കണ്ണൂർ: പാർട്ടി ഫാൻസ് ഏറ്റവും കൂടുതൽ പി.കെ. കുഞ്ഞനന്തന്. ടി.പി. ചന്ദ്രശേഖരൻ വധക്കേസിൽ ശിക്ഷിക്കപ്പെട്ടു ജയിലിൽ കഴിയുന്ന കുഞ്ഞനന്തനെ സന്ദർശിക്കാൻ താഴെത്തട്ടിലെ പ്രവർത്തകർ മുതൽ നേതാക്കൾ വരെ എത്തുന്നു.

കണ്ണൂർ സെൻട്രൽ ജയിലിലെ സന്ദർശകരുടെ എണ്ണം നോക്കിയാൽ കുഞ്ഞനന്തനെ കാണാനെത്തുന്നത് സർവ്വകാല റെക്കോഡിലേക്ക് കുതിക്കുകയാണ്. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലെ തിരഞ്ഞെടുപ്പിന് ശേഷമാണ് ജയിലിൽ സന്ദർശകരുടെ വർദ്ധന. ടി.പി. ചന്ദ്രശേഖരൻ വധക്കേസിൽ ശിക്ഷിക്കപ്പെട്ട് കണ്ണൂർ സെൻട്രൽ ജയിലിൽ കഴിയുന്നവരിൽ കെ.സി. രാമചന്ദ്രനുമുണ്ടെങ്കിലും കുഞ്ഞനന്തനെ കാണാനാണ് കൂടുതൽ ഇടതുപക്ഷക്കാർ എത്തുന്നത്.

രാഷ്ട്രീയക്കേസുകളിൽപ്പെട്ട് റിമാൻഡിൽ കഴിയുന്നവരും കണ്ണൂർ സെൻട്രൽ ജയിലിൽ കഴിയുന്നുണ്ട്. അടുത്ത കാലം വരെ പരമാവധി നൂറു പേരാണ് കണ്ണൂർ സെൻട്രൽ ജയിലിൽ എത്തിയിരുന്നത്. എന്നാൽ ആ സ്ഥാനത്ത് ഇപ്പോൾ 200 ൽ അധികം പേരായി വർദ്ധിച്ചിരിക്കയാണ്. സിപിഐ.(എം). പാനൂർ ഏരിയാ കമ്മിറ്റി അംഗമായിരുന്നു കുഞ്ഞനന്തൻ. കെ.സി. രാമചന്ദ്രനും അറിയപ്പെടുന്ന നേതാവായിരുന്നു. ജയിലിലെ അപേക്ഷകൾ നോക്കിയാൽ രാമചന്ദ്രനെ അധികം പേരും സന്ദർശിക്കാറില്ല. കുഞ്ഞനന്തനെ സന്ദർശിക്കാനെത്തുന്നവരാണെങ്കിൽ അനുവദിക്കപ്പെട്ട അരമണിക്കൂർ സമയം തീരും വരെ സംഭാഷണത്തിലേർപ്പെടും.

ദിവസം 60 ഓളം അപേക്ഷകളാണ് ജയിൽ അധികൃതർക്ക് ലഭിക്കുന്നത്. ഒരപേക്ഷയിൽ അഞ്ചു പേർക്ക് വരെ സന്ദർശിക്കാം. കുഞ്ഞനന്തനെ കാണാനെത്തുന്നവരിൽ അധികം പേരും പാനൂർ, കൂത്തുപറമ്പ്, മേഖലയിൽ നിന്നുള്ളവരാണ്. രാമചന്ദ്രനെ സന്ദർശിക്കുന്നവരിൽ ഏറേയും ബന്ധുക്കളാണ്. ജയിലിൽ സന്ദർശകരുടെ തിരക്ക് അനുഭവപ്പെട്ടതോടെ തടവുകാരെ പെട്ടെന്നു കണ്ടു മടങ്ങാൻ അധികൃതർ നിർദ്ദേശിക്കാറുണ്ട്. കണ്ണൂർ സെൻട്രൽ ജയിലിലെ തടവുകാരെ സന്ദർശിക്കാനെത്തുന്നവർ ഇനിയും വർദ്ധിച്ചാൽ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തേണ്ട സാഹചര്യമാണ് നിലവിലുള്ളത്.

ടി.പി. ചന്ദ്രശേഖരൻ വധക്കേസിലെ ഗൂഢാലോചനാ കുറ്റം ചുമത്തിയാണ് കുഞ്ഞനന്തനേയും കെ.സി. രാമചന്ദ്രനേയും കോടതി ജീവപര്യന്തം തടവിനും വിവിധ തുകകൾ പിഴ ഒടുക്കാനും ശിക്ഷിച്ചത്. കോഴിക്കോട് എരഞ്ഞിപ്പാലത്തെ സ്‌പെഷൽ കോടതിയിലാണ് കേസിന്റെ വിചാരണ നടന്നത്. കൊടി സുനി, കിർമാണി മനോജ്, ടി.കെ.രജീഷ്, ലംബു പ്രദീപ്, മുഹമ്മദ് ഷാഫി, തുടങ്ങിയവരാണ് മറ്റു പ്രതികൾ.