കൊച്ചി: ശ്രീകുമാരമേനോൻ സംവിധാനം ചെയ്ത മോഹൻലാൽ നായകനായ ഒടിയൻ തീയേറ്ററുകളിലെത്തിയത് വെള്ളിയാഴ്ചയാണ്. പുലർച്ച 4.30 നുള്ള ആദ്യഷോയ്ക്കായി പ്രതീക്ഷയോടെ കാത്തിരുന്ന പ്രക്ഷകർ ഉത്സവ ലഹരിയോടെയാണ് ചിത്രത്തെ വരവേറ്റത്. ആദ്യഷോയ്ക്ക് ശേഷം സമ്മിശ്ര പ്രതികരണങ്ങളാണ് വന്നത്. സംവിധായകൻ അവകാശപ്പെട്ടത് പോലെയുള്ള കേമത്വം സിനിമയ്ക്കില്ലെന്ന് ആരാധകരിൽ ഒരുപക്ഷം പരാതികൾ തൂവി. സോഷ്യൽ മീഡിയയിലും ഇതിന്റെ പ്രതിഫലനം കണ്ടു. തനിക്കെതിരെയുള്ള ആസൂത്രിത ആക്രമണമാണ് നടക്കുന്നതെന്ന് ശ്രീകുമാര മേനോൻ പരാതിപ്പെട്ടു. പിന്നീട് മഞ്ജുവാര്്യരെയാണ ടാർജറ്റ് ചെയ്യുന്നതെന്നായി. ഏതായാലും ഈ തർക്ക-വിവാദങ്ങളൊക്കെ ചിത്രത്തിന് ഗുണമായെന്ന് വേണം കരുതാൻ. ആദ്യദിന കളക്ഷൻ കണക്കുകൾ പുറത്തുവന്നപ്പോഴാണ് ഇത് വ്യക്തമായത്.

മോശം സമയം മഹത്തായ നിമിഷങ്ങളിലേക്ക നയിക്കുന്നു എന്ന കുറിപ്പോടെയാണ് ആദ്യദിനത്തിലെ റെക്കോഡ് കളക്ഷന്റെ കാര്യം അണിയറ പ്രവർത്തകർ ഫേസ്‌ബുക്ക് പേജിൽ സൂചിപ്പിക്കുന്നത്. ഇന്ത്യയിൽ നിന്ന് 16.48 കോടി രൂപ ചിത്രം ആദ്യദിനം സ്വന്തമാക്കിയെന്ന് ചിത്രത്തിന്റെ ഫേസ്‌ബുക്ക് പേജിൽ അണിയറ പ്രവർത്തകർ അവകാശപ്പെട്ടു. യു.എ.ഇയിലടക്കം 37 വിദേശ രാജ്യങ്ങളിൽ ചിത്രം പ്രദർശനത്തിനെത്തിയിരുന്നു. ഇതുംകൂടി ചേർക്കുമ്പോൾ ലോകമൊട്ടാകെ ഒടിയൻ ആദ്യദിനം നേടിയത് 32.14 കോടി രൂപയാണെന്നും പറയുന്നു.

4.78 കോടിയാണ് ജിസിസി കലക്ഷൻ. ജിസിസി ഒഴികെയുള്ള മറ്റുവിദേശ രാജ്യങ്ങളിൽ നിന്നും 11.98 കോടി. 684 പ്രദർശനങ്ങളാണ് ആദ്യദിനം ജിസിസി രാജ്യങ്ങളിൽ ഉണ്ടായിരുന്നത്. വിദേശരാജ്യങ്ങളിൽ നിന്നും റിലീസ് ചെയ്ത ദിവസം തന്നെ ഇത്രയും തുക കലക്ഷൻ നേടുന്ന ആദ്യ ദക്ഷിണേന്ത്യൻ സിനിമ എന്ന റെക്കോർഡും 'ഒടിയൻ' സ്വന്തമാക്കിയിട്ടുണ്ട്.

