- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അപകട സമയത്ത് ഗംഗാവലി പുഴയിലൂടെ തടി അടക്കം ഒഴുകി; ഇത് അര്‍ജുന്റെ ലോറിയിലേതാകാന് സാധ്യത; ആ ട്രക്കുള്ളത് പുഴയില്‍ എന്ന് നിഗമനം; പ്രതീക്ഷ തുടരുന്നു
അങ്കോല: കര്‍ണാകയിലെ അങ്കോലയില്‍ മലയിടിച്ചിലില്‍ കാണാതായ കോഴിക്കോട് കണ്ണാടിക്കല്‍ സ്വദേശി അര്‍ജുനായുള്ള പരിശോധന എട്ടാംദിനത്തിലേക്ക് കടക്കുന്നതും പ്രതീക്ഷയോടെ. അര്‍ജുനെ താമസിയാതെ കണ്ടെത്താനാകുമെന്നാണ് പ്രതീക്ഷ.
ഏഴുദിവസത്തെ തിരച്ചിലില്‍ കരയില്‍ ലോറി കണ്ടെത്താന്‍ സാധിച്ചില്ല. ലോറി പുഴയിലേക്ക് ഒഴുകിപ്പോയെന്ന നിഗമനത്തില്‍ ഇന്ന് ഗംഗാവലി പുഴയിലാകും തിരച്ചില്‍. അപകട സമയത്ത് ഗംഗാവലി പുഴയിലൂടെ തടി അടക്കം ഒഴുകുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തു വന്നു. ഇത് അര്‍ജുന്റെ ലോറിയിലെ തടിയെന്നാണ് സംശയം. ഇതോടെ ലോറി പുഴയില്‍ വീണിരിക്കാമെന്ന സംശയത്തിന് ശക്തികൂടി.
ഇന്നലെ പുഴയില്‍ നടത്തിയ പരിശോധനയില്‍ സിഗ്നല്‍ കണ്ടെത്തിയ ഭാഗം കേന്ദ്രീകരിച്ചാണ് ഇന്നത്തെ പരിശോധന. നാവികസേനയ്ക്കൊപ്പം കരസേനയും തിരച്ചില്‍ തുടരും. ഡ്രഡ്ജര്‍ ഉള്‍പ്പെടെയുള്ള കൂടുതല്‍ സംവിധാനങ്ങള്‍ ഒരുക്കിയാകും രക്ഷാപ്രവര്‍ത്തനം. നാവികസേനയുടെ കൂടുതല്‍ മുങ്ങല്‍ വിദഗ്ദരും ദൗത്യത്തില്‍ പങ്കാളിയാകും. അതേസമയം, സമാന്തരമായി പുഴയോരത്ത് മണ്ണ് നീക്കം ചെയ്തും പരിശോധന തുടരും.
ഷിരൂരില്‍ മണ്ണിടിഞ്ഞുവീണിടത്ത് അര്‍ജുനും ട്രക്കുമില്ലെന്ന് സൈന്യം ഔദ്യോഗികമായി പ്രഖ്യാപിച്ചിരുന്നു. കരയിലെ തിരച്ചില്‍ അവസാനിപ്പിച്ച് സൈന്യം മടങ്ങുകയാണെന്ന് കാര്‍വാര്‍ എംഎല്‍എ സതീഷ് സെയില്‍ പറഞ്ഞിരുന്നു. എന്നാല്‍ സര്‍ക്കാര്‍ പറഞ്ഞാല്‍ ഉടന്‍ മടങ്ങുമെന്ന് സൈനിക ഉദ്യോഗസ്ഥനും പ്രതികരിച്ചു. സൈന്യം ഇനിയും തിരച്ചലിന് ഉണ്ടാകുമെന്നാണ് സൂചന.
അതേസമയം സ്ഥലത്തെ 70 ശതമാനം മണ്ണും നീക്കിയിട്ടില്ലെന്ന് കേരളത്തില്‍ നിന്നെത്തിയ രക്ഷാപ്രവര്ത്തകന് തിരുവനന്തപുരം സ്വദേശി രഞ്ജിത് ഇസ്രായേല്‍ പറഞ്ഞു. കരയിലാണോ പുഴയിലാണോ ട്രക്കെന്ന് ഉറപ്പായിട്ടില്ല. നീക്കിയ മണ്ണില്‍ പകുതിയും സമീപത്താണ് മാറ്റിയിട്ടത്. 150 ഓളം രക്ഷാപ്രവര്‍ത്തകര്‍ തിരച്ചില്‍ തുടരുമെന്നും രഞ്ജിത് ഇസ്രായേല്‍ പറഞ്ഞു.
പുഴക്കരയില്‍ നടത്തിയ തിരച്ചിലില്‍ പ്രധാനമായും രണ്ട് ഡീപ്പ് സെര്‍ച്ച് റഡാര്‍ സിഗ്നലാണ് സൈന്യത്തിന് ലഭിച്ചത്. ഇത് ട്രക്കിന്റെ ലോഹഭാഗമാകും എന്ന പ്രതീക്ഷയും അസ്ഥാനത്തായി. പുഴക്കരയോട് ചേര്‍ന്ന് വൈകിട്ട് സിഗ്നല്‍ കിട്ടിയത് പ്രകാരം തിരഞ്ഞെങ്കിലും ഗുണം ചെയ്തില്ല. നേവിയും എന്‍ഡിആര്‍എഫും പുഴയില്‍ രാത്രി ഏഴ് വരെ തിരച്ചില്‍ തുടര്‍ന്നു.
90 ശതമാനം മണ്ണും നീക്കിയെന്നും കരയില്‍ ട്രക്കില്ലെന്നും റവന്യൂ മന്ത്രി കൃഷ്ണ ബൈരെഗൗഡ അറിയിച്ചിരുന്നു. കേരളത്തില്‍നിന്ന് എത്തിയ രക്ഷാപ്രവര്‍ത്തകര്‍ സൈന്യവുമായി ചേര്‍ന്ന് വീണ്ടും കരയില്‍ തിരച്ചില്‍ നടത്തി. സൈന്യത്തിന്റെ റഡാര്‍ സിഗ്നലില്‍ എട്ടു മീറ്റര്‍ ആഴത്തില്‍ രണ്ടിടത്ത് സിഗ്നല്‍ കണ്ടത് പ്രതീക്ഷ വര്‍ധിപ്പിച്ചു. അവ നീക്കിയെങ്കിലും ഫലമുണ്ടായില്ല.
20 അടിയോളം താഴ്ചയുള്ള പുഴയുടെ മധ്യത്തില്‍ മണ്ണിടിഞ്ഞ് തുരുത്ത് രൂപപ്പെട്ടിട്ടുണ്ട്. ആ ഭാഗങ്ങള്‍ സൈന്യത്തിന്റെ ഡൈവിങ് ടീം പരിശോധിച്ചു. മണ്‍കൂനയ്ക്കകത്ത് ട്രക്ക് അകപ്പെട്ടോയെന്ന സംശയം ബലപ്പെടുകയാണ്. 16ന് രാവിലെയാണ് മണ്ണിടിഞ്ഞ് കോഴിക്കോട് കണ്ണാടിക്കല്‍ സ്വദേശി അര്‍ജുനെയും ഓടിച്ചിരുന്ന ട്രക്കും കാണാതായത്.