- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നിയമനത്തിനായി തിരഞ്ഞെടുത്തത് പ്രൈസ് വാട്ടർ കൂപ്പേഴ്സ്; സ്വപ്നയ്ക്ക് നൽകിയ ശമ്പളം തിരികെ വേണം; ആവശ്യം ഉന്നയിച്ച് പിഡബ്ല്യുസിക്ക് കത്ത്; ലഭിച്ചില്ലെങ്കിൽ 16,15,873 രൂപ ശിവശങ്കറിൽ നിന്നടക്കം ഈടാക്കാൻ ശുപാർശ
തിരുവനന്തപുരം: സ്‌പേസ് പാർക്കിൽ ജൂനിയർ കൺസൾട്ടന്റായി നിയമിച്ച സ്വപ്ന സുരേഷിനു നൽകിയ ശമ്പളം തിരികെ നൽകണമെന്ന് പ്രൈസ് വാട്ടർ കൂപ്പേഴ്‌സിനോട് (പിഡബ്ല്യുസി) സർക്കാർ. പിഡബ്ലുസിയാണ് നിയമനത്തിനായി സ്വപ്നയെ തിരഞ്ഞെടുത്തതെന്ന് കെഎസ്‌ഐടിഐഎൽ (കേരള സ്റ്റേറ്റ് ഇൻഫർമേഷൻ ടെക്‌നോളജി ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡ്) അധികൃതർ അയച്ച കത്തിൽ ചൂണ്ടിക്കാട്ടുന്നു.
തുക തിരിച്ചടയ്ക്കാതെ, കൺസൾട്ടൻസി ഫീസായി പിഡബ്ല്യുസിക്കു നൽകാനുള്ള ഒരു കോടിരൂപ നൽകേണ്ടതില്ലെന്നാണ് സർക്കാർ തീരുമാനം. സ്‌പേസ് പാർക്കിൽ സ്വപ്നയുടെ ശമ്പളമായി 19,06,730 രൂപയാണ് പിഡബ്ല്യുസിക്ക് അനുവദിച്ചത്. ഇതിൽ ജിഎസ്ടി ഒഴിവാക്കിയ തുകയായ 16,15,873 രൂപ പിഡബ്ല്യുസിയിൽനിന്ന് ഈടാക്കാൻ കെഎസ്‌ഐടിഐഎൽ എംഡി അടിയന്തരമായി നടപടി കൈക്കൊള്ളണമെന്ന് ധനകാര്യ പരിശോധനാ വിഭാഗം റിപ്പോർട്ട് നൽകിയിരുന്നു.
പിഡബ്ല്യുസിയിൽനിന്ന് തുക ഈടാക്കാൻ കഴിയാതെ വന്നാൽ അന്നത്തെ ഐടി സെക്രട്ടറിയും കെഎസ്‌ഐടിഐഎൽ ചെയർമാനുമായിരുന്ന ശിവശങ്കർ ഐഎഎസ്, അന്നത്തെ എംഡി സി.ജയശങ്കർ പ്രസാദ്, സ്‌പെഷൽ ഓഫിസറായിരുന്ന സന്തോഷ് കുറുപ്പ് എന്നിവരിൽനിന്ന് തുല്യമായി തുക ഈടാക്കണമെന്നും ശുപാർശ ചെയ്തു.
ഈ മൂന്നുപേരുടെ ഭാഗത്തുനിന്ന് ഉണ്ടായ ബോധപൂർവമായ പ്രവൃത്തികൾ കാരണമാണ് ആവശ്യമായ യോഗ്യതയില്ലാത്ത സ്വപ്ന സുരേഷിനെ ജൂനിയർ കൺസൾട്ടന്റായി നിയമിച്ചതെന്നായിരുന്നു ധനകാര്യ പരിശോധനാ വിഭാഗത്തിന്റെ കണ്ടെത്തൽ. ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതിയും ശമ്പളം ഉദ്യോഗസ്ഥരിൽനിന്ന് തിരിച്ചു പിടിക്കണമെന്ന് ശുപാർശ ചെയ്തിരുന്നു.
എന്നാൽ സ്വപ്ന സുരേഷിന്റെ സ്പേസ് പർക്കിലെ നിയമനത്തിൽ ഒരു പങ്കുമില്ലെന്നാണ് ആത്മകഥയിൽ ശിവശങ്കർ വാദിച്ചത്. സർക്കാർ കണ്ടെത്തലുകളെ തള്ളിക്കളയുന്നതാണ് ശിവശങ്കറിന്റെ വാദഗതികൾ. എന്നാൽ ചീഫ് സെക്രട്ടറിയും ധനകാര്യ അഡീഷണൽ ചീഫ് സെക്രട്ടറിയും ചേർന്ന് നടത്തിയ അന്വേഷണത്തിലാണ് സ്പേസ് പാർക്ക് നിയമനത്തിൽ ശിവശങ്കറിന് വീഴ്ച പറ്റിയതായി കണ്ടെത്തിയത്. ഇതേ തുടർന്നായിരുന്നു ശിവശങ്കറിനെ അന്ന് സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തത്.