കേരളത്തിനു പുറമേ മറ്റ് സംസ്ഥാനങ്ങളിലും ജിസിസി രാജ്യങ്ങളിലും ചിത്രം റിലീസ് ചെയ്തിരുന്നു. ജിസിസിയിലും മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. ആദ്യദിനം 4.73 കോടി രൂപയാണ് ചിത്രം സ്വന്തമാക്കിയിരിക്കുന്നത്. 684 ഷോയാണ് ആദ്യ ദിവസം നടന്നത്. വിദേശരാജ്യങ്ങളിൽ നിന്ന് 11.78 കോടി രൂപയാണ് ഒടിയൻ നേടിയത്. ഒരു ദക്ഷിണേന്ത്യൻ സിനിമയ്ക്ക് ലഭിക്കുന്ന ഏറ്റവും വലിയ ആദ്യദിന കളക്ഷനാണ് ഇതെന്നും അണിയറപ്രവർത്തകർ പറയുന്നു.

പാലക്കാടിന്റെ പശ്ചാത്തലത്തിൽ ഒടിയൻ മാണ്യകന്റെ ജീവിതകഥ പറയുന്ന ചിത്രം പ്രദർശനം തുടരുകയാണ്. മഞ്ജു വാരിയരാണ് ലാലിന് നായികയായി എത്തുന്നത്. വി.എ.ശ്രീകുമാർ മേനോൻ സംവിധാനം ചെയ്തിരിക്കുന്ന ചിത്രത്തിന്റെ തിരക്കഥ ഹരികൃഷ്ണൻ ആണ് എഴുതിയിരിക്കുന്നത്. രാവുണ്ണി എന്ന വില്ലൻ കഥാപാത്രമായി പ്രകാശ് രാജും ചിത്രത്തിലെത്തുന്നു. ഹർത്താൽ ദിനത്തിൽ റിലീസ് ചെയ്ത ഒടിയന് വമ്പൻ സ്വീകരണമായിരുന്നു കേരളത്തിൽ ലഭിച്ചത്. ആശിർവാദ് സിനിമാസ് 45 കോടിയോളം മുതൽമുടക്കിൽ നിർമ്മിച്ച ചിത്രത്തിന്റെ പ്രൊമോഷനായും വൻ തുകയാണ് ചെലവിട്ടത്. പ്രിറിലീസ് ബിസിനസ്സിൽ ചിത്രം നൂറുകോടി സ്വന്തമാക്കിയതായി ശ്രീകുമാർ മേനോൻ അവകാശപ്പെട്ടിരുന്നു.

മാസങ്ങൾക്ക് മുമ്പെ നിശ്ചയിച്ചതാണ് ഒടിയന്റെ റിലീസ്. സെക്രട്ടേറിയറ്റ് പടിക്കൽ അയ്യപ്പഭക്തൻ ആത്മഹത്യ ചെയ്തതിനെ തുടർന്ന് ഇന്നലെ വൈകുന്നേരത്തോടെയാണ് ബിജെപി ഹർത്താൽ പ്രഖ്യാപിച്ചത്. അപ്രതീക്ഷമായ ഹർത്താൽ ഒടിയന്റെ അണിയറപ്രവർത്തകരെ പരിഭ്രാന്തിപ്പെടുത്തിയിരുന്നു. ആദ്യം റിലീസ് മാറ്റി വയ്ക്കുന്നതിനെക്കുറിച്ച് അണിയറക്കാർ ആലോചിച്ചെങ്കിലും പിന്നീട് അതു വേണ്ടെന്നു വയ്ക്കുകയും മുൻനിശ്ചയിച്ച പ്രകാരം തന്നെ റിലീസ് നടത്തുമെന്ന് അണിയറക്കാർ പ്രഖ്യാപിക്കുകയും ചെയ്തു.