മുംബൈ: ക്രിസ്മസ് അവധിക്കുമുമ്പ് റെക്കോഡ് നിലവാരത്തിൽ ഓഹരി വിപണി. വ്യാപാരത്തിൽ ഓഹരി സൂചികകൾ റെക്കോഡ് നേട്ടത്തിൽ ക്ലോസ് ചെയ്തു. സെൻസെക്സ് 184.02 പോയന്റ് ഉയർന്ന് 33,940.30ലും നിഫ്റ്റി 52.70 പോയന്റ് ഉയർന്ന് 10,493ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.

ഐടി കമ്പനികളുടെ നേട്ടമാണ് സൂചികകൾക്ക് കരുത്തായത്. ബിഎസ്ഇയിലെ 1556 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 1175 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. ഗുജറാത്തിലും ഹിമാചലിലും തിരഞ്ഞെടുപ്പിൽ ബിജെപിക്ക് വിജയം ഉണ്ടായതോടെയാണ് ഓഹരിവിപണി കുതിപ്പിലേക്ക് നീങ്ങിയത്.

ഗുജറാത്തിൽ കോൺഗ്രസ് മുന്നേറുന്നു എന്ന് തോന്നിച്ച വോട്ടെണ്ണലിന്റെ ആദ്യഘട്ടത്തിൽ ഓഹരിവിപണി കുത്തനെ കൂപ്പുകുത്തിയിരുന്നു. എന്നാൽ അതിന് ശേഷം മുന്നോട്ടു കുതിച്ച വിപണി ഇന്ന് റെക്കോഡ് നേട്ടത്തിൽ ക്‌ളോസ് ചെയ്യുകയായിരുന്നു.

ഒഎൻജിസി, ടിസിഎസ്, ഹിൻഡാൽകോ, ഇൻഫോസിസ്, വിപ്രോ, ബജാജ് ഓട്ടോ, എസ്‌ബിഐ, ഭാരതി എയർടെൽ, ആക്സിസ് ബാങ്ക്, റിലയൻസ്, മാരുതി സുസുകി, ഹിന്ദുസ്ഥാൻ യുണിലിവർ, സൺ ഫാർമ, എച്ച്ഡിഎഫ്സി ബാങ്ക് തുടങ്ങിയ കമ്പനികളുടെ ഓഹരികൾ നേട്ടത്തിലായിരുന്നു. ലുപിൻ, ഡോ.റെഡ്ഡീസ് ലാബ്, ടാറ്റ സ്റ്റീൽ, ഹീറോ മോട്ടോർകോർപ്, വേദാന്ത തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ് ക്ലോസ് ചെയ്തത്.