ചീഫ് സെക്രട്ടറിയും ധനകാര്യ അഡീഷണൽ ചീഫ് സെക്രട്ടറിയും ചേർന്നായിരുന്നു സ്പേസ് പാർക്ക് നിയമന ആരോപണം പരിശോധിച്ചത്. തുടർന്ന് തയ്യാറാക്കിയ റിപ്പോർട്ടിനെ അടിസ്ഥാനമാക്കിയായിരുന്നു ശിവശങ്കറിനെ സസ്പെൻഡ് ചെയ്തുകൊണ്ടുള്ള അന്നത്തെ ചീഫ് സെക്രട്ടറി ബിശ്വാസ് മേത്തയുടെ ഉത്തരവ്. കേരള സ്റ്റേറ്റ് ഇൻഫർമേഷൻ ടെക്നോളജി ഇൻഫ്രാസ്ട്രക്ച്ചർ ലിമിറ്റഡിന് കീഴിലുള്ള സ്പേസ് പാർക്കിൽ യു.എ.ഇ കോൺസൽ ജനറലിന്റെ സെക്രട്ടറിയായിരുന്ന വ്യക്തിയെ ഓപ്പറേഷൻ മാനേജരായി നിയമിച്ചതിൽ ശിവശങ്കറിന് വീഴ്ച പറ്റിയെന്നായിരുന്നു സമിതിയുടെ കണ്ടെത്തൽ . 2020 ജൂലൈ 17 ന് പുറത്തിറക്കിയ സസ്പെൻഷൻ ഉത്തരവിലും ഇക്കാര്യം വിശദീകരിക്കുന്നു.
അതേ സമയം ശിവശങ്കറിന്റെ പുസ്തകത്തിൽ പറയുന്നത് സ്വപ്നയെ താൻ ശുപാർശ ചെയ്തിട്ടില്ലെന്നാണ്. സ്പേസ് പാർക്കിന്റെ ആദ്യ ഘട്ട നടപടികൾക്കായി ചുമതലപ്പെടുത്തിയ കൺസൾട്ടൻസി ഏജൻസി, അവർക്ക് മാനവവിഭവ ശേഷി ലഭ്യമാക്കുന്ന സ്ഥാപനം കരാറിലെടുത്ത ജീവനക്കാരി മാത്രമായിരുന്നു സ്വപ്നയെന്ന വസ്തുത ആരും പറയാറില്ലെന്നും ശിവശങ്കർ കുറ്റപ്പെടുത്തുന്നു. 2020 ഓഗസ്റ്റിൽ ഇക്കാര്യങ്ങൾ രേഖാമൂലം സർക്കാരിന്റെ ശ്രദ്ധയിൽ വന്നിട്ടുണ്ട്. ഇതൊന്നും തിരക്കാൻ പോലും തയ്യാറാവാതെയാണ് ആരോപണങ്ങൾ സത്യമെന്ന് പ്രചരിക്കപ്പെടുന്നത്. ഇത് തന്നെയാണ് സത്യാനന്തര കാല ലക്ഷണമെന്നും ശിവശങ്കർ കുറ്റപ്പെടുത്തുന്നു .
എന്നാൽ തന്റെ വിദ്യാഭ്യാസ യോഗ്യത സംബന്ധിച്ച പൂർണമായ അറിവോടെയാണ് മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി ശിവശങ്കർ സ്‌പേസ് പാർക്കിൽ നിയോഗിച്ചതെന്നും അതിനായി അപേക്ഷിക്കുകയോ അഭിമുഖത്തിൽ പങ്കെടുക്കുകയോ ചെയ്തിട്ടില്ലെന്നും സ്വപ്ന വെളിപ്പെടുത്തിയിരുന്നു.
ബയോഡേറ്റ തയാറാക്കി കൊടുത്തത് ശിവശങ്കറാണെന്ന ആരോപണവും സ്വപ്ന ഉന്നയിച്ചു. തന്നെ നിയമിക്കാൻ സുരക്ഷാ പ്രശ്‌നമുണ്ടെന്നു ചൂണ്ടിക്കാട്ടിയ കെപിഎംജി എന്ന കൺസൾട്ടൻസിയെ മാറ്റി പിഡബ്ല്യുസിയെ കൊണ്ടുവന്നാണ് ശിവശങ്കർ നിയമനം നടത്തിയതെന്നും സ്വപ്ന മാധ്യമങ്ങളോട് വെളിപ്പെടുത്തിയിരുന്നു.
മറുനാടന് മലയാളി ബ്യൂറോ