ലണ്ടൻ: യുകെയിൽ മിടുക്കർക്ക് പഠിക്കാനുള്ള അവസരം മലയാളി വിദ്യാർത്ഥികൾ ദുരുപയോഗപ്പെടുത്തുന്നു എന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ നടക്കുന്ന വ്യാപകമായ റെയ്ഡിൽ കഴിഞ്ഞ ദിവസം സ്റ്റോക് ഓൺ ട്രെന്റിൽ ബോർഡർ ഫോഴ്സിന്റെ പിടിയിലായ നാലു പേരെ കേരളത്തിലേക്ക് തിരിച്ചയച്ചതായി റിപ്പോർട്ട്. ഏതാനും മാസം മുൻപ് സ്റ്റോക് ഓൺ ട്രെന്റിൽ തന്നെ രണ്ടു മലയാളി വിദ്യാർത്ഥികളെ അറസ്റ്റ് ചെയ്തതിനെ തുടർന്ന് നാട് കടത്തിയിരുന്നു. ഇതോടെ ഏതു നിമിഷവും പിടിക്കപ്പെടും എന്ന കാര്യം ഉറപ്പായതോടെ നൂറിലേറെ മലയാളി വിദ്യാർത്ഥി വിസക്കാർ സ്റ്റോക് ഓൺ ട്രെന്റ് ഉപേക്ഷിച്ചതായി വിവരം ലഭിച്ചു. ഹോം ഓഫിസിന്റെ നിരീക്ഷണത്തിലാണ് തങ്ങളെന്ന് അറിയാവുന്നതിനാൽ എല്ലാവരും ഫോൺ ഉപേക്ഷിച്ചും തിരക്കിട്ടു അഡ്രസ്സ് മാറ്റിയും നിയമത്തിന്റെ കണ്ണിൽ നിന്നും രക്ഷപെടാനുള്ള ശ്രമത്തിലാണ്. 

നികുതി വെട്ടിപ്പ് നടത്തുന്ന വലക്കണ്ണികൾ പൊട്ടിക്കാൻ ഉറച്ചു തന്നെ ഹോം ഓഫീസ്

അനുവദനീയമായ ആഴ്ചയിലെ 20 മണിക്കൂർ ജോലിക്ക് പകരം വിശ്രമം ഇല്ലാതെ ആറും ഏഴും ദിവസം ജോലി ചെയ്തു യൂണിവേഴ്സിറ്റി ക്ലാസുകളിൽ എത്തിയില്ല എന്നതാണ് വിദ്യാർത്ഥികൾ നേരിടുന്ന കുറ്റം. ഇതോടൊപ്പം പണം കയ്യിൽ വാങ്ങി ബ്രിട്ടീഷ് നികുതി വകുപ്പിനെ വഞ്ചിക്കാൻ ശ്രമിച്ചതിനും നടപടി നേരിടണം. ഇക്കഴിഞ്ഞ ഡിസംബർ മുതൽ യുകെയിൽ പലയിടത്തായി വിദ്യാർത്ഥികൾ അറസ്റ്റിൽ ആയിരുന്നെങ്കിലും ഒറ്റപ്പെട്ട സംഭവം എന്ന നിലയിൽ അവർക്കൊക്കെ ജാമ്യം ലഭിച്ചിരുന്നെങ്കിലും വലിയൊരു കണ്ണിയുടെ ഭാഗമാണ് ഓരോ വിദ്യാർത്ഥിയും എന്ന് പൊലീസ് മനസ്സിലാക്കിയതോടെ ദാക്ഷിണ്യം കൂടാതെ പിടിയിലാകുന്ന ഉടൻ കേരളത്തിലേക്ക് നാട് കടത്താനുള്ള നീക്കമാണ് അധികൃതർ ഇപ്പോൾ സ്വീകരിച്ചിരിക്കുന്നത്. 

