തിരുവനന്തപുരം: ശബരിമല തീര്‍ത്ഥാടനത്തിന് ഏര്‍പ്പെടുത്തിയ അമിത നിയന്ത്രണം അംഗീകരിക്കാനാകില്ലെന്ന് മുന്‍ കേന്ദ്രമന്ത്രി വി.മുരളീധരന്‍.

നിയന്ത്രണമല്ല, നിര്‍ബാധം ഭക്തര്‍ക്ക് ദര്‍ശനത്തിനുള്ള സാഹചര്യമാണ് ഒരുക്കേണ്ടത്. കോടികളുടെ കാണിക്ക വരുമാനമായി നേടുന്ന സര്‍ക്കാരിന് ഭക്തര്‍ക്ക് സൗകര്യമൊരുക്കേണ്ട ഉത്തരവാദിത്തമുണ്ട്.

അനവധി തീര്‍ത്ഥാടകരെത്തുന്ന തിരുപ്പതിപോലെയുള്ള ക്ഷേത്രങ്ങളില്‍ പോലും ഇത്ര നിയന്ത്രണങ്ങളില്ല. വിശ്വാസത്തെ തകര്‍ക്കാര്‍ കമ്യൂണിസ്റ്റ് സര്‍ക്കാര്‍ തുനിഞ്ഞിറങ്ങരുതെന്നും അദ്ദേഹം പറഞ്ഞു.

ഗവര്‍ണറുടേത് ഭരണഘടനാപരമായ അധികാരം: മുരളീധരന്‍

ഗവര്‍ണറുടെ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കേണ്ടത് മുഖ്യമന്ത്രിയുടെ ഭരണഘടനാപരമായ ബാധ്യതയെന്ന് വി.മുരളീധരന്‍. രാജ്ഭവന് മറുപടി നല്‍കേണ്ടത് പൊലീസിലെ പിആര്‍ഓ അല്ല. ഗവര്‍ണര്‍ വിളിച്ചാല്‍ ഉദ്യോഗസ്ഥര്‍ പോകരുതെന്ന് പറയുന്നത് ഭരണഘടനാ വിരുദ്ധമാണ്.

ഭരണഘടന അറിയുന്ന ഉപദേശകരെ പിണറായി കൂടെ നിര്‍ത്തണമെന്നും വി.മുരളീധരന്‍ പരിഹസിച്ചു. പ്രതിപക്ഷത്തിന് മുഖ്യമന്ത്രിയെ ഭയമാണെന്നും അദ്ദേഹം പറഞ്ഞു.