മസ്‌കത്ത്: ഒമാനിൽ ജോലിക്കായി വിദേശികളെ റിക്രൂട്ട് ചെയ്യുന്നതിന് പരിധി നിശ്ചയിച്ചു കൊണ്ട് മാനവശേഷി മന്ത്രാലയം ഉത്തരവിറക്കി. പുതിയ നിയമം അനുസരിച്ച് ഒരു പെർമിറ്റിൽ പത്തിൽ അധകം തൊഴിലാളികളെ നിയമിക്കാനാകില്ല. മന്ത്രിസഭ തീരുമാനത്തെ തുടർന്നാണ് പുതിയ തീരുമാനം.

നിയമം പ്രാബല്യത്തിലായതായാണ് അധികൃതർ നൽകുന്ന വിശദീകരണം. നിർമ്മാണ തൊഴിലാളികൾക്ക് വിസ നൽകുന്നതിൽ 2013 മുതൽ തന്നെ താൽക്കാലിക നിയന്ത്രണമുണ്ടായിരുന്നു. ഇത് ആറു മാസത്തേക്ക് നീട്ടി വരികയാണ്.

മന്ത്രാലയത്തിന്റെ എക്‌സലന്റ് അംഗീകാരം ലഭിച്ച കമ്പനികൾക്കും, വിദേശ കമ്പനികൾക്കും കൺസൾട്ടൻസി സ്ഥാപനങ്ങൾക്കും സർക്കാർ പ്രൊജക്ടുകൾ നടപ്പാക്കുന്ന സ്ഥാപനങ്ങൾക്കും നിരോധനം ബാധകമല്ല.

ഏജൻസികൾക്ക് മുൻപെർമിറ്റിന്റെ കാലാവധി തീരുന്ന മുറയ്ക്ക് പുതുക്കാൻ അപേക്ഷിക്കാവു ന്നതാണ്. വിവിധ കമ്പനികൾക്ക് പുതിയ തീരുമാനം കനത്ത പ്രഹരമാകും. നിർമ്മാണ മേഖല പോലുള്ളവയ്ക്ക് ആവശ്യത്തിന് തൊഴിലാളികളെ കണ്ടെത്താൻ കഴിയാതെയും വരാം. ഒമാനിൽ വളർന്ന് വികസനം പ്രതീക്ഷിക്കുന്ന കമ്പനികളുടെ ഭാവി നടപടികളെയും തീരുമാനം പിന്നോട്ട് വലിക്കും. ആവശ്യത്തിന് ജീവനക്കാരെ കണ്ടെത്താൻ കഴിയാതെ വരുന്നത് ഹോട്ടൽ, റോഡ്, റെയിൽവേ എന്നിവയുമായി ബന്ധപ്പെട്ട കമ്പനികൾക്ക് വികസനത്തിന് തടസം നില്ക്കും.