തിരുവനന്തപുരം: മലയാളിയായ മുന്‍ ഐ.എ.എസ്. ഉദ്യോഗസ്ഥന്‍ കെ.കൈലാസനാഥനെ പുതുച്ചേരി ലഫ്. ഗവര്‍ണറായി നിയമിക്കുമ്പോള്‍ അതിന്റെ പ്രതിഫലനങ്ങള്‍ കേരളത്തിലെ ബിജെപിയിലുമുണ്ടാകും. കേരളത്തിലെ ബിജെപി കാര്യങ്ങളിലും ഇനി കൈലാസനാഥന്റെ കണ്ണുണ്ടാകും. കൈലാസനാഥനെ പൊതുരംഗത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇറക്കുന്നതിന് പിന്നില്‍ വ്യക്തമായ ലക്ഷ്യങ്ങളുണ്ട്. കേരളത്തോട് ചേര്‍ന്ന് നില്‍ക്കുന്ന പ്രദേശത്ത് തന്നെ കൈലാസനാഥനെ നിയോഗിച്ചതും ശ്രദ്ധേയമാണ്.

കൈലാസനാഥനെ മലയാളിയെന്ന പരിഗണനയിലാണു ലഫ്. ഗവര്‍ണറാക്കിയതെങ്കില്‍ ഇനി ഒരാള്‍ക്ക് കേരളത്തില്‍നിന്നും ഗവര്‍ണര്‍ പദവി കിട്ടാന്‍ സാധ്യത കുറവാണ്. ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന കാലം മുതല്‍ നരേന്ദ്ര മോദിയുടെ വിശ്വസ്തനാണു പുതുച്ചേരി ലഫ്. ഗവര്‍ണറായി നിയമിതനായ കൈലാസനാഥന്‍. കോഴിക്കോട് വടകര സ്വദേശിയാണ്. ഗുജറാത്ത് മുഖ്യമന്ത്രിയുടെ ചീഫ് പ്രിന്‍സിപ്പല്‍ സെക്രട്ടറി സ്ഥാനത്തുനിന്നു കഴിഞ്ഞമാസമാണു വിരമിച്ചത്. പിന്നാലെ തന്നെ പുതിയ പദവി നല്‍കി തന്റെ വിശ്വസ്തനാണ് കൈലാസനാഥനെന്ന സന്ദേശം നല്‍കുക കൂടിയാണ് ബിജെപി ദേശീയ നേതൃത്വം.

രാഷ്ട്രീയക്കാരേയും ഉദ്യോഗസ്ഥരേയും ബന്ധിപ്പിക്കുന്ന പ്രധാന കണ്ണിയായ കൈലാസനാഥനാണ് കോണ്‍ഗ്രസില്‍ നിന്ന് മുതിര്‍ന്ന നേതാക്കളെ പോലും ബിജെപിയിലേക്കെത്തിക്കുന്നതില്‍ പ്രധാന പങ്ക് വഹിച്ചതെന്നു പ്രചാരണമുണ്ടായിരുന്നു. ഇതെല്ലാം കണക്കിലെടുത്താണ് ദക്ഷിണേന്ത്യയിലെ താക്കോല്‍ സ്ഥാനത്ത് കൈലാസനാഥനെ നിയോഗിക്കുന്നത്.

മാസങ്ങള്‍ക്കുള്ളില്‍ കൂടുതല്‍ ഗവര്‍ണര്‍മാരെ നിയമിക്കേണ്ടതുണ്ട്. കേരളത്തിലെ ആരിഫ് മുഹമ്മദ് ഖാന്റെ അടക്കം കാലാവധി പൂര്‍ത്തിയാകും. ഗോവ ഗവര്‍ണര്‍ പി. എസ്. ശ്രീധരന്‍ പിള്ളയുടെ കാലാവധി ഉടന്‍ തീരും. ഈ സമയം ഒരു മലയാളിയെ കൂടി ഗവര്‍ണറാക്കുമെന്ന അഭ്യൂഹമുണ്ട്. കെ രാമന്‍പിള്ള, കുമ്മനം രാജശേഖരന്‍, പത്മജാ വേണുഗോപാല്‍ തുടങ്ങി നിരവധി പേരുകള്‍ പരിഗണനയിലുണ്ട്.

കോഴിക്കോട് ജില്ലയിലെ വടകര വില്യാപ്പള്ളി പരേതനായ കുനിയില്‍ ഗോവിന്ദന്റെയും കാര്‍ത്തികപ്പള്ളി നരിയണംപുറത്ത് ലീലയുടെയും മകനാണ്. 1979 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനായ അദ്ദേഹം സര്‍വീസില്‍ നിന്ന് അഡി.ചീഫ് സെക്രട്ടറിയായി വിരമിച്ചശേഷവും ഗുജറാത്തില്‍ ചീഫ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയായി തുടര്‍ന്നു. നിര്‍ണായക കാര്യങ്ങളില്‍ മോദിയുടെ വിശ്വസ്തനായ ഉപദേഷ്ടാവായി. ഗുജറാത്തില്‍ മുപ്പതുവര്‍ഷത്തെ സേവനകാലത്തിനിടയില്‍ പല പ്രധാന പദവികളും കൈലാസനാഥന്‍ വഹിച്ചിട്ടുണ്ട്.

അഹമ്മദാബാദ് മുനിസിപ്പല്‍ കമ്മിഷണര്‍, ഗുജറാത്ത് ഫിനാന്‍ഷ്യല്‍ ലിമിറ്റഡ് മാനേജിങ് ഡയറക്ടര്‍, ഗുജറാത്ത് മാരിടൈം ബോര്‍ഡ് ചീഫ് എക്സിക്യൂട്ടീവ് തുടങ്ങിയ പദവികള്‍ അദ്ദേഹം വഹിച്ചിട്ടുണ്ടെങ്കിലും മോദിയുടെ ഓഫിസിലെത്തിയതോടെയാണ് കരുത്തനായത്. മാരിടൈം ബോര്‍ഡിന്റെ തലപ്പത്തിരിക്കുമ്പോഴാണ് ഗുജറാത്തിലെ തുറമുഖങ്ങള്‍ സ്വകാര്യവല്‍ക്കരിച്ച നിര്‍ണായക തീരുമാനം കൈക്കൊണ്ടത്. നരേന്ദ്രമോദി പ്രധാനമന്ത്രിയായപ്പോള്‍ ഡല്‍ഹിയിലേക്ക് പോകാതെ ഗുജറാത്തില്‍ തുടര്‍ന്ന് മോദിയുടെ തീരുമാനങ്ങള്‍ നടപ്പിലാക്കി.