കുവൈത്ത് സിറ്റി: രാജ്യത്ത് ഏതാനും വർഷങ്ങളായി നിർത്തിവച്ച വിദേശ രാജ്യങ്ങളിൽനിന്നുള്ള തൊഴിലാളി റിക്രൂട്ട്‌മെന്റ്  ജനുവരി മുതൽ പുനരാരംഭിക്കുമെന്ന് തൊഴിൽകാര്യ മന്ത്രാലയം വ്യക്തമാക്കി. വിദേശ റിക്രൂട്ട്‌മെന്റ് പുനരാരംഭിക്കുന്നതിന് മുന്നോടിയായി അതുമായി ബന്ധപ്പെട്ട കാര്യങ്ങൾ പഠിച്ച്, വേണ്ട നിർദേശങ്ങൾ സമർപ്പിക്കാൻ ആറു പ്രത്യേകം സമിതികളെ ചുമതലപ്പെടുത്തിയതായും മന്ത്രാലയം അറിയിച്ചു.
 
അതേസമയം, 2015 ജനുവരി മുതൽ വിദേശങ്ങളിൽനിന്നുള്ള പൊതു റിക്രൂട്ട്‌മെന്റ് ആരംഭിക്കുന്നമുറക്ക് സന്ദർശക വിസയിലുള്ളവരെ തൊഴിൽ വിസയിലേക്ക് മാറാൻ അനുവദിക്കുന്നതല്ലെന്നും അധികൃതർ വ്യക്തമാക്കി.തൊഴിൽ വിപണിയിലെ ആവശ്യം പരിഗണിച്ച് കമേഴ്‌സ്യൽ വിസിറ്റിങ്ങിലത്തെിയവർക്ക് തൊഴിൽ വിസകളിലേക്ക് മാറാൻ രാജ്യത്ത് അനുമതി നൽകിയിരുന്നു. കഴിഞ്ഞ ഫെബ്രുവരി മുതൽ ഏപ്രിൽവരെയാണ് ഈ അനുവാദം അവസാനമായി രാജ്യത്ത് പ്രാബല്യത്തിലുണ്ടായിരുന്നത്.

സ്വകാര്യ, സർക്കാർ മേഖലകളിലേക്ക് വ്യാപകമായ അർഥത്തിൽ തൊഴിലാളികളെ കൊണ്ടുവരുന്നതിനുള്ള അനുവാദമാണ് ജനുവരി മുതൽ പുനഃസ്ഥാപിക്കുന്നത്. സിവിൽ ഇൻഫർമേഷൻ ഡിപ്പാർട്‌മെന്റ്, ആഭ്യന്തര മന്ത്രാലയം, മാൻപവർ അഥോറിറ്റി എന്നിവയിൽനിന്നുള്ള പ്രതിനിധികളടങ്ങുന്ന സമിതിയെയാണ് ഇതിന്റെ പഠനത്തിനായി ചുമതലപ്പെടുത്തിയിരിക്കുന്നത്

ഇപ്പോൾ പ്രാബല്യത്തിലുള്ള ഗാർഹിക തൊഴിലാളികൾക്ക് 18ാം നമ്പർ തൊഴിൽ വിസയിലേക്ക് മാറാനുള്ള അനുവാദം ഈ മാസം 17ന് അവസാനിക്കുകയാണെന്നും അധികൃതർ കൂട്ടിച്ചേർത്തു.. ഗാർഹിക, കാർഷിക, മത്സ്യബന്ധന മേഖലകളിലെ ജോലിക്കാർക്കും ആടുകളെ മേക്കുന്ന ജോലികളിലേർപ്പെട്ടവർക്കും സമാനമായ മേഖലകളിലേക്ക് മാത്രമായിരിക്കും ഇനി വിസ മാറ്റം അനുവദിക്കുക.

നേരത്തേ, ഇത്തരം വിസകളിലത്തെിയവരെ നിശ്ചിത വർഷം കഴിഞ്ഞാൽ തൊഴിൽ വിസകളിലേക്ക് മാറാൻ അനുവദിച്ചിരുന്നു. അതിനിടെ, പ്രത്യേക ആവശ്യം പരിഗണിച്ച് കമേഴ്‌സ്യൽ സന്ദർശകരെ സർക്കാർ മേഖലയിലേക്ക് മാത്രം പരിഗണിക്കുന്നത് തുടരുമെന്ന സൂചനയും ജമാൽ അൽദൂസരി വെളിപ്പെടുത്തി.