്.

കായംകുളത്ത് സംഘടനാ നടപടി എടുക്കാതെ മുന്നോട്ടു പോകാനാവില്ല. ചില ഏരിയയിലും ലോക്കല്‍ കമ്മിറ്റികളിലും ചിലര്‍ കല്‍പ്പിക്കുന്നതേ നടക്കൂ. അവര്‍ പറയുന്നതിന് അപ്പുറം നീങ്ങിയാല്‍ നടപടിയുമായി വരും. അത്തരക്കാരെ ഇനിയും വെച്ചു പൊറുപ്പിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ താഴെത്തട്ടില്‍ നിന്ന് പാര്‍ട്ടിക്ക് തന്നെ കണക്കുകള്‍ പിഴച്ചത് ഗുരുതര വീഴ്ചയാണെന്നാണ് വിലയിരുത്തല്‍. വിശ്വാസവുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കരുതെന്ന നിര്‍ദേശവും കഴിഞ്ഞ ദിവസം എം.വി. ഗോവിന്ദന്‍ നല്‍കിയിരുന്നു. പാര്‍ട്ടി അംഗങ്ങള്‍ പോയില്ലെങ്കിലും അനുഭാവികള്‍ ക്ഷേത്രങ്ങളില്‍ ഇടപെടണം. വിശ്വാസികളെയും കൂടെ നിര്‍ത്തണം. ജനങ്ങളോട് വിനയത്തോടെ പെരുമാറണം. മരണവും വിവാഹവും ഉള്‍പ്പെടെ പ്രദേശത്തെ വിഷയങ്ങളില്‍ പാര്‍ട്ടി അംഗങ്ങള്‍ സജീവമായി നില്‍ക്കണമെന്നും എം.വി. ഗോവിന്ദന്‍ ആവശ്യപ്പെട്ടിരുന്നു.