- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
25 കോടിയാക്കി സമ്മാനത്തുക ഉയർത്തിയതോടെ ഓണം ബംപർ ലോട്ടറിക്ക് റെക്കോർഡ് വിൽപന; ഒരാഴ്ചയ്ക്കുള്ളിൽ വിറ്റത് 10.5 ലക്ഷം ടിക്കറ്റുകൾ; തുടക്കത്തിൽ തന്നെ റെക്കോർഡ് കലക്ഷൻ ലഭിച്ചതോടെ 90 ലക്ഷം ടിക്കറ്റുകൾ അച്ചടിക്കാനാൻ ലോട്ടറി വകുപ്പിന്റെ തീരുമാനം; പ്രതീക്ഷിച്ച 40 കോടി വരുമാനം ഇനിയും ഉയരും
തിരുവനന്തപുരം: സംസ്ഥാന സർക്കാറിന്റെ ഓണം ബംപർ ഇക്കുറി സംസ്ഥാന സർക്കാറിന് സൂപ്പർലോട്ടറി ആകും. കാരണം അതിവേഗത്തിലാണ് ലോട്ടറിയുടെ വിൽപ്പന മുന്നോട്ടു പോകുന്നത്. 25 കോടി രൂപ ഒന്നാം സമ്മാനത്തുകയുള്ള ഓണം ബംപർ ലോട്ടറി ടിക്കറ്റിന് ഒരാഴ്ചയ്ക്കുള്ളിൽ റെക്കോർഡ് വിൽപനയാണ് ഉണ്ടായത്. സമ്മാനത്തുക ഉയർത്തിയത് ലോട്ടറിയുടെ വിൽപ്പന വേഗത്തിലാക്കിയെന്നാണ് വിലയിരുത്തൽ. പത്തര ലക്ഷം ടിക്കറ്റുകളാണ് വിറ്റത്. ക
ഴിഞ്ഞ തിങ്കളാഴ്ചയാണു ടിക്കറ്റ് വിൽപന തുടങ്ങിയത്. തുടക്കത്തിൽ തന്നെ റെക്കോർഡ് കലക്ഷൻ ലഭിച്ചതോടെ 90 ലക്ഷം ടിക്കറ്റുകൾ അച്ചടിക്കാനാണു ഭാഗ്യക്കുറി വകുപ്പിന്റെ തീരുമാനം. കഴിഞ്ഞ വർഷം 54 ലക്ഷം ഓണം ബംപർ ടിക്കറ്റുകളാണു വിറ്റത്. ഫ്ളൂറസന്റ് മഷിയിൽ പുറത്തിറക്കിയ ആദ്യ ലോട്ടറി ടിക്കറ്റു കൂടിയാണ് ഇത്തവണത്തെ ഓണം ബംപർ എന്ന പ്രത്യേകതയുമുണ്ട്. 10 സീരീസുകളിലാണ് ടിക്കറ്റുകൾ. 5 കോടി രൂപയാണ് രണ്ടാം സമ്മാനം. 10 പേർക്ക് ഒരു കോടി രൂപ വീതം മൂന്നാം സമ്മാനം.
സെപ്റ്റംബർ 18ന് ആണ് നറുക്കെടുപ്പ്. 500 രൂപയാണ് ടിക്കറ്റ് വില. ഓണം ബംപർ നറുക്കെടുപ്പിലൂടെ 40 കോടി രൂപയാണ് വരുമാനമായി സർക്കാർ ലക്ഷ്യമിടുന്നത്. ഭാഗ്യക്കുറി വകുപ്പിന്റെ ചരിത്രത്തിലെ റെക്കോർഡ് സമ്മാനത്തുകയാണ് ഇത്തവണ. അതേസമയം സർക്കാരിന്റെ 25 കോടിയുടെ ഓണം ബംപർ ഭാഗ്യക്കുറി മോഹിപ്പിക്കുന്നവരുടെ കൂട്ടത്തിൽ പ്രവാസികളുമുണ്ട്.
നാട്ടിലെ ബന്ധുക്കളെയും സുഹൃത്തുക്കളെയും വിളിക്കുമ്പോൾ പലരും ഒരുകാര്യം കൂടി ഓർമിപ്പിക്കുകയാണ് പ്രവാസികൾ. 'ഒരു ടിക്കറ്റ് എനിക്കു കൂടി എടുത്തു വച്ചേക്കണെ. പൈസ ജി-പേയ് ചെയ്യാം.' നാട്ടിൽ പോയി മടങ്ങുന്നവരോട് ഒരു ടിക്കറ്റ് തനിക്കു വേണ്ടി വാങ്ങാൻ ആവശ്യപ്പെടുന്നവരുമുണ്ട്. ഓണം ബംപർ മാത്രമല്ല, ക്രിസ്മസ് ബംപർ, കാരുണ്യ ലോട്ടറി എന്നിവയിലൊക്കെ പതിവായി ഭാഗ്യം പരീക്ഷിക്കുന്നവർ ഇവിടെയുമുണ്ട്.
നാട്ടിലേക്കുള്ള യാത്രകളിൽ ട്രെയിനിലോ ബസ്സിലോ ലോട്ടറി കച്ചവടക്കാർ സമീപിച്ചാൽ ഒരു ടിക്കറ്റ് എടുത്ത് പഴ്സിൽ വയ്ക്കുന്നതിൽ സന്തോഷം കണ്ടെത്തുന്നവരാണ് പ്രവാസികളും. ദുബായ് ഷോപ്പിങ് ഫെസ്റ്റിവലിൽ കൂട്ടുകാർ ചേർന്നു ലോട്ടറിയെടുത്തു കോടികൾ സ്വന്തമാക്കിയ വാർത്തയൊക്കെ കണ്ട് അവരെ മാതൃകയാക്കുന്ന സുഹൃത്തുക്കളുമുണ്ട്.
കേരള ലോട്ടറി ചരിത്രത്തിലെ ഏറ്റവും വലിയ സമ്മാനത്തുകയാണ് ഇക്കുറി ഉള്ളത്. രണ്ടാം സമ്മാനം അഞ്ചു കോടി രൂപയും മൂന്നാം പത്തു പേർക്ക് ഒരു കോടി രൂപ വീതവും നൽകാനാണ് ശുപാർശ. ടിക്കറ്റ് വില 500 രൂപയാക്കാനും ശുപാർശ ചെയ്തിരുന്നു. കഴിഞ്ഞ വർഷം വരെ 12 കോടി രൂപ ഓണം ബംപർ സമ്മാനത്തുകയും ടിക്കറ്റ് വില 300 രൂപയുമായിരുന്നു.
സംസ്ഥാന സർക്കാരിന്റെ പ്രധാന വരുമാന മാർഗങ്ങളിൽ ഒന്നാണ് ലോട്ടറി. ദിനംപ്രതി നറുക്കെടുക്കുന്ന ടിക്കറ്റുകൾക്ക് പുറമേ ബംബർ ടിക്കറ്റുകളും സർക്കാർ പുറത്തിറക്കുന്നുണ്ട്. ഓണം, വിഷു, ക്രിസ്മസ്, പൂജ എന്നിവയോട് അനുബന്ധിച്ചാണ് ബംബർ ടിക്കറ്റുകൾ ഭാഗ്യക്കുറി വകുപ്പ് പുറത്തിറക്കാറുള്ളത്. ഇതിനു പുറമേ മൺസൂൺ, സമ്മർ ബംബർ ടിക്കറ്റുകളും വിൽപനയ്ക്ക് എത്താറുണ്ട്.
മറുനാടന് മലയാളി ബ്യൂറോ