പിടിയിലായ മിക്ക വിദ്യാർത്ഥികളും ആദ്യ സെമസ്റ്റർ ഫീസ് മാത്രമടച്ചു ബാക്കി പണം യുകെയിൽ വന്നു ജോലി ചെയ്തു യൂണിവേഴ്സിറ്റിക്ക് നൽകാം എന്ന റിക്രൂട്ടിങ് ഏജൻസികളുടെ പഞ്ചാര വാക്കിൽ വീണു പോയവരാണ്. ബന്ധുക്കളോ അയൽവാസികളോ ആയ യുകെ മലയാളികൾ നൽകിയ മുന്നറിയിപ്പുകൾ കണക്കിലെടുക്കാതെ എത്തിയവരാണ് കഴിഞ്ഞ ഏതാനും വർഷമായി എത്തികൊണ്ടിരിക്കുന്ന മിക്ക വിദ്യാർത്ഥികളും. എന്നാൽ കോവിഡ് പശ്ചാത്തലത്തിൽ കഴിഞ്ഞ രണ്ടു വർഷം ഇതിനെതിരെ മൗനം പാലിച്ച ബോർഡർ ഫോഴ്‌സ് കഴിഞ്ഞ ആറുമാസമായി നിതാന്ത ജാഗ്രതയിലാണ്. ഇതോടെ അടുത്ത സെപ്റ്റംബർ, ജനുവരി അഡ്‌മിഷൻ തേടിയെത്തുന്ന വിദ്യാർത്ഥികൾ അധിക സമയം ജോലി ചെയ്താൽ കയ്യോടെ പിടിക്കപ്പെടും എന്ന സൂചനയാണ് ലഭിക്കുന്നത്. 

വിദ്യാർത്ഥിയുടെ ആത്മഹത്യയിൽ കണ്ണ് തുറക്കാൻ തയ്യാറായി നോർക്കയും

മിക്കവാറും യുകെ യൂണിവേഴ്സിറ്റികൾ ഒരു വർഷത്തെ കോഴ്സിന് 15 മുതൽ 20 ലക്ഷം വരെ ഫീസ് ഈടാക്കുമ്പോൾ മൂന്നോ നാലോ ലക്ഷം രൂപ മാത്രം കയ്യിലുള്ള ആയിരക്കണക്കിന് മലയാളി വിദ്യാർത്ഥികളാണ് ഭാവി തേടി എത്തിക്കോണ്ടിരിക്കുന്നത്. എന്നാൽ സ്വന്തം ഭാവിയിൽ കല്ല് വാരിയിടുന്ന പരിപാടിക്കാണ് ഇറങ്ങി തിരിക്കുന്നതെന്നു ഇവർ തിരിച്ചറിയുന്നത് യുകെയിൽ എത്തിയതിനു ശേഷമാണ്. ഇക്കാര്യത്തിൽ നടപടി സ്വീകരിക്കേണ്ട നോർക്കയും കേരള സർക്കാരും മൂക്കിന് തുമ്പിൽ നടക്കുന്ന കാര്യങ്ങൾക്ക് നേരെ മണ്ണിൽ തല പൂഴ്‌ത്തിയ ഒട്ടകപ്പക്ഷിയുടെ നയം പിന്തുടരുന്നത് കടുത്ത പ്രതിഷേധം ഉയർത്തിയിരിക്കുയാണ്. 

ജോലി ലഭിക്കാതെയും സാമ്പത്തിക പ്രയാസം നേരിട്ടും ഒരു മലയാളി വിദ്യാർത്ഥി ഹാഡഴ്സ്ഫീൽഡ് യൂണിവേഴ്സിറ്റിയിൽ ജീവനൊടുക്കിയതോടെ മുഖ്യമന്ത്രിയുടെ ഓഫിസിലും നോർക്കയിലും പരാതി എത്തിയ സാഹചര്യത്തിൽ യുകെയിൽ വിദ്യാർത്ഥികൾ നേരിടുന്ന പ്രയാസങ്ങൾ മനസിലാക്കാൻ ഓൺ ലൈൻ യോഗത്തിനു തയ്യാറായിരിക്കുകയാണ് നോർക്ക. 

യുകെയിൽ വിദ്യാർത്ഥികളെ എത്തിക്കാൻ കേരളത്തിൽ റിക്രൂട്ടിങ് ഏജൻസികളും യുകെയിൽ എത്തിയ വിദ്യാർത്ഥികളെ വഴിവിട്ട് ജോലി ചെയ്യാൻ യുകെ മലയാളികളാക്കിടയിലെ നഴ്സിങ് ഏജൻസികളും നടത്തുന്ന മത്സരത്തിൽ ജീവിതം കൈവിട്ടു പോകുന്നത് വിദ്യാർത്ഥികൾക്ക് മാത്രമാണ്. 

എന്നാൽ ഇക്കാര്യത്തിൽ ഒരക്ഷരം പ്രതികരിക്കാൻ തയ്യാറാകാത്ത യുകെ മലയാളി സംഘടനകളുടെ നിലപാടും സംശയാസ്പദമായി തീരുകയാണ്. ഇക്കാര്യങ്ങൾ വിശദമായി സർക്കാരിന് മുന്നിൽ എത്തിച്ചു ബ്രിട്ടനും ഇന്ത്യയും തമ്മിലുള്ള വിദ്യാർത്ഥി വിസ കരാറിൽ എടുത്തു പറയുന്ന ''ബ്രൈറ്റ് ആൻഡ് ബ്രില്ലിയന്റ്'' വിഭാഗത്തിൽ പെട്ട വിദ്യാർത്ഥികൾ മാത്രം യുകെയിൽ എത്തുക എന്നതാണ് നിലവിലെ പ്രശ്‌നങ്ങൾക്ക് പരിഹാരം എന്ന് കേന്ദ്ര, കേരള സർക്കാരുകളെ ഓർമ്മപ്പെടുത്താനുള്ള ശ്രമവും സജീവമായിട്ടുണ്ട്. 

തൃശൂരിൽ പൂട്ട് വീണു, രണ്ട് പേർ റിമാൻഡിൽ, പൊലീസ് പുറത്തു വിടുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ

അതിനിടെ കേരളത്തിൽ കൂണ് പോലെ മുളച്ചു പൊങ്ങിയ ആയിരക്കണക്കിന് വിദ്യാർത്ഥി റിക്രൂട്‌മെന്റ് ഏജന്‌സികളിൽ ഒന്നിന് തൃശൂരിലെ ഇരിഞ്ഞാലക്കുടയിൽ പൂട്ട് വീണതോടെ കയ്യിൽ പണം ഇല്ലാതാകുന്ന ആർക്കും തുടങ്ങാവുന്ന ബിസിനസ് ഫോർമുലയായി ഈ രംഗം മാറിയിരിക്കുന്നു എന്ന ഞെട്ടിക്കുന്ന വെളിപ്പെടുത്തലാണ് കേരള പൊലീസ് നടത്തുന്നത്. ഇരിഞ്ഞാലക്കുട ബസ് സ്റ്റാൻഡിനു സമീപം എമിഗ്രോ സ്റ്റഡി എബ്രോഡ് എന്ന പേരിൽ മുഖ്യമായും യുകെ, കാനഡ എന്നിവിടങ്ങളിൽ പോകാനാഗ്രഹിക്കുന്ന വിദ്യാർത്ഥികളെയും ചെറുപ്പക്കാരെയും വല വീശിയാണ് സൂപ്പർ മാർക്കറ്റിൽ പണമെറിഞ്ഞു കടക്കെണിയിലായ തട്ടിപ്പുകാർ കോടികൾ കൊയ്തത്. 

ബിസിനസ്സിൽ തകർച്ച നേരിട്ടപ്പോൾ വേഗത്തിൽ പണം കയ്യിലെത്താനുള്ള വഴി വിദേശ റിക്രൂട്‌മെന്റ് ആണെന്ന് മനസിലാക്കിയെന്നു പ്രതികൾ പൊലീസിനോട് വെളിപ്പെടുത്തിയത് ഈ രംഗത്ത് ആർക്കും പ്രവർത്തിക്കാൻ കേരളത്തിൽ കഴിയും എന്നതിന്റെ സൂചന കൂടിയായി. അവർക്കാവശ്യമായ ലൈസൻസോ പ്രവർത്തി പരിചയമോ ഒന്നും ആവശ്യം ഇല്ലെന്നു കൂടി സൂചിപ്പിക്കുന്ന തരത്തിൽ പഞ്ചായത്ത് പ്രദേശങ്ങളിൽ പോലും വ്യാപകമാകുകയാണ് ഇത്തരം വ്യാജ ഏജൻസികൾ. ചെറിയ പണം നൽകി പ്രമുഖ പത്രങ്ങളിൽ ക്ലാസിഫൈഡ്ഡ് പരസ്യം നൽകിയാൽ പിറ്റേന്ന് മുതൽ തട്ടിക്കൂട്ട് ഓഫിസിനു മുന്നിൽ വിദ്യാർത്ഥികളും ചെറുപ്പക്കാരും യുകെ മോഹവുമായി ക്യൂ നിൽക്കും എന്നതാണ് ഇപ്പോൾ കേരളം കാണുന്ന കാഴ്ച.

കാനഡയ്ക്കും യുകെയ്ക്കും പോകാനായി രണ്ടു മുതൽ 13 ലക്ഷം രൂപ വരെയാണ് ഈ സ്ഥാപനം അനേകം പേരിൽ നിന്നും സമാഹരിച്ചത്. കുന്നംകുളം സ്വദേശി കിടങ്ങാൻ വീട്ടിൽ മിജോ 33, ഇരിഞ്ഞാലക്കുട ചക്കാലയ്ക്കൽ സുമേഷ് ആന്റണി 39 എന്നിവരെയാണ് ഇരിഞ്ഞാലക്കുട ഡിവൈസ്പി ബാബു കെ തോമസ് അറസ്റ്റ് ചെയ്തത്. പണം നൽകിയവർ തങ്ങളുടെ കാര്യം നടക്കില്ലെന്നു ബോധ്യമായി എമിഗ്രോ ഓഫിസിൽ എത്തി ബഹളം വച്ചതോടെയാണ് പൊലീസ് ഇടപെടാൻ തയ്യാറായത്. എൺപതോളം പേരിൽ നിന്നായി നാല് കോടി രൂപയാണ് ഇവർ സ്വന്തമാക്കിയത്. കൂട്ട് പ്രതിയായി മാറിയിരിക്കുന്ന മലപ്പുറം എടപ്പാൾ സ്വദേശി മുഹമ്മദ് ആസിഫ് കൂടി പൊലീസ് പിടിയിലാകുന്നതോടെ തട്ടിപ്പിന്റെ വ്യാപ്തി കൂടുമെന്ന് ഉറപ്പായിരിക്കുകയാണ്. ഇയാൾ ഒളിവിൽ ആണെന്നാണ് പൊലീസ് വക്തമാക്കുന്നത്. അതേസമയം ഇയാൾ വിദേശത്തു എത്തിയതായും പറയപ്പെടുന്നു. 

പണം നൽകി ഉടൻ യുകെയിൽ എത്താമെന്ന വിശ്വാസത്തിൽ ജോലി വരെ നഷ്ടപ്പെടുത്തിയവരാണ് അധികവും. പണം പിടിച്ചെടുക്കാൻ വേറെ മാർഗം ഇല്ലെന്നു കണ്ടു പ്രതികളെ കണ്ടെത്താനായി പലരും ആഴ്ചകളായി ഇരിഞ്ഞാലക്കുടയിൽ താമസിക്കുക ആയിരുന്നു. മാധ്യമങ്ങളിൽ നൽകിയ പരസ്യത്തിന്റെ പിൻബലത്തിൽ സോഷ്യൽ മീഡിയ വഴിയും ഉദ്യോഗാർഥികളെയും വിദ്യാർത്ഥികളെയും കണ്ടെത്താൻ തട്ടിപ്പ് സംഘത്തിന് കഴിഞ്ഞിരുന്നു. പിടിക്കപെട്ടാലും കാര്യമായ ശിക്ഷ ലഭിക്കാതെ ഇത്തരം കേസുകളിൽ പ്രതികളാകുന്നവർ രക്ഷപ്പെടുന്നതിനാൽ ഇത്തരം തട്ടിപ്പുകൾ തുടർക്കഥകളായി മാറുകയാണ് എന്ന ആക്ഷേപവും ശക്തമാണെങ്കിലും ഇക്കാര്യത്തിൽ സർക്കാർ ക്രിയാത്മകമായി ഇടപെടാൻ തയ്യാറാകാത്തതും തട്ടിപ്പുകൾ ആവർത്തിക്കാൻ പ്രധാന ഘടകമായി മാറുന്നുണ്ട